ആക്രമണങ്ങൾ സഹിച്ചും സേവനങ്ങൾ തുടരും: കർദിനാൾ മാർ ആലഞ്ചേരി
തൃശൂർ: പ്രതിബന്ധങ്ങളും ആക്രമണങ്ങളും വിമർശനങ്ങളും ഉണ്ടായാലും പരസ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും സേവനങ്ങൾ സഭ തുടരുമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
കോണ്ഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോലഴിയിലെ മരിയഭവൻ ജനറലേറ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സീറോ മലബാർ സഭയുടെ മെത്രാന്മാർ ഈയിടെ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചപ്പോൾ ഇത്തരത്തിലുള്ള സന്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. സഹനവും മരണവും പ്രേഷിത പ്രവർത്തനത്തിന്റെ അവിഭാജ്യ ഘടകമാണെന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ മറുപടി. സഹിക്കാനും മരിക്കാനും തയാറല്ലെങ്കിൽ ഈ ശുശ്രൂഷകൾക്കായി ഇറങ്ങിത്തിരിക്കേണ്ടതില്ലെന്നാണ് മാർപാപ്പ ഓർമിപ്പിച്ചത്’ – കർദിനാൾ പറഞ്ഞു. \അരക്ഷിതരായി ക്ലേശിക്കുന്ന മനുഷ്യരെ സഹായിക്കാനാണു നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന സന്ദേശംതന്നെയാണ് വർഷങ്ങൾക്കുമുമ്പ് ധന്യൻ അഗസ്റ്റിൻ ജോണ് ഉൗക്കനച്ചൻ ഉപവിയുടെ സന്യാസിനിമാരടങ്ങുന്ന ഈ സമൂഹത്തിനു നൽകിയത്. സഭയെത്തന്നെ ധന്യമാക്കുന്ന സേവനങ്ങളാണ് ഈ സന്യാസിനീസമൂഹം ലോകത്തിനു സമർപ്പിക്കുന്നത്. സ്നേഹവും ജീവകാരുണ്യ ശുശ്രൂഷകളുമില്ലാതെ എത്ര വലിയ പ്രവർത്തനം ചെയ്താലും ദൈവത്തിനു മുന്നിൽ വിലയുണ്ടാകില്ല: മാർ ആലഞ്ചേരി പറഞ്ഞു.
ഉപവിയുടെ സന്യാസിനീ സമൂഹം മൂന്നു കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തെന്ന് അധ്യക്ഷത വഹിച്ച തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി. പ്രളയക്കെടുതികൾ നേരിടാൻ കേരളത്തിലെ രൂപതകളും ഇടവകകളും സംഘടനകളും വലിയ സേവനങ്ങളാണു ചെയ്ത്. മാധ്യമങ്ങളും സർക്കാരും തമസ്കരിക്കാൻ ശ്രമിച്ചാലും ഇത്തരം സേവനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ആർച്ച്ബിഷപ് വായിച്ചു.
പ്ലാറ്റിനം ജൂബിലി പദ്ധതി സമർപ്പണവും സ്മരണിക പ്രകാശനവും നടന്നു. രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട്, സിഎംഐ പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടി സിഎംഐ, സിഎസ്സി സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ ലുസീന, ദേവമാതാ പ്രോവിൻസിന്റെ വികാർ പ്രൊവിൻഷ്യൽ ഫാ. ഡേവിസ് പനയ്ക്കൽ സിഎംഐ, തിരൂർ പള്ളി വികാരി ഫാ. ഡേവിസ് പനംകുളം, സിഎംസി നിർമല പ്രോവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ അനിജ സിഎംസി, പി.എ. മാധവൻ, കോലഴി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ഉണ്ണികൃഷ്ണൻ,ഡോ. പീറ്റർ എം. രാജ്, വി.കെ. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. വികാർ ജനറൽ സിസ്റ്റർ ഫ്ളവർലെറ്റ് സിഎസ്സി നന്ദി പറഞ്ഞു. രാവിലെ കൃതജ്ഞതാബലിക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായി. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ സഹകാർമികരായി.