പാഠപുസ്തകങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം വേണം: മാർ ആലഞ്ചേരി
കൊച്ചി: വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളിൽ ലഹരിവിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന പാഠങ്ങൾ ഉൾപ്പെടുത്തണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും എറണാകുളം-അങ്കമാലി അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരായ കർമപദ്ധതികളിൽ സർക്കാർ അലംഭാവം കാണിക്കരുത്. കേരളത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്തെന്ന നിലയിൽ ലഹരിക്കെതിരേയുള്ള സർക്കാരിന്റെ ഇടപെടൽ ശക്തമാകേണ്ടതുണ്ട്.
പുതുതലമുറ ലഹരിക്കടിമപ്പെട്ടു മയങ്ങുകയാണ്. രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്കാരിക പ്രസ്ഥാനങ്ങൾ ലഹരിക്കെതിരായ പോരാട്ടം മുഖ്യ അജണ്ടയാക്കണം. നിരന്തരമായ ബോധവത്കരണത്തോടൊപ്പം നിയമങ്ങൾ കർശനമാക്കി ലഹരിയുടെ വ്യാപനം തടയണമെന്നും മാർ ആലഞ്ചേരി അഭിപ്രായപ്പെട്ടു.
എറണാകുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഏകോപനസമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രപാലൻ മുഖ്യസന്ദേശം നൽകി. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, അനിമേറ്റർ സിസ്റ്റർ റോസ്മിൻ, അതിരൂപത ഡയറക്ടർ ഫാ. ജോർജ് നേരേവീട്ടിൽ, പ്രസിഡന്റ് കെ.എ. പൗലോസ്, ജനറൽ സെക്രട്ടറി ചാണ്ടി ജോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീന, പി.എച്ച്. ഷാജഹാൻ, ജെയിംസ് കോറമ്പേൽ, തങ്കച്ചൻ വെളിയിൽ, ഹിൽട്ടണ് ചാൾസ്, ഡോ. തങ്കം ജേക്കബ്, എം.പി. ജോസി, ഷൈബി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.