അപഭ്രംശങ്ങളെ ആദർശവത്കരിക്കരുത്; പ്രതിഷേധവുമായി സന്യസ്ത നേതൃത്വം
കൊച്ചി: ക്രൈസ്തവ സന്യാസത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പൊതുസമൂഹത്തിൽ ക്രൈസ്തവ വിരുദ്ധ ശക്തികൾ മനഃപൂർവം നടത്തുന്ന ദുഷ്പ്രചാരണങ്ങളെ സന്യാസിനീ, സന്യാസ സമൂഹങ്ങളിലെ മേജർ സുപ്പീരിയർമാരുടെ സമ്മേളനം ശക്തമായി അപലപിച്ചു.
സത്യത്തെ സംരക്ഷിക്കുക എന്ന പേരിൽ വ്യാജപ്രചാരണം നടത്തുന്നതു ശരിയല്ല. ആരോപണങ്ങളുടെ വാസ്തവം പരിശോധിക്കാതെയുള്ള മാധ്യമ റിപ്പോർട്ടിംഗുകൾ മാധ്യമ ധാർമികതയ്ക്കു വിരുദ്ധമാണ്. ക്രിസ്തീയ സന്യാസത്തെ നവീകരിക്കാനെന്ന വ്യാജേന ബഹുഭൂരിപക്ഷം വരുന്ന സന്യാസിനികളുടെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും വ്രണപ്പെടുത്തുന്ന ശൈലികളും നടപടികളും മുഖ്യധാരാ മാധ്യമങ്ങൾ തന്നെ അവലംബിക്കുന്നത് തീർത്തും അപലപനീയമാണ്.
സന്യാസസമൂഹങ്ങളിൽ ആവശ്യമായി വരുന്ന അച്ചടക്ക നടപടികളുടെ സാംഗത്യവും യുക്തിയും വിശ്വാസസമൂഹത്തെ യഥോചിതം ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്ന് യോഗം നിരീക്ഷിച്ചു. കുപ്രചാരണങ്ങളെയും കുതന്ത്രങ്ങളെയും ഉപരോധിക്കാൻ യുക്തിപരവും വസ്തുനിഷ്ഠവുമായ വിശകലനങ്ങൾ നടത്തി വിശദീകരണം നൽകാൻ ചർച്ചാവേദികളും യോഗങ്ങളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഹിന്ദു, ക്രിസ്ത്യൻ സന്യാസങ്ങളെ താരതമ്യം ചെയ്ത് മതത്തിനും മതസ്ഥാപനങ്ങൾക്കുംനേരെ നവോത്ഥാനത്തിന്റെ പേരിൽ നടത്തുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ മാധ്യമവിചാരണകൾ മതസൗഹാർദത്തെ തകർക്കും.
ക്രൈസ്തവ സന്യാസത്തെ പരിഹാസ്യമാക്കുംവിധം ചില മാധ്യമങ്ങളിൽ വന്ന ലേഖനങ്ങളിൽ ക്രൈസ്തവ സന്യസ്തർക്കുള്ള പ്രതിഷേധം അധികൃതരെ അറിയിക്കാനും യോഗം തീരുമാനിച്ചതായി കെസിഎംഎസ് വൈസ് പ്രസിഡന്റ് സിസ്റ്റർ ലിറ്റിൽ ഫ്ളവർ എസ്ഐസി, സെക്രട്ടറി സിസ്റ്റർ മോഡസ്റ്റ സിറ്റിസി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.