കുടുംബങ്ങളിലേക്ക് വിളക്കുതെളിച്ച് “മധുരോർമ്മ”
കൊച്ചി: കുടുംബങ്ങളുടെ കെട്ടുറപ്പിനും മൂല്യബോധനത്തിനും നൂറ്റാണ്ടു മുന്പേ വെളിച്ചം നൽകിയ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കുടുംബദർശനങ്ങൾ കാലാതീതമാണെന്നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. കൊച്ചി ചാവറ കൾച്ചറൽ സെന്ററും തൊടുപുഴ നാദോപസനയും ചേർന്നൊരുക്കിയ “മധുരോർമ്മ’ സംഗീത ആൽബം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാവറപ്പിതാവിന്റെ “ഒരു നല്ല അപ്പന്റെ ചാവരുൾ’ ഈ കാലഘട്ടത്തിന്റെ കുടുംബബന്ധങ്ങൾക്ക് ഏറെ സഹായകരമാണെന്നും മാർ നീലങ്കാവിൽ അഭിപ്രായപ്പെട്ടു. കൈനകരിയിലെ വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹത്തിൽ നടന്ന ചടങ്ങിൽ ചാവറഭവൻ ഡയറക്ടർ റവ. ഡോ. തോമസ് കല്ലുകുളം മാർ ടോണി നീലങ്കാവിലിൽനിന്ന് ആദ്യ ആൽബം ഏറ്റുവാങ്ങി. വിവിധ അവസരങ്ങളിൽ ആലപിക്കാവുന്ന 30 ഗാനങ്ങൾ, കരോക്കെ ട്രാക്ക്, വത്തിക്കാനിൽ ചാവറ പിതാവിന്റെ നാമകരണ വേദിയിൽ ആലപിച്ച ഗാനങ്ങൾ എന്നിവ ആൽബത്തിലുണ്ട്. ഡ്രൈവർമാർ, നഴ്സുമാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, പ്രോലൈഫ്, ഡിഎഫ്സി, യുവജനസംഘടനകൾ തുടങ്ങിയവയുടെ ഗാനങ്ങളും ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗാനരചയിതാക്കളായ ഫാ. റോയി കണ്ണൻചിറ, ഫാ. റോബി കണ്ണൻചിറ, ഫാ. അനിൽ ഫിലിപ്പ്, ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ, നിർമാതാവ് ജോണ്സണ് സി. ഏബ്രഹാം, ഫാ. തോമസ് ഇരുന്പുകുത്തി, ജോസഫ് അൽഫോണ്സ് ലോപ്പസ്, റെനി തോമസ് എന്നിവർ പ്രസംഗിച്ചു. ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ, ഫാ. കുര്യാക്കോസ് പൂവകുളം, ഫാ. ആന്റണി ഉരുളിയാനിക്കൽ, ജോർജ് മാപ്രണത്തുകാരൻ എന്നിവർ സംഗീതം നൽകിയ ആൽബത്തിൽ കെസ്റ്റർ, വിൽസണ് പിറവം, മധു ബാലകൃഷ്ണൻ, അഭിജിത്ത് കൊല്ലം, ഫ്രാങ്കോ, എലിസബത്ത് രാജു എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.