സ്നേഹം വറ്റാത്ത തിരുഹൃദയം
~ ഫാ.ജിയോ കണ്ണന്‍കുളം സി.എം.ഐ ~
ഹൃദയത്തിന്‍റെ ഇടിപ്പും തുടിപ്പും ജീവനെയും ജീവിതത്തെയും നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. ഇടിപ്പു നിന്നാല്‍ ജീവന്‍ അപകടത്തിലാകുന്നതുപോലെതന്നെ, ഹൃദയത്തിന്‍റെ തുടിപ്പു നിന്നാല്‍ ജീവിതത്തിന്‍റെ -സ്വന്തം മാത്രമല്ല ചുറ്റുമുള്ളവരുടെ ജീവിതത്തിന്‍റെയും- നില പരുങ്ങളിലാകും. തുടിക്കാത്ത ഹൃദയം എന്നാല്‍, മരവിച്ച/ കല്ലുപോലെയുള്ള ഹൃദയം എന്നു തന്നെയര്‍ത്ഥം. അത്തരം ഹൃദയങ്ങള്‍ കൂട്ടിമുട്ടിയാല്‍ കല്ലുകള്‍ കൂട്ടിമുട്ടുന്നതുപോലെ പൊടിയും പൊട്ടലും ഉണ്ടാകുകതന്നെ ചെയ്യും. മുറിവിലേക്കു നയിക്കുന്ന കൂട്ടിമുട്ടലുകളാകും അത്. എന്നാല്‍, മാംസളമായ ഹൃദയങ്ങള്‍/ സ്വസ്ഥതയറിയുന്ന ഹൃദയങ്ങള്‍ കൂട്ടിമുട്ടിയാല്‍ അത് പരസ്പരം ഒതുങ്ങിക്കൊടുക്കുന്ന, മയമുള്ള, മുറിപ്പെടുത്താത്ത, പരുക്കേല്‍പ്പിക്കാത്ത കൂട്ടിമുട്ടലുകളാകും. എല്ലാ ജീവിതങ്ങളുടെയും കേന്ദ്രബിന്ദു ഹൃദയം തന്നെ. അതുകൊണ്ട് ഈ തിരുഹൃദയത്തിരുനാള്‍ നമുക്കു നല്‍കുന്ന പ്രധാന സന്ദേശവും ഇതുതന്നെ:
ജീവിക്കുകയാണെങ്കില്‍, സ്നേഹം കൊണ്ടു ജീവിക്കണം.
സ്നേഹിക്കുകയാണെങ്കില്‍ ഹൃദയം കൊണ്ടു സ്നേഹിക്കണം.
(പണം കൊണ്ടല്ല/ശരീരം കൊണ്ടല്ല/സ്ഥാനമാനങ്ങള്‍ കൊണ്ടല്ല/സൗന്ദര്യം കൊണ്ടല്ല/അധികാരം കൊണ്ടല്ല)
സ്നേഹമില്ലാത്ത ജീവിതമെന്നാല്‍, മറ്റുള്ളവരിലേക്ക് ഒട്ടുമേ പടരാത്ത ജീവിതമെന്നര്‍ഥം. തന്നിലേക്കു മാത്രം ഒതുങ്ങുന്ന, ആരിലേക്കും നന്മയുടെ സുഗന്ധം പരത്താത്ത, ആര്‍ക്കും കടന്നുചെല്ലാനാകാത്ത ജീവിതങ്ങള്‍. ചില ജീവിതങ്ങള്‍ അങ്ങനെയാ.. ആര്‍ക്കും അടുത്തുപോലും ചെല്ലാനാകില്ല. പൊട്ടിത്തെറിക്കും. കുമിളപോലെയാ.. നോക്കിക്കാണാന്‍ നല്ല ശേലാ.. തൊട്ടാല്‍ പൊട്ടും. ആര്‍ക്കും ഒരുപകാരവും ചെയ്യാത്ത ജീവിതങ്ങള്‍ക്ക് മനുഷ്യനും ദൈവവും എന്തു വിലയാണ് കൊടുക്കുക!! മറ്റുള്ളവര്‍ക്കുവേണ്ടി ഒരിക്കലും പൂക്കാതെയും ഒരിക്കലും ഫലമണിയാതെയും പോകുന്ന ‘നിലം പാഴാക്കുന്ന’ (വചനം) ജീവിതങ്ങളായി ഒരു ജീവിതവും മാറാതിരിക്കട്ടെ. 70-ഓ 80-ഓ ഒക്കെ നീണ്ട ജീവിതത്തിനുശേഷം ഈ ഭൂമിയില്‍നിന്നും മടങ്ങിപ്പോകുമ്പോള്‍ ആരുടെയും ഹൃദയങ്ങളില്‍ സ്നേഹത്തിന്‍റെ ഒരു നൊമ്പരംപോലും അവശേഷിപ്പിക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍, സ്നേഹത്തിന്‍റെ തിരുഹൃദയത്തില്‍നിന്നും ഒരുപാടു ദൂരം അകലെയാണു നാം എന്നു മനസ്സിലാക്കണം.
ആരിലേക്കും നന്മയായ്, സഹായമായ്, സൗഹൃദമായ് ഓടിയണയുന്ന ജീവിതത്തിലേക്കാണ് സ്നേഹത്തിന്‍റെ തിരുഹൃദയം നമ്മെ വിളിക്കുന്നത്.
തിരുഹൃദയത്തിരുനാള്‍ ഓര്‍മ്മപ്പെടുത്തുന്നു.
ജീവിക്കുകയാണെങ്കില്‍, സ്നേഹം കൊണ്ടു ജീവിക്കണം.
സ്നേഹിക്കുകയാണെങ്കില്‍ ഹൃദയം കൊണ്ടു സ്നേഹിക്കണം.
തിരുഹൃദയത്തോട് ആദരവും സ്നേഹവും ഇല്ലാതെ, തിരുഹൃദയത്തെ ആഴത്തിലറിയാന്‍ ശ്രമിക്കാതെ ഒരാള്‍ക്കും ദൈവസ്നേഹത്തെയും ദൈവകരുണയെയും ശരിയായി മനസ്സിലാക്കാന്‍ കഴിയില്ല. തിരുഹൃദയത്തോടുള്ള സ്നേഹം-ഭക്തി, ഈശോയോടു തന്നെയുള്ള സ്നേഹമാണ് ഭക്തിയാണ് എന്ന് സഭ പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അത് കൃപയൊഴുക്കപ്പെടുന്ന ഉറവകൂടിയാണ്. കാരണം അറിയുന്നതും അടുക്കുന്നതും സ്നേഹിക്കുന്നതും ഈശോയെത്തന്നെയാണ്. അടുത്തുചെല്ലുന്നവര്‍ക്ക് അനുഭവിക്കാം. നോക്കി നില്‍ക്കുന്നവര്‍ക്ക് ആസ്വദിക്കാം. മാറി നടക്കുന്നവര്‍ക്ക് ഈശോ അന്യമാകുന്നതിന്‍റെ നഷ്ടങ്ങള്‍ മാത്രം. ഇതാണ് തിരുഹൃദയഭക്തിയുടെ തലങ്ങള്‍.
ഈശോയുടെ തിരുഹൃദയം ഒരു പാഠപുസ്തകമാണ്. ക്രിസ്തുവിനെ അനുകരിക്കാനാഗ്രഹിക്കുന്ന ഏതൊരാളും തച്ചിനിരുന്ന് ധ്യാനിച്ചു വശത്താക്കേണ്ട കട്ടിയുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠപുസ്തകം. ഒറ്റ ധ്യാനംകൊണ്ട് സ്വായത്തമാക്കാന്‍ പോന്ന ലളിതപാഠങ്ങളല്ല അത്. കാരണം, അത് ലോകശൈലിക്ക് വിപരീതഗതിയിലുള്ള യാത്രയാണ്. ഈ പാഠപുസ്തകത്തില്‍ സുപ്രധാനമായ ആറ് അധ്യായങ്ങളുണ്ട്. അതില്‍ ഒന്നാമത്തെ അധ്യായത്തിന്‍റെ പേര്:
1. മുറിവേറ്റിട്ടും സ്നേഹമേകുന്ന ഹൃദയം
മുറിവുണ്ടായിട്ടും രക്തം കിനിയുന്നുണ്ടായിട്ടും എന്തുകൊണ്ടാണ് ഈശോയുടെയും പരി. കന്യാമറിയത്തിന്‍റെയും തിരുഹൃദയങ്ങള്‍ക്ക് ഇത്രമേല്‍ അഴക്! മുറിവുള്ള ഹൃദയം ആരാധ്യഹൃദയമായി മാറ്റപ്പെടുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാ? ആ മുറിവും ആ രക്തവും രക്ഷാകരമായതിനാലാണ്. ‘മുറിവേറ്റിട്ടും സ്നേഹമേകുന്ന തിരുഹൃദയം’ നമ്മുടെ അനുദിനജീവിതസാഹചര്യങ്ങളില്‍ നമ്മെ വല്ലാതെ വെല്ലുവിളിക്കുന്നുണ്ട്. രക്ഷാകരമാക്കാന്‍ കഴിയാത്ത ഒരു സഹനവും, ഒരു മുറിവും, ഒരു ത്യാഗവും അഴകുള്ളതായി മാറ്റപ്പെടുന്നില്ല, വെറുതെ അസ്വസ്ഥത ജനിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ജീവിതസാഹചര്യങ്ങളില്‍ ഏല്‍ക്കപ്പെടുന്ന കൊച്ചുമുറിവുകളോടുള്ള നമ്മുടെ സമീപനം എന്ത് എന്ന ചോദ്യം ഈ തിരുനാള്‍ നമുക്കു നല്‍കുന്നുണ്ട്. മുറിവുകള്‍ക്കു കാരണക്കാരായവരോടുള്ള നമ്മുടെ മനോഭാവം എന്ത് എന്ന്.. മുറിവുകള്‍ മറന്ന് സ്നേഹമേകാന്‍ എന്തിന്, അവരോട് ഒന്നു ചൂവേനേരെ സംസാരിക്കാന്‍ നമുക്കു കഴിയുന്നുണ്ടോ എന്ന്.. അത്ര സുഖകരമൊന്നുമല്ലാത്ത വലിയ വെല്ലുവിളികള്‍ തന്നെയാ.. ജീവിതാവസ്ഥകള്‍ ഏതുമായിക്കൊള്ളട്ടെ, കടന്നുപോകുന്ന ദുരനുഭവങ്ങളെ രക്ഷണീയമാക്കാന്‍ ഞാനെന്തു ചെയ്യുന്നു എന്നതിന് ഈ തിരുനാള്‍ ദിനങ്ങളില്‍ ഉത്തരം കണ്ടെത്താനുള്ള കടപ്പാട് നമുക്കുണ്ട്.
ഈശോയുടെ അനുഭവങ്ങളുടെ അംശങ്ങള്‍ നമ്മിലും ഉണ്ടായെന്നു വരാം. വിചാരണ അനുഭവം: വീഴ്ചകള്‍ ഉണ്ടായില്ലെങ്കിലും അതു മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ പറ്റാത്ത അവസ്ഥ. വല്ലാത്തൊരവസ്ഥ തന്നെയാ. ഒരു തെറ്റും ചെയ്തില്ലെങ്കിലും നമ്മെ തെറ്റുകാരായി മറ്റുള്ളവര്‍ വിധിക്കുന്ന അവസ്ഥ. കുടുംബജീവിതത്തിലും സമൂഹജീവിതത്തിലുമൊക്കെ ഇത്തരം വിചാരണയുടെ അനുഭവങ്ങള്‍ ഉണ്ടാകാം.
കല്‍ത്തൂണനുഭവം: കെട്ടിയിടപ്പെട്ട അവസ്ഥ. പരിഹാസ്യപാത്രമാക്കി എല്ലാവരും കാണുന്ന സ്ഥിതി.
മുള്‍മുടിധാരണാനുഭവം: അപമാനവും വേദനയും വല്ലാതെ അലട്ടുന്ന അനുഭവമാണത്. മറ്റുള്ളവരുടെ മുന്നില്‍ വച്ച് നേരിടേണ്ടിവരുന്ന അപമാനസാഹചര്യങ്ങള്‍. മൂര്‍ച്ചയുള്ള വാക്കുകളാലുള്ള മുള്‍മുടികള്‍.
ഉപേക്ഷയുടെ അനുഭവം: കൂടെനില്‍ക്കുമെന്നു കരുതിയവരൊക്കെ അവരുടെ ഭാഗം സുരക്ഷിതമാക്കി ഓടിയൊളിക്കുന്നു. ഒടുവില്‍ തനിച്ചാകും. മല പോലെയുള്ള ഒരു പ്രശ്നത്തിനു നടുവില്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ. എന്തുചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുന്ന കൊച്ചുകുട്ടിയെപ്പൊലെ..
ഇത്തരം അനുഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ചിലരൊക്കെയുണ്ടാകും. അതു ലോകരിതി. എന്നാല്‍, അവര്‍ക്കു തിരികെ സമ്മാനമായി നല്‍കാന്‍ ‘മുറിവേറ്റിട്ടും സ്നേഹമേകുന്ന ഒരു ഹൃദയം എന്നിലുണ്ടോ’എന്നതാണ് തിരുഹൃദയത്തിരുനാള്‍ദിനം ഈശോ നമ്മോട് ചോദിക്കുന്നത്.
തിരുഹൃദയത്തിരുനാളുമായി ബന്ധപ്പെട്ട് ഒരു ദിവസം മുഴുവനിരുന്നു ധ്യാനിക്കാന്‍ മാത്രം പ്രധാനമാണ് ഈ ഒന്നാമധ്യായം – മുറിവേറ്റിട്ടും സ്നേഹമേകുന്ന ഹൃദയം. ആര്‍ക്കു കഴിയുമിതിന്? എത്രമാത്രം എനിക്കു കഴിയുമിതിന്..!
2. കരുണയും സ്നേഹവും ഒഴുക്കപ്പെടുന്ന മുറിവ്
പടയാളികളില്‍ ഒരുവന്‍ അവിടുത്തെ തിരുവിലാവില്‍ കുന്തംകൊണ്ടു കുത്തി. അവിടെനിന്നും രക്തവും ജലവും പുറപ്പെട്ടു.
സമര്‍പ്പണജീവിതത്തില്‍ മാത്രമല്ല, ക്രിസ്തുവിനെ അനുകരിക്കുന്ന ആരുടെയും ജീവിതത്തില്‍ ഒഴിവാക്കാനാവാത്തതാണ് കരുണയും സ്നേഹവും. ഒഴുക്കപ്പെട്ടത് കാരുണ്യത്തിന്‍റെ ഉറവയാണ്. സ്നേഹത്തിന്‍റെ നനവാണ്. ഇതു നല്‍കുന്ന പാഠമിതാണ്: എന്‍റെ മിഴികളിലും എന്‍റെ മൊഴികളിലും കരുണയുടെയും സ്നേഹത്തിന്‍റെയും തുടിപ്പുണ്ടാകണം. അത് എന്നെ ഈശോയുടെ തിരുഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തും.
ജീവിതത്തില്‍ കരുണക്കായി അപേക്ഷിക്കുമ്പോള്‍ മിഴി പായേണ്ടത് ആ കരുണയുടെ നീര്‍ചാലിലേക്കാണ്. ദൈവസ്നേഹാനുഭവത്തിനായി ദാഹിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ കണ്ണു തറയ്ക്കേണ്ടത് തിരുഹൃദയത്തിലെ തുടിപ്പിലേയ്ക്കാണ്.
എന്നെ മനസിലാക്കാന്‍ ആര്‍ക്കും കഴിയുന്നില്ലല്ലൊ, സ്നേഹിക്കാനും അംഗീകരിക്കാനും ആരുമില്ലല്ലോ, ചെയ്യുന്നതൊന്നും ശരിയാകുന്നില്ലല്ലോ എന്നോര്‍ത്ത് മനസ്സു വേദനിക്കുമ്പോള്‍, വേഗം ഓടിയെത്താവുന്ന ഇടമാണ് ഈശോയുടെ തിരുഹൃദയം. സങ്കടം പറയാനും, പങ്കുവയ്ക്കാനുമെല്ലാം കഴിയുന്ന സ്വാതന്ത്ര്യമുള്ള പരിശുദ്ധ ഇടം-ഈശോയുടെ തിരുഹൃദയം. അവിടെനിന്നും ഒഴുക്കപ്പെടുന്നത് നേരെ എന്‍റെ ഹൃദയത്തിലേക്കാണ്-സ്നേഹവും കരുണവും..
3. സ്നേഹത്തെ പൊതിഞ്ഞിരിക്കുന്ന മുള്ളുകള്‍
ഹൃദയം എന്നത് സ്നേഹത്തിന്‍റെ രൂപമായിട്ടാണ് കാണപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഹൃദയത്തെ ചുറ്റിയിരിക്കുന്ന മുള്ളുകള്‍ എന്നത് സ്നേഹത്തെ പൊതിഞ്ഞിരിക്കുന്ന മുള്ളുകള്‍ എന്നു തന്നെ നോക്കിക്കാണണം.
ഒന്ന് ഉറപ്പാണ്: ആത്മാര്‍ത്ഥമായ സ്നേഹം എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം നൊമ്പരമേകുന്ന ചില മുള്ളുകള്‍ നിന്നെ പൊതിയാന്‍ വെമ്പുന്നുണ്ടാകും. ധ്യാനിച്ചു നോക്ക് സ്നേഹത്തിന്‍റെ വഴികളെ. എത്രത്തോളം ഈശോയുടെ സ്നേഹത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ തുടങ്ങുന്നുവോ, അത്രത്തോളം തടസ്സമുള്ളുകള്‍ നിന്നെ പിന്നോട്ടു വലിച്ചുകൊണ്ടിരിക്കും. ഇതുകൊണ്ടല്ലേ ആത്മാവിന്‍റെ ഇരുണ്ടരാത്രിയും, കര്‍മ്മലമലയേറ്റവുമൊക്കെ ക്രൈസ്തവആധ്യാത്മികതയിലെ വലിയ പാഠപുസ്തകങ്ങളായി മാറുന്നത്.
സ്നേഹം എപ്പോഴും മൃദുത്വവും ആനന്ദദായകവും സുഖകരവും ആയിരിക്കണമെന്നില്ല; മറിച്ച് അത് തീവ്രവും, ത്യാഗം ആവശ്യപ്പെടുന്നതും, മുറിവേല്‍ക്കപ്പെടുന്നതുമായിരിക്കും. ഒരാള്‍ തന്‍റെ കുഞ്ഞിനെ സ്നേഹിക്കുന്നു എന്നു പറയുമ്പോള്‍, അയാള്‍ കുഞ്ഞിനുവേണ്ടി മരിക്കാന്‍ തയ്യാറാകുന്നു എന്നാണ് അര്‍ത്ഥം. കുടുംബത്തെ സ്നേഹിക്കുന്നു എന്നു പറയുമ്പോള്‍ കുടുംബത്തിനുവേണ്ടി മരിക്കാന്‍ തയ്യാര്‍ എന്നല്ലേ അര്‍ത്ഥം. ‘ഇതാ എന്‍റെ ശരീരം, ഇതാ എന്‍റെ രക്തം’ ഇത് നിങ്ങള്‍ പങ്കിട്ടെടുത്ത് ഭക്ഷിച്ചുകൊള്ളുവിന്‍ എന്നവന്‍ പറഞ്ഞപ്പോള്‍, യേശു നമ്മെ സ്നേഹിക്കുകയാണ് എന്നല്ലേ നാം മനസ്സിലാക്കിയത്? ചെറുതും വലുതുമായ വേദനകളുടെ പങ്കുവയ്ക്കലും അതിന്‍റെ നോവുകളും, ത്യാഗപൂര്‍വ്വകമായ കൊടുക്കലുകളുമാണ് ബന്ധങ്ങളെ തുടിക്കുന്ന സ്നേഹബന്ധങ്ങളാക്കുന്നത്.
ത്യാഗമില്ലാത്ത, പരസ്പരം പ്രാര്‍ത്ഥിക്കാന്‍ കഴിയാത്ത, സുഖം മാത്രം തരുന്ന ഒരു സ്നേഹം നമുക്കുണ്ടെങ്കില്‍, അതിനെ ഭയക്കണം.
സന്തോഷം മാത്രം സമ്മാനിക്കുന്ന ഒരു സ്നേഹം നമ്മിലുണ്ടെങ്കില്‍, അതില്‍നിന്നും അകന്നുകൊള്ളുക. അത് ലോകത്തിലേക്കു മാത്രമേ നമ്മെ നയിക്കൂ..
ദൈവീകതയുടെ ഛായയുള്ള സ്നേഹത്തിന് ചില മുള്ളുകളുടെ ചുറ്റിപ്പിണയലുകള്‍ സുരക്ഷാകവചമായി കൂടെയുണ്ടാകും. ചില അരുതുകള്‍ നന്മയുടെ സുഗന്ധമേകി കൂടെയുണ്ടാകും. അരുതുകളുടെ മുള്‍വേലിക്കെട്ടുകളിലാത്ത ഹൃദയബന്ധങ്ങള്‍, ത്യാഗത്തിന്‍റെ സൗന്ദര്യമില്ലാത്ത ബന്ധങ്ങള്‍ ദൈവത്തിലേക്കു നമ്മെ നയിക്കില്ല എന്ന് മുള്ളുകളാല്‍ വലയം ചെയ്യപ്പെട്ട തിരുഹൃദയം നമ്മെ പഠിപ്പിക്കുന്നു.
4. മുറിവേറ്റ ഹൃദയത്തിലെ ആളിക്കത്തുന്ന സ്നേഹാഗ്നി
ജീവിതത്തില്‍ എല്ലാക്കാലവും സന്തോഷവും സമാധാനവും സംതൃപ്തിയും മാത്രം അനുഭവിച്ചു മുമ്പോട്ടുപോകാമെന്ന് ആരും വിചാരിക്കുന്നുണ്ടാകില്ല. കയറ്റിയിറക്കങ്ങള്‍ ജീവിതത്തിന്‍റെ പൊതുസ്വഭാവമാണ്.
മുറിയപ്പെട്ട മനസ്സില്‍ നിന്നും സ്നേഹാഗ്നി ആളിപ്പടര്‍ത്തുവാന്‍ കഴിയേണ്ടവരാണ് സമര്‍പ്പിതരും ക്രൈസ്തവരും. എന്‍റെ മുറിവില്‍നിന്നും ഉയരുന്നത് പരിദേവനങ്ങളെങ്കില്‍ അത് ക്രൈസ്തവികമല്ല. എന്‍റെ മുറിവുകള്‍ക്കുമേല്‍ എനിക്ക് സ്നേഹധനനായ ഈശോയുടെ മുഖം ദര്‍ശിക്കാന്‍ കഴിയുന്നില്ലെങ്കില്‍, മുറിവുകള്‍ വെറുതെ വേദനകള്‍ മാത്രം സമ്മാനിക്കുന്നവയാകും.
ലോകശൈലി എന്നത്, മുറിവുകള്‍ക്കു കാരണക്കാരെ കണ്ടുപിടിക്കുക: ഒന്നാം ഭാഗം. തക്കം നോക്കി തിരിച്ചൊരു പണികൊടുക്കുക: രണ്ടാം ഭാഗം. അതില്‍ സംതൃപ്തിയും ഗൂഡസന്തോഷവും അനുഭവിക്കുക: മൂന്നാം ഭാഗം. ഇതില്‍ യാതൊന്നും ദൈവീകമായില്ല.
തിരുഹൃദയമാകുന്ന പാഠശാല ആവര്‍ത്തിച്ചു പഠിപ്പിക്കുന്ന പാഠമാണിത്. നീയേറ്റ വേദനകള്‍ക്കും, നാണക്കേടിനും, പരാജയത്തിനും, കുറ്റപ്പെടുത്തലുകള്‍ക്കുംമേല്‍ അടയിരുന്ന് വെറുപ്പിന്‍റെ അഗ്നി ഉള്ളില്‍നിന്നും വമിപ്പിക്കാതെ, വേദനയേറ്റ, മുറിവേറ്റ ഹൃദയത്തെ ഈ തിരുഹൃദയത്തിന്‍റെ സ്നേഹാഗ്നിയോടു ചേര്‍ത്തുവച്ചു ധ്യാനിച്ച്, ഉള്ളില്‍ സ്നേഹത്തിന്‍റെ അഗ്നിയുയര്‍ത്താന്‍ നിനക്കു കഴിയേണ്ടതുണ്ട്. അവിടെയാണ് ശിഷ്യത്വം വളരുക. അവിടെയാണ് ദൈവസ്നേഹാനുഭവം ഉണ്ടാകുക. മറക്കലിന്‍റെയും പൊറുക്കലിന്‍റെയുമൊക്കെ പുണ്യപ്പെട്ട ഓര്‍മ്മകള്‍ ഉണരേണ്ട സ്ഥലമാണീ തിരുഹൃദയാഗ്നി. എത്ര ശ്രമിച്ചിട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വ്യക്തികളെയും, എത്ര പ്രാര്‍ത്ഥിച്ചിട്ടും അംഗീകരിക്കാന്‍ കഴിയാത്ത സംഭവങ്ങളെയും, ക്ഷമിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളെയുമൊക്കെ ഈ തിരുഹൃദയത്തിലെ സ്നേഹാഗ്നിയിലേക്ക് ഇട്ടുകൊടുത്ത് ധ്യാനിക്കാന്‍ കഴിഞ്ഞാല്‍ അത്ഭുതകരമായ വിധത്തില്‍ ദൈവം ഇടപെടുന്നത് അനുഭവിക്കാന്‍ കഴിയും. കാരണം, ഈ ഹൃദയം ഈശോതന്നെയാണ്.
5. സ്നേഹാഗ്നിക്കു നടുവില്‍ നാട്ടപ്പെട്ട കുരിശ്
തിരുഹൃദയത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങുന്ന സ്നേഹാഗ്നിക്കു നടുവിലായി നാട്ടപ്പെട്ട കുരിശ് സൂചകമാണ്. കുരിശ് എന്നും ബലിയിലേക്കു നയിക്കുന്ന ചിഹ്നം തന്നെ. ബലിയായ് തീരുന്ന സ്നേഹമാണ് ശ്രേഷ്ഠം എന്നും, സംശുദ്ധസ്നേഹം എരിയുന്ന യാഗാഗ്നിപോലെ ശുദ്ധീകരിക്കപ്പെടേണ്ടതാണെന്നും ഇത് സൂചിപ്പിക്കുന്നുണ്ട്. തിരുഹൃദയമാകുന്ന പാഠപുസ്തകത്തിലെ അഞ്ചാമത്തെ അധ്യായം നല്‍കുന്ന സന്ദേശം ഇതാണ്.
നടുവില്‍ കുരിശു നാട്ടപ്പെടാത്ത എല്ലാ സ്നേഹാഗ്നികളും ലോകത്തിനുമുന്നില്‍ അപമാനിതമാകും. വിശുദ്ധ കുരിശിനാല്‍ വിശുദ്ധീകരിക്കപ്പെടാത്ത എല്ലാ സ്നേഹാഗ്നികളും നമ്മെ എരിയിച്ചു നാശമാക്കും. ഒരോ ദിവസവുമുള്ള പത്രവാര്‍ത്തകള്‍ ഇത് തെളിയിക്കുന്നുണ്ട് – ശുദ്ധീകരിക്കാത്ത സ്നേഹം അപകടകരമാണ് എന്ന്. ഇത്തരം സ്നേഹാഗ്നികളുടെ തിളപ്പാണ് ചാനലുകളിലെ അന്തിചര്‍ച്ചക്കു വിരുന്നായി മാറുന്ന ജീവിതങ്ങള്‍.
ഓര്‍ക്കുക: ചങ്കില്‍ കുരിശുനാട്ടിയാല്‍ ദൈവമായിരിക്കും നമ്മെ ഉയര്‍ത്തുക. ഇല്ലെന്നാല്‍, ലോകമായിരിക്കും നമ്മെ നയിക്കുക. വിശുദ്ധകുരിശിനാല്‍ ഹൃദയം വിശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ഇല്ലെന്നാല്‍, ഹൃദയം ലോകത്തിലേക്ക് അതിന്‍റെ ആവേശത്തിലേക്ക് നമ്മെ വലിച്ചിഴച്ചുകൊണ്ടിരിക്കും. ഈ ആവേശം വിജയത്തിലേക്കുള്ളതല്ല, ആത്മിയമായും ഭൗതികമായുമുള്ള പരാജയത്തിന്‍റെ പടി തന്നെയാണ്.
6. അന്ത്യസമ്മാനമായ ദൈവീകപ്രഭാവലയം
ദൈവം എടുത്തുയര്‍ത്തുന്നു എന്നതിന്‍റെ പ്രകടനമാണ് ഈ പ്രഭാവലയം. വിശുദ്ധരുടെ ശിരസ്സിനു ചുറ്റും ചിത്രീകരിക്കാറുള്ള പ്രഭാവലയത്തിന്‍റെ അര്‍ത്ഥവും ഇതു തന്നെ. ദൈവം എടുത്തുയര്‍ത്തി മഹത്വപ്പെടുത്തുന്നു എന്ന്. ക്രൈസ്തവജീവിതം, പ്രത്യേകിച്ച് സമര്‍പ്പണജീവിതം ഇത്തരത്തില്‍ എടുത്തുയര്‍ത്തപ്പെടാനുള്ള പ്രത്യേക വിളിയാണ് എന്നു നമുക്കറിയാം. അതിലേക്കുള്ള യോഗ്യത നേടുന്നതിനുള്ള പ്രാക്ടിക്കല്‍ പരീക്ഷകളാണ് നമ്മുടെ ഓരോ ജീവിതസാഹചര്യങ്ങളും. വിജയ-പരാജയങ്ങള്‍ നമ്മുടെ പരിശ്രമം പോലെയിരിക്കും.
ഉപസംഹാരം
തിരുഹൃദയമാകുന്ന പാഠപുസ്തകത്തിലെ ആറ് അധ്യായങ്ങളായ –
1. മുറിവേറ്റിട്ടും സ്നേഹമേകുന്ന ഹൃദയം
2. കരുണയും സ്നേഹവും ഒഴുക്കപ്പെടുന്ന മുറിവ്
3. സ്നേഹത്തെ പൊതിഞ്ഞിരിക്കുന്ന മുള്ളുകള്‍
4. മുറിവേറ്റ ഹൃദയത്തിലെ ആളിക്കത്തുന്ന സ്നേഹാഗ്നി
5. സ്നേഹാഗ്നിക്കു നടുവില്‍ നാട്ടപ്പെട്ട കുരിശ്
6. അന്ത്യസമ്മാനമായ ദൈവീകപ്രഭാവലയം
-ഇവ ധ്യാനിച്ചുകഴിയുമ്പോള്‍, ഉള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നത് രണ്ടുകാര്യങ്ങള്‍ മാത്രമാകും.
ഇതിന്‍റെയെല്ലാം ചുരുക്കമാണവ – സ്നേഹവും കരുണയും. അതാണ് ഈശോയുടെ തിരുഹൃദയം; അതുതന്നെയാണ് ഈശോ.
ഈശോയോടു ചേര്‍ന്നു ജീവിക്കുകയാണെങ്കില്‍,
സ്നേഹം കൊണ്ടു ജീവിക്കണം.
സ്നേഹിക്കുകയാണെങ്കില്‍ ഹൃദയം കൊണ്ടു സ്നേഹിക്കണം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.