പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടേണ്ടത് ക്രിസ്തീയ അരൂപിയിലെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കൊച്ചി: ഭൂമിയിടപാടിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ പൊതുനന്മയല്ലാതെ അതിരൂപതയ്ക്കു നഷ്ടംവരുത്തുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനമധ്യേ വായിച്ച സർക്കുലറിലാണു കർദിനാൾ ഇക്കാര്യം വ്യക്തമാക്കുന്നത്.
അതിരൂപതയിലെ രണ്ടു സഹായമെത്രാന്മാരെ സ്ഥാനത്തുനിന്നു മാറ്റിനിർത്തിയ തീരുമാനം തന്റേതല്ലെന്നും മാർപാപ്പയുടേതാണെന്നും കർദിനാൾ സർക്കുലറിൽ പറയുന്നു. അതിരൂപതയിലുണ്ടായ പ്രശ്നങ്ങളെയും വിഭാഗിയതകളെയും കുറിച്ചു വിവിധതലങ്ങളിൽനിന്നും സ്രോതസുകളിലുംനിന്നും ലഭിച്ച റിപ്പോർട്ടുകളുടെയും വത്തിക്കാൻ നടത്തിയ ചില അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കാം ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.
വൈദികർ സഭാനിയമങ്ങൾക്കും സഭാസംവിധാനങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ അവയ്ക്കു നേതൃത്വം കൊടുക്കുകയോ ചെയ്യരുത്. സഭാവിശ്വാസികൾ ഈ വിഭാഗിയതകൾക്കെതിരേ ജാഗ്രത പുലർത്തണം. സഭയുടെ നടപടിക്രമങ്ങൾ അനുസരിച്ചു പ്രത്യേക ഭരണാധികാരങ്ങളോടു കൂടിയ ഒരു മെത്രാനെ നിയമിച്ച് അതിരൂപതയുടെ വളർച്ചയും അജപാലനഭദ്രതയും ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുന്നു.
സർക്കുലറിന്റെ പൂർണരൂപം
2019 ജൂണ്‍ 27നു നമ്മുടെ അതിരൂപതയെ സംബന്ധിക്കുന്ന ചില സുപ്രധാനമായ തീരുമാനങ്ങൾ പരിശുദ്ധ സിംഹാസനത്തിൽനിന്നു ലഭിച്ച വിവരം നിങ്ങൾക്കെല്ലാവർക്കും അറിവുള്ളതാണല്ലോ. കഴിഞ്ഞ രണ്ടു വർഷമായി നമ്മുടെ അതിരൂപതയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തീയ ചൈതന്യത്തിനു നിരക്കാത്തതും സഭയുടെ അച്ചടക്കത്തിനു ചേരാത്തതുമായ ചില സംഭവവികാസങ്ങൾ നമ്മെയെല്ലാം ഒത്തിരി വേദനിപ്പിക്കുന്നുണ്ടല്ലോ. അതിരൂപതയിൽ നടന്ന ഭൂമി വില്പനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈ പ്രശ്നങ്ങളിലേക്കു വഴിതെളിച്ചത്. ഏതൊരു പ്രശ്നത്തിനും ക്രിസ്തീയ അരൂപിയിലുള്ള പരിഹാരമാർഗങ്ങളാണു ക്രിസ്തുശിഷ്യരായ നാം സ്വീകരിക്കേണ്ടത്. ലോകത്തിന്റെ രീതിയിലുള്ള പ്രവർത്തനങ്ങളും പ്രതിഷേധങ്ങളും ഒന്നിനും പരിഹാരമാവുകയില്ല.
ഈ പ്രശ്നങ്ങളോടെല്ലാം തുറന്ന മനോഭാവമാണ് അതിരൂപത അധ്യക്ഷനെന്ന നിലയിൽ എന്നും ഞാൻ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണു വൈദികസമിതിയിൽ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആശങ്കകൾ അവതരിപ്പിക്കപ്പെട്ടപ്പോൾ അതു പഠിക്കാനായി വൈദികരുടെതന്നെ ഒരു കമ്മിറ്റിയെ നിയമിച്ചത്. അതിനുശേഷവും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ വന്നപ്പോൾ സിനഡിന്റെ നിർദേശപ്രകാരം ആവശ്യമായ അധികാരങ്ങൾ നൽകി അതിരൂപതയുടെ സാധാരണനിലയിലുള്ള ഭരണം സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ ഏല്പിക്കുകയുണ്ടായി.
പ്രശ്നങ്ങൾ എന്നിട്ടും പരിഹരിക്കപ്പെടാതെ വന്ന സാഹചര്യത്തിലാണു റോമിൽനിന്നു മാർ ജേക്കബ് മനത്തോടത്ത് പിതാവിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയി മാർപാപ്പ നിയമിച്ചത്. പ്രശ്നപരിഹാരത്തിനുവേണ്ടി റോമിന്റെ നിർദേശമനുസരിച്ചു മാർ ജേക്കബ് മനത്തോടത്ത് പിതാവ് നിയമിച്ച ഇഞ്ചോടി കമ്മീഷനോട് ഞാൻ പൂർണമായി സഹകരിക്കുകയും വസ്തുവില്പനയുമായി ബന്ധപ്പെട്ടു സംഭവിച്ച കാര്യങ്ങളെല്ലാം അവരോടു തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
സ്ഥലം വില്പനയുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണകൾ പ്രചരിച്ചിട്ടുണ്ടെന്നു നമുക്കറിയാം. അതെല്ലാം ഈ സർക്കുലറിൽ വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഒരുകാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഭൂമിയിടപാടിൽ അതിരൂപതയുടെ പൊതുനന്മയല്ലാതെ അതിരൂപതയ്ക്കു നഷ്ടം വരുത്തുന്ന ഒരു നടപടിയും ഞാൻ സ്വീകരിച്ചിട്ടില്ലെന്ന് എന്റെ മനഃസാക്ഷിയനുസരിച്ച് എനിക്കു പറയാൻ സാധിക്കും. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിച്ചിട്ടുണ്ടല്ലോ. ഓഗസ്റ്റ് മാസം നടക്കുന്ന സിനഡിൽ ഈ റിപ്പോർട്ടിലെ നിർദേശങ്ങൾ പഠനവിഷയമാക്കുന്നതാണ്.
2019 ജൂണ്‍ 27നു പരിശുദ്ധ സിംഹാസനത്തിൽനിന്നു നൽകപ്പെട്ട കല്പനയിലൂടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ശുശ്രൂഷ സമാപിച്ചതും നമ്മുടെ അതിരൂപതയിലെ രണ്ടു സഹായമെത്രാന്മാരെയും അതിരൂപതയുടെ സഹായമെത്രാൻ സ്ഥാനത്തുനിന്നു മാറ്റിനിർത്തിയതുമായ തീരുമാനങ്ങൾ അതേപടി സ്വീകരിക്കുന്നതിനു പലർക്കും പ്രയാസമുള്ളതായി മനസിലാക്കുന്നു. ഈ തീരുമാനം എന്റെ തീരുമാനമായാണു പലരും വ്യാഖ്യാനിക്കുന്നത്. എന്നാൽ, ഇത് എന്റെ തീരുമാനമല്ല, മറിച്ച്, പരിശുദ്ധ പിതാവിന്റെ നേരിട്ടുള്ള തീരുമാനമാണെന്ന കാര്യം എല്ലാവരും മനസിലാക്കണം.
പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനത്തിനുള്ള കാരണങ്ങൾ എന്താണെന്ന് എന്നെ അറിയിച്ചിട്ടില്ല.എങ്കിലും, ഇതേക്കുറിച്ചു ഞാൻ മനസിലാക്കുന്നതു നമ്മുടെ അതിരൂപതയിലുണ്ടായ പ്രശ്നങ്ങളെയും വിഭാഗിയതകളെയും കുറിച്ചു വിവിധതലങ്ങളിലും സ്രോതസുകളിലുംനിന്നും ലഭിച്ച റിപ്പോർട്ടുകളുടെയും വത്തിക്കാൻ നടത്തിയ ചില അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കാം ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നാണ്.
പരിശുദ്ധപിതാവിന്റെ തീരുമാനങ്ങളെക്കുറിച്ചു പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചു ദൈവജനത്തെ വിഭാഗിയതയിലേക്കു നയിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നതു വേദനാജനകമായ ഒരു വസ്തുതയാണ്. ഈ അവസരത്തിൽ, സഭാവിശ്വാസികൾ എല്ലാവരും ഈ വിഭാഗിയതകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് അതിരൂപതയുടെ അധ്യക്ഷൻ എന്ന നിലയിൽ ഞാൻ അഭ്യർഥിക്കുന്നു. ഒരു വിധത്തിലും സഭാവിരുദ്ധ പ്രവർത്തനങ്ങളോടു സഭാമക്കളായ ആരും സഹകരിക്കുകയോ അവയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്.
യേശുവിന്റെ പ്രബോധനങ്ങൾക്കു വിരുദ്ധമായുള്ള പ്രശ്നപരിഹാരമാർഗങ്ങളൊന്നും ക്രൈസ്തവമല്ല. അതിനാൽ, യേശുവിന്റെ സ്നേഹത്തിന്റെയും ക്ഷമയുടെയും അനുസരണത്തിന്റെയും പ്രബോധനങ്ങൾ മുറുകെപ്പിടിച്ചു പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താൻ എല്ലാ വൈദികരും സന്യസ്തരും വിശ്വാസികളും ഒരുമിച്ചുനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യണം. സഭയിലെ അഭിഷിക്തരായ വൈദികർ ഏതു പ്രതികൂലസാഹചര്യങ്ങളിലും ഉദാത്തമായ ക്രൈസ്തവ ജീവിതമാതൃക നൽകാൻ വിളിക്കപ്പെട്ടവരാണ്. അതിനാൽ, തങ്ങൾക്കു നൽകപ്പെട്ടിരിക്കുന്ന അജപാലന അധികാരം ഉപയോഗപ്പെടുത്തി സഭാനിയമങ്ങൾക്കും സഭാസംവിധാനങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ അവയ്ക്കു നേതൃത്വംകൊടുക്കുകയോ ചെയ്യരുതെന്നു വൈദികരെ സ്നേഹപൂർവം ഓർമിപ്പിക്കുന്നു.
അതിരൂപതയുടെ അജപാലനപരമായ നടത്തിപ്പിനു സഹായകമായ തീരുമാനങ്ങൾ അടുത്ത സിനഡിൽ ചർച്ചയ്ക്കെടുക്കുന്നതാണ്. തീർച്ചയായും നമ്മുടെ അതിരൂപതയ്ക്കു നന്മയായ തീരുമാനങ്ങൾ ഉണ്ടാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. പരിശുദ്ധ സിംഹാസനം നിർദേശിക്കുന്നതനുസരിച്ചു സഭയുടെ സ്ഥിരം സിനഡിനോട് ആലോചിച്ച് അതിരൂപതാഭരണം നടത്തുവാൻ ഞാൻ ആരംഭിച്ചുകഴിഞ്ഞു. ക്രമേണ സഭയുടെ നടപടിക്രമങ്ങൾക്കനുസരിച്ചു പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ ഒരു മെത്രാനെ നിയമിച്ച് അതിരൂപതയുടെ വളർച്ചയും അജപാലന ഭദ്രതയും ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്.
അതിനാൽ, അതിരൂപതയുടെ ഭാവിപ്രവർത്തനങ്ങളിലേക്കു ശ്രദ്ധതിരിച്ചു നമുക്ക് ഒന്നുചേർന്നു മുന്നോട്ടു പോകാം. ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന നമ്മുടെ അതിരൂപതയിൽ സ്നേഹവും കൂട്ടായ്മയും വർധമാനമാക്കുവാൻ നമുക്കു പരിശ്രമിക്കാം. സമാധാനത്തിന്റെ ആത്മാവ് നമ്മുടെ മനസുകളെയും ഹൃദയങ്ങളെയും ഭരിക്കട്ടെ. തിരുഹൃദയനാഥന്റെ കാരുണ്യവും കൃപയും നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.