ജ്ഞാനവും സ്നേഹവും : ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ

~ ബ്രദര്‍ തോമസ് പോള്‍ ~

 

മതബോധന ഗ്രന്ഥത്തിൽ പറയുന്നുണ്ട്, “ജ്ഞാനത്താലും സ്നേഹത്താലും ആണ് ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്.” (മതബോധന ഗ്രന്ഥം — ഖണ്ഡിക : 295)

നമ്മൾ പലപ്പോഴും പ്രാർത്ഥിക്കുന്നതും പാടുന്നതും ഓരോന്നും തരണമേ എന്നാണ്.
അങ്ങിനെ ഉള്ള ഒരു രീതിയിൽ ആണ് നമ്മുടെ പ്രാർത്ഥന. പക്ഷേ അതെല്ലാം നമ്മെ സൃഷ്ടിച്ചപ്പോൾ തന്നെ നമ്മിൽ വന്നു കഴിഞ്ഞിരിക്കുന്നു.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം
ഈ പുസ്തകം നമ്മുടെ കയ്യിൽ ഉണ്ടായിരിക്കേണ്ടത് അവശ്യം ആണ്. നമ്മുടെ ഏതു സംശയത്തിനും ഉത്തരം ഇതിൽ ഉണ്ട്. ഇത് മനസ്സിലാക്കുന്നതും ഒരു ജ്ഞാനം ആണ്.

നമ്മൾ സ്വന്തമായി എഴുതുകയും പാടുകയും ചെയ്യുന്ന പാട്ടുകളിൽ പലതിലും ജ്ഞാനത്തിന്റെ പൂർണ്ണത കുറവ് ഉണ്ടായേക്കാം. പക്ഷേ പരിശുദ്ധാത്മാവിന്റെ സഹായത്താൽ നമ്മൾ എഴുതുമ്പോൾ ജ്ഞാനത്തിന്റെ പൂർണ്ണത ഉണ്ടാകും. പലപ്പോഴും ഉറക്കത്തിൽ ആവാം പരിശുദ്ധാത്മാവ് ആകുന്ന വ്യക്തി നമുക്ക് പാട്ടിന്റെ ചില വരികളും, അതിന്റെ ഈണവും, അർത്ഥവും തരുന്നത്. നമ്മൾ പരിശുദ്ധാത്മാവിനെ കുറിച്ചുള്ള പാട്ട് പാടുമ്പോൾ പലപ്പോഴും, ഒരു വ്യക്തി ആണ് പരിശുദ്ധാത്മാവ് എന്ന അനുഭവം വരുന്നില്ല. പരിശുദ്ധാത്മാവിനെ പാട്ടിൽ അരുവി എന്ന് പറയും, ശരിക്കും അവിടെ പറയേണ്ടത് സ്രോതസ്സ് – ഉറവ എന്നാണ്.
പരിശുദ്ധാത്മാവിന്റെ വ്യക്തിത്വത്തിന്റെ അനുഭവത്തിലേക്ക് കൂടുതൽ ആയി വരണം. അപ്പോൾ എളുപ്പം ആകും എല്ലാ കാര്യങ്ങളും. നമ്മിൽ ഉള്ള ചില തെറ്റായ ബോധ്യങ്ങൾ മാറണം. ഇത് ഒരു ശക്തിയാണ്, കാറ്റാണ്, തീയാണ് ഇങ്ങിനെ ഒക്കെ ആണ് നമ്മുടെ ധാരണ. ഇതെല്ലാം പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങൾ ആണ്.
ആ വ്യക്തിയുടെ അനുകമ്പയും സ്നേഹവും, ജ്ഞാനത്തിലൂടെ ആണ് സംഭവിക്കുന്നത്. കത്തുക എന്ന് പറയുമ്പോൾ, സ്നേഹത്തിന്റെ ഏറ്റവും വലിയ ഒരു അനുഭവത്തിലേക്ക് നമ്മെ, ഒരു വ്യക്തി കൊണ്ടു വരുന്ന അവസ്ഥയാണ്. സ്നേഹം ലഭിക്കുന്നത് ഒരു വ്യക്തിയിലൂടെ ആണ്. സ്നേഹം ഒരു വ്യക്തി ബന്ധം ആണ്. ഈ ആശയം മുറുകെ പിടിക്കണം. അപ്പോഴാണ് പരിശുദ്ധാത്മാവിന്റെ തലോടൽ ലഭിക്കുക. നമ്മെ ആലിംഗനം ചെയ്യും. ദൈവാനുഭവത്തിന്റെ തലോടൽ അനുഭവിക്കുമ്പോഴാണ് ആ പ്രണയം അല്ലെങ്കിൽ ലാളന, വാത്സല്യം അനുഭവിക്കുന്നത്. ഇതൊക്കെ നമുക്ക് സങ്കീർത്തനത്തിൽ കാണാൻ സാധിക്കും.

ദൈവത്തിന്റെ ജ്ഞാനം നമുക്ക് നേടുവാൻ, സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾ വായിച്ചും പഠിച്ചും നമ്മൾ മുന്നേറണം. അവിടെയും ഇവിടെയും പറയുന്ന കാര്യങ്ങളിൽ ഇടപ്പെട്ട് തെറ്റിദ്ധരിക്കപ്പെടാൻ ഇടവരരുത്. പോൾ ആറാമൻ മാർപ്പാപ്പയുടെ ഒരു പ്രബോധനം വളരെ നല്ല മാർഗ്ഗരേഖ ആണ്. അതിൽ കൃത്യമായി പറഞ്ഞിരിക്കുന്നു, സുവിശേഷ പ്രഘോഷണത്തിന് നിങ്ങൾ ഒരാളെ മാത്രമേ അനുഗമിക്കാവൂ. അത് കർത്താവിനെ മാത്രം. ഈശോമിശിഹാ മാത്രമാണ് ആദ്യത്തെയും അവസാനത്തെയും ഏറ്റവും വലിയ സുവിശേഷ പ്രഘോഷകൻ. അവനെ അനുഗമിക്കുവിൻ. ദൈവരാജ്യ കേന്ദ്രീകതമായ ഒരു സുവിശേഷം.

മതബോധന ഗ്രന്ഥം 295 ഖണ്ഡികയിലേക്ക് വരാം. അതിന്റെ ശീർഷകം ഇതാണ്, സൃഷ്ടിയുടെ രഹസ്യം. ജ്ഞാനവും സ്നേഹവും കൊണ്ട് ദൈവം എല്ലാം സൃഷ്ടിക്കുന്നു. ഒരു ഉദാഹരണം പറയാം. ഒരു നാണയം എടുക്കുകയാണെങ്കിൽ അതിനു രണ്ടു വശം ഉണ്ട്. അതിലെ ഒന്ന്, സ്നേഹവും മറ്റേത് ജ്ഞാനവും ആണ്. ദൈവം സ്നേഹമാണ്. ജ്ഞാനവും ആണ്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ. ജ്ഞാനമില്ലാതെ സ്നേഹിക്കുന്നത് ഏതു തരത്തിലും ശരിയല്ല.
അങ്ങയുടെ പ്രവൃത്തികൾ അറിയുകയും ലോകസൃഷ്ടിയില് അങ്ങയോടൊത്ത് ഉണ്ടാവുകയും ചെയ്ത, അങ്ങേക്കു പ്രസാദകരവും അങ്ങയുടെ നിയമം അനുസരിച്ചു ശരിയും ആയ കാര്യങ്ങൾ അറിയുന്ന ജ്ഞാനം അങ്ങയോടൊത്ത് വാഴുന്നു.
ജ്ഞാനം 9 : 9
തന്റെ ജ്ഞാനത്തിന് അനുസൃതമായാണ് ദൈവം ലോകത്തെ സൃഷ്ടിച്ചത്. തന്റെ സത്തയിലും ജ്ഞാനത്തിലും നന്മയിലും സൃഷ്ടികളെ ഭാഗഭാക്കുകൾ ആകുവാൻ ദൈവം തീരുമാനമായി. അങ്ങനെ ദൈവത്തിന്റെ ഛായയും സാദൃശ്യവും നമുക്ക് പങ്ക് വച്ച് തന്നിരിക്കുന്നു.
ഞങ്ങളുടെ ദൈവവും കാർത്താവുമായ അവിടുന്നു മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാന് അർഹനാണ്‌. അങ്ങു സർവവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച് അവയ്ക്ക് അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു.
വെളിപാട് 4 : 11
അങ്ങ് ജീവശ്വാസമയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങു ഭൂമുഖം നവീകരിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 30
സൃഷ്ടിയുടെ ആദ്യ ഭാഗം ആണ്, അങ്ങു ജീവശ്വാസം നൽകുമ്പോൾ സൃഷ്ടിക്കപ്പെടുന്നു. സൃഷ്ടിക്കപ്പെട്ടതിനെ പുതിയത് ആക്കുന്നു. ഇതേ ജ്ഞാനത്തിന്റെ- ഇതേ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ആണത്. അതായത് ഈ സൃഷ്ടിക്കപ്പെട്ടതിനെ എല്ലാം വീണ്ടും നവീകരിച്ച് പുനസൃഷ്ടിക്കും. അത് പരിശുദ്ധാത്മാവിന്റെ, ജ്ഞാനത്തിന്റെ പ്രവർത്തിയാണ്. ഈ അർത്ഥത്തിലാണ് ഈശോമിശിഹാ വന്നിരിക്കുന്നത്. പാപം ഏറ്റെടുക്കുക മാത്രം അല്ല, യേശുവിന്റ വരവിന്റെ ലക്ഷ്യം. എല്ലാറ്റിനെയും പുതിയതാക്കും. Change the face of the earth.
ഇവിടെ ഒരു കാര്യം പറയട്ടെ, സത്യമായും പരിശുദ്ധാത്മാവ് നമ്മുടെ മുഖം മാറ്റും. പരിശുദ്ധാത്മാവ് നമ്മിൽ പ്രവർത്തിച്ചു തുടങ്ങുമ്പോൾ നമ്മെ നോക്കി മറ്റുള്ളവർ ചോദിക്കും, എന്തോ ഒരു വ്യത്യാസം മുഖത്തിന് ഉണ്ടല്ലോ എന്ന്. അപ്പോഴേ നമുക്ക് അത് ബോധ്യം വരികയുള്ളൂ. സൃഷ്ടാവിന്റെ സാധാരണ പ്രവർത്തി, ഇല്ലായ്മയിൽ നിന്നും എല്ലാം സൃഷ്ടിക്കുന്നു. ഇത് ആദ്യ ഘട്ടം. അടുത്ത ഘട്ടം ആണ്, സൃഷ്ടിച്ചതിനെ എല്ലാം നവീകരിച്ച് പുതിയതാക്കുന്നു. ആദ്യം ആദത്തിനെ സൃഷ്ടിച്ചു. പിന്നീട് രണ്ടാം ആദത്തിലൂടെ പുതിയ സൃഷ്ടി ആക്കുന്നു. നമ്മളെ സൃഷ്ടിച്ചു കഴിഞ്ഞാലും, ദൈവത്തിന്റെ കയ്യിൽ തന്നെ ആണ് നമ്മൾ.
മതബോധന ഗ്രന്ഥം ഖണ്ഡിക 295 & 301
തന്റെ സ്നേഹത്തിനും ജ്ഞാനത്തിനുമനുസൃതമായി സ്വതന്ത്രമായി ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു. ലോകം അനുപേക്ഷണീയ സൃഷ്ടിയല്ല, യാദൃച്ഛയാ ഭവിച്ചതുമല്ല, അന്തമായ വിധിയുടെ ഫലവുമല്ല. “ശൂന്യതയിൽ” (2 മക്ക. 7:28) നിന്ന് ദൈവം ക്രമീകൃതവും നല്ലതുമായ ലോകത്തെ സൃഷ്ടിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles