കാർഷിക മേഖലയിൽ സർക്കാരിന്റെ സത്വര ശ്രദ്ധ പതിയണം: മാർ ആലഞ്ചേരി
കാക്കനാട്: കർഷക മേഖലയോടും കർഷകരോടും സർക്കാർ പുലർത്തുന്ന അനാസ്ഥയും വിവേചനവും അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. പകലന്തിയോളം പണിയയെടുത്തിട്ടും കർഷകർ കൊടിയ ദാരിദ്ര്യത്തിന് ഇരകളായിത്തീരുന്ന ദയനീയാവസ്ഥ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് അപലപനീയമാണ്.
റബർ ഉൾപ്പടെയുള്ള കാർഷിക വിളകളുടെ വിലയിടിവ് കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുകയാണ്. കർഷകൻ ഉൽപാദിപ്പിക്കുന്ന സർവ്വ സാധനങ്ങളുടെയും വില ഇത്രമേൽ ഇടിഞ്ഞ് കർഷക ജീവിതം ദുസ്സഹമായ സമകാലിക അനുഭവം സമാനതകളില്ലാത്തതാണ്. കാർഷിക വിളകൾക്ക് താങ്ങുവില നിശ്ചയിച്ച് വിലസ്ഥിരത ഉറപ്പുവരുത്താൻ സഹായകമായ നടപടികൾ സർക്കാർ സത്വരമായി കൈക്കൊള്ളണം. റബറിന് 200 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിച്ച് കർഷകരെ സഹായിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമായ ആവശ്യമാണ്.
വിലത്തകർച്ച മൂലം കാർഷിക കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാത്ത ഗതികേടിലാണ് പാവപ്പെട്ട കർഷകർ. പലിശയും പിഴപ്പലിശയുമായി കർഷകന്റെ കടബാധ്യതകൾ പെരുകുകയാണ്. ജപ്തി ഭീഷണിയിലായ കർഷകർ ആത്മഹത്യയ്ക്കുപോലും പ്രേരിതരാകുന്നു. കടബാധ്യതകൾക്ക് ഏതാനും മാസത്തെ മോറട്ടോറിയമല്ല കടങ്ങൾ എഴുതിത്തള്ളാനുള്ള ആർജ്ജവത്വമാണ് സർക്കാർ കാണിക്കേണ്ടത്. കാലവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും അവിചാരിതമായ വിലത്തകർച്ചകളുംവഴി കർഷകർ ദുരിതത്തിലാകുന്ന സന്ദർഭങ്ങളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളാനുള്ള സ്ഥിരം നിയമസംവിധാനം ആവശ്യമാണ്. കർഷക ആത്മഹത്യകളുടെ എണ്ണം വർദ്ധിക്കാതിരിക്കാൻ ഇക്കാര്യത്തിൽ സർക്കാർ സത്വരമായ ഇടപെടൽ നടത്തണം.
കൃഷിഭൂമികൾ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രങ്ങളാകുന്ന സാഹചര്യവുമുണ്ട്. അധ്വാനിച്ചുണ്ടാക്കിയവയത്രെയും ഒരു രാത്രികൊണ്ട് വന്യമൃഗങ്ങൾ നശിപ്പിക്കുന്ന സങ്കടക്കാഴ്ചയിൽ കർഷകർ മനസ്സു മരവിച്ചു കഴിയുകയാണ്. വന്യമൃഗങ്ങളെ വനാതിർത്തിക്കുള്ളിൽ ഒതുക്കി നിർത്താൻ സഹായകമായ ആനമതിൽ, സോളാർ ഫെൻസിംഗ് തുടങ്ങിയ മാർഗ്ഗങ്ങൾ സർക്കാർ നടപ്പിലാക്കണം. സ്വന്തം കൃഷിഭൂമിയിൽ കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.
പരിസ്ഥിതിലോല പ്രദേശങ്ങൾ എന്ന് ശാസ്ത്രീയമായി നിർണ്ണയിക്കപ്പെട്ട പ്രദേശങ്ങൾ ഒഴിവാക്കി കൃഷി ചെയ്യാവുന്ന ഭൂപ്രദേശം വ്യക്തമായി നിർദ്ദേശിക്കാൻ സർക്കാരിനു കഴിയണം. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. എന്നാൽ, നിക്ഷിപ്ത താൽപര്യങ്ങളുള്ള പരിസ്ഥിതിവാദികളുടെ നിലപാടുകൾക്ക് കർഷകർ ബലിയാടുകളാക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഹൈറേഞ്ചിൽ പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന കർഷകർക്ക് പട്ടയം നല്കാൻ സർക്കാർ കാണിക്കുന്ന അലംഭാവം കുറ്റകരമാണ്. ഹൈറേഞ്ചിലെ നിർമ്മാണ നിരോധന നീക്കങ്ങളെ കർഷകജനതയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ.
കാർഷിക മേഖലയുടെ നിലനിൽപ്പ് മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന സത്യം സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തിരിച്ചറിയണം. കാർഷിക ജോലികളെ ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകിട കർഷകരുടെ പട്ടിണി മാറ്റാൻ സർക്കാരുകൾ മനസ്സുവച്ചാൽ സാധിക്കും. 65 വയസ്സിനു മുകളിൽ പ്രായമുള്ള കർഷകർക്ക് പ്രതിമാസം 8000 രൂപയെങ്കിലും പെൻഷൻ നൽകാൻ കഴിഞ്ഞെങ്കിൽ മാത്രമേ കർഷകർക്ക് സാമൂഹ്യനീതി ഉറപ്പു വരുത്താൻ കഴിയുകയുള്ളൂ. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുംവരെ ജാതി,മത, രാഷ്ട്രീയ വ്യത്യാസങ്ങൾ കൂടാതെ കർഷകർ ഒറ്റക്കെട്ടായി സംഘടിച്ച് മുന്നോട്ടു വരണം. കത്തോലിക്ക കോൺഗ്രസ് പോലെയുള്ള സാമൂഹ്യസംഘടനകൾ ഈ രംഗത്ത് കൂടുതൽ സജീവമാകണം. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഭയുടെ മുഴുവൻ പിന്തുണയും ഉണ്ടാകുമെന്ന് മേജർ ആർച്ചുബിഷപ്പ് പ്രസ്താവിച്ചു.