മനുഷ്യസ്‌നേഹത്തിന്റെ പ്രകാശഗോപുരങ്ങള്‍

ആദ്യനൂറ്റാണ്ടുകള്‍ക്കു ശേഷം കത്തോലിക്കാ സഭ ദരിദ്രരും സാധാരണക്കാരുമായ ജനത്തോട് ഇത്രയും അടുത്തെത്തിയിട്ടില്ല.  പ്രത്യാശാകരമായ വിധത്തില്‍ സഭ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും നേര്‍ക്കു ആഭിമുഖ്യം കാണിച്ചു തുടങ്ങിയതിന്റെ കാരണക്കാരന്‍ ഫ്രാന്‍സിസ് പാപ്പയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഈ ആഭുമുഖ്യം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റും വിധം ശക്തവും വ്യക്തവുമാണ്. പാപ്പാ സ്ഥാനാരോഹണത്തിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ ടൈം വാരികയുടെ മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ഫ്രാന്‍സിസ് പാപ്പായ്ക്കു മുമ്പ് മറ്റു രണ്ടു പാപ്പാമാരാണ് ഈ പുരസ്‌കാരത്തിന് അര്‍ഹരായത് – ജോണ്‍ ഇരുപത്തിമൂന്നാമനും ജോണ്‍ പോള്‍ രണ്ടാമനും. ചരിത്രത്തെ ഒരു സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കുമ്പോള്‍, ലോകത്തിലെ സാധാരണക്കാരിലേക്കുള്ള സഭയുടെ തിരിച്ചു നടത്തത്തില്‍ ആരംഭം കുറിച്ചത് 2014 ഏപ്രില്‍ 27 ാം തീയതി വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെട്ട മഹാന്‍മാരായ ഈ രണ്ടു മാര്‍പാപ്പാമാരാണെന്ന് വ്യക്തമാകും.

മനുഷ്യനിലേക്കു തുറന്നിട്ട വാതില്‍

ലോകത്തിലേക്ക് സഭയുടെ വാതിലുകള്‍ തുറന്നിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിന്റെ ആരംഭകന്‍ ജോണ്‍ ഇരുപത്തിമൂന്നാമനായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പാപ്പാ പ്രഖ്യാപിച്ചപ്പോള്‍ റോമിന്റെ ഔദ്യോഗിക പത്രമായ ഒസര്‍വത്തോരെ റൊമാനോ പോലും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തില്ല എന്നാണ് പറയുന്നത്. പന്ത്രണ്ടാം പീയൂസിന്റെ നിര്യാണത്തിന്റെ വിടവു നികത്താന്‍ ഇടക്കാലത്തേക്കെത്തിയ കേവലം വൃദ്ധനായൊരു പാപ്പാ എന്തു ചെയ്യാനെന്നാണ് ഭൂരിഭാഗം പേരും ചിന്തിച്ചത്. എന്നാല്‍ കത്തോലിക്കാ സഭയെ ആധുനിക ലോകത്തിന് അനുയോജ്യമായ വിധം പുതുക്കി പണിത മഹത്തായ കൗണ്‍സിലിന്റെ സ്വപ്‌നം ആദ്യം കാണാന്‍ ദൈവം തെരഞ്ഞെടുത്തത് ഇറ്റലിയിലെ തികച്ചും സാധാരണമായ ഒരു കൃഷീവല കുടുംബത്തില്‍ ജനിച്ച ഈ വിശുദ്ധവൃദ്ധനെയായിരുന്നു.

പിന്നീടെന്തു സംഭവിച്ചുവെന്നുള്ളത് ചരിത്രമാണ്. ബാഹ്യ ലോകത്തിനും കത്തോലിക്കാ സഭയ്ക്കുമിടയിലുണ്ടായിരുന്ന വലിയ വിടവു നികന്നു. ലോകത്തിലേക്കറിങ്ങിച്ചെല്ലുക എന്ന ദൗത്യം വീണ്ടും പ്രകാശമാനമായി. സാധാരണ മനുഷ്യന്റെ പ്രശ്‌നങ്ങള്‍ ചിന്താവിഷയങ്ങളായി. മനുഷ്യവ്യക്തിയുടെ മഹാത്മ്യം സഭ വീണ്ടും ഉയര്‍ത്തിപ്പിടിച്ചു. ലോക മതങ്ങളോടുള്ള സഭയുടെ സമീപനം തുറന്നതും യാഥാര്‍ത്ഥ്യബോധത്തോടു കൂടിയതുമായി. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ സഭയുടെ ഹൃദയം ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ തക്ക വിധം വികസിച്ചു! ഇതിനെല്ലാം ആരംഭം കുറിച്ചത് ദീര്‍ഘദര്‍ശിയായൊരു പാപ്പായുടെ ധീരമായ ചുവടുവയ്പായിരുന്നു. ജോണ്‍ ഇരുപത്തിമൂന്നാമന്റെ!

‘നമ്മളെല്ലാം ദൈവത്തിന്റെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അതിനാല്‍ നാമെല്ലാം ഒരു പോലെ ദൈവികരാണ്’ എന്നു പ്രഖ്യാപിക്കാന്‍ മാത്രം ആഴമായ സമത്വ ബോധമുണ്ടായിരന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍ ഫ്രാന്‍സിസ് പാപ്പായുടെ യഥാര്‍ത്ഥ മുന്‍ഗാമിയായിരുന്നു. കൃഷീവല കുടുംബത്തിന്റെ ലാളിത്യം ജീവിതാവസാനം വരെ കാത്തു സൂക്ഷിച്ചിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍ വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ദിവസം പാതിരാത്രിയില്‍ വത്തിക്കാന്‍ ചത്വരത്തില്‍ തിങ്ങിക്കൂടി നിന്ന ജനങ്ങളോട് പറഞ്ഞു, ‘ പ്രിയമുള്ളവരേ, നിങ്ങള്‍ വീ്ട്ടിലേക്കു മടങ്ങുമ്പോള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ചു തഴുകിയിട്ട് അവരോട് പറയണം, ഇത് പാപ്പാ നിങ്ങള്‍ക്കു നല്‍കുന്ന സ്‌നേഹാശ്ലേഷമാണെന്ന്!’ കര്‍ക്കശക്കാരനായ ഒരു ഭരണാധിപന്റെ മുഖമല്ല നാമിവിടെ കാണുന്നത്, സ്‌നേഹാര്‍ദ്രനായ ഒരു പിതാവിന്റെ, കാരുണ്യം വഴിഞ്ഞൊഴുകുന്ന ഒരു കുടുംബ നാഥന്റെ സരളതയാര്‍ന്ന ഹൃദയമാണ്. നന്മയുടെയും എളിമയുടെയും സ്‌നേഹസുഗന്ധം പരത്തിയ ജോണ്‍ ഇരുപത്തിമൂന്നാമനെ ഇറ്റലിക്കാര്‍ വിളിച്ചു: ഇല്‍ പാപ്പാ ബ്യുവോനോ – നല്ല പാപ്പാ!
1958 ലെ ക്രിസ്മസ് ദിനത്തില്‍ ബാംബിനോ ഗേസു ഹോസ്പിറ്റലില്‍ പോളിയോ ബാധിച്ച കുഞ്ഞുങ്ങളെ സന്ദര്‍ശിച്ച ജോണ്‍ ഇരുപത്തിമൂന്നാമന്‍ അടുത്ത ദിവസം റോമിലെ റെജീന ചേളി തടവറയിലെ അന്തേവാസികളോടൊപ്പം ചെലവഴിച്ചു. അധികാരത്തിന്റെ നിഴല്‍ പോലും വീശാത്ത മുഖഭാവത്തോടെ പാപ്പാ പറഞ്ഞു, ‘എന്റെ പേര് റൊന്‍കാളി. ഞാന്‍ നിങ്ങളുടെ സഹോദരനാണ്. നിങ്ങള്‍ക്ക് എന്റെ അടുത്ത് വരാന്‍ പറ്റില്ലല്ലോ. അതു കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്കു വന്നത്.’ കുറ്റവാളികളെയെല്ലാം സെല്ലിനു പുറത്തിറക്കി പാപ്പാ അവരെല്ലാം ഒരുമിച്ചു കണ്ടു, തന്റെ മോതിരം ചുംബിക്കാന്‍ കൊടുത്തു. വികാരഭരിതമായ രംഗങ്ങള്‍ക്കു ആ തടവറ സാക്ഷിയായി. കൊലപാതകിയായൊരാള്‍ പാപ്പായുടെ മുന്നില്‍ മുട്ടുകുത്തി കരഞ്ഞു കൊണ്ടു പറഞ്ഞു, ‘ഏറെ പാപം ചെയ്തവനാണ് ഞാന്‍. എന്നോടു ക്ഷമിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?’ പാപ്പായുടെ മറുപടി ഒരു ആശ്ലേഷമായിരുന്നു. പിന്നെ പറഞ്ഞു, ‘ ഇനി വീട്ടിലേക്കെഴുതുമ്പോള്‍ പാപ്പായെ കണ്ട കാര്യം പറയണം. ഞാന്‍ നിങ്ങള്‍ക്കും കുടംബത്തിനും വേണ്ടി ഇനി എന്നു പ്രാര്‍ത്ഥിക്കുമെന്നും പറയണം.’

രണ്ടു ലോകമഹായുദ്ധങ്ങള്‍ കണ്ടു ഭീതി പൂണ്ട ഭൂമിയില്‍ സമാധാനത്തിന്റെ ദൂതനായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍. യുദ്ധം ഒഴിവാക്കാന്‍ തന്നാല്‍ കഴിയാവുന്നതെല്ലാം അദ്ദേഹം ചെയ്തു. 1963 ല്‍ സമാധാനത്തിനുള്ള ബാല്‍സന്‍ പ്രൈസ് അദ്ദേഹത്തെ തേടിയെത്തി. പുരസ്‌കാരം വാങ്ങാനുള്ള യാത്രയ്ക്കിടയില്‍ കഠിനമായ വയറു വേദന മൂലം കഷ്ടപ്പെട്ടപ്പോള്‍ ഇപ്പോള്‍ മടങ്ങിപ്പോകാമെന്നും സമ്മാനം വത്തിക്കാനില്‍ വച്ചു സ്വീകരിക്കാമെന്നമുള്ള ഉപദേശം അദ്ദേഹം നിരസിച്ചു. വി. പത്രോസ് ക്രൂശിതനായതിന്റെ അവശിഷ്ടങ്ങള്‍ക്കു മേല്‍ നിന്ന് ഒരു പാപ്പാ ബഹുമാനിതനാകുന്നത് അദ്ദേഹത്തോടുള്ള നിന്ദയ്ക്കു തുല്യമാണെന്നായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്റെ അഭിപ്രായം. വത്തിക്കാന്‍ കൗണ്‍സിലിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പ്രകാശിപ്പിച്ച പാച്ചെം ഇന്‍ തെരീസ് എന്ന ചാക്രിക ലേഖനം യുദ്ധങ്ങള്‍ കൊണ്ട് മുറിവേറ്റ ഭൂമിക്കുള്ള സമാധാനത്തിന്റെ സുവിശേഷമായിരുന്നു.

സാധാരണക്കാര്‍ക്കൊപ്പമായിരിക്കാന്‍ എന്നും ആഗ്രഹിച്ച ജോണ്‍, പാപ്പാമാര്‍ സംസാരിക്കുമ്പോള്‍ സ്വയം വിശേഷണത്തിന്റെ ഔദ്യോഗിക രൂപമായ നാം എന്ന വിശേഷണം എടുത്തു മാറ്റി ഞാന്‍ എന്നു ലളിതമാക്കി. വത്തക്കാന്റെ തെരുവുകളിലൂടെ പാതിരാവിലിറങ്ങി ആരുമറിയാതെ നടക്കുന്ന ശീലം മൂലം അദ്ദേഹത്തിനു ഒരു ചെല്ലപ്പേരു വീണു – ജോണി വാക്കര്‍!

യഹൂദരോടുള്ള യുക്തിരഹിതമായ പക ഇല്ലാതാക്കാന്‍ ജോണ്‍ കഴിവുള്ളതെല്ലാം ചെയ്തു. നാസി പടയോട്ടകാലത്ത്, അന്ന് നുണ്‍ഷ്യോ ആയിരുന്ന റൊന്‍കാളി സ്വന്തം പ്രയത്‌നത്താല്‍ അനേകം യഹൂദരെ രക്ഷിച്ചു. 1965 ല്‍ യഹൂദരോട് കാലാകാലങ്ങളായി ചെയ്തു പോന്ന നിരവധി പാതകങ്ങളെ ചൊല്ലി അദ്ദേഹം സഭയ്ക്കു വേണ്ടിയും ലോകത്തിനു വേണ്ടിയും മാപ്പു ചോദിച്ചു.

മഹാനായ ജോണിന്റെ അവസാന വാക്കുകള്‍ ഇതായിരുന്നു – ‘എളിയതും ദരിദ്രവുമെങ്കിലും ദൈവഭയമുള്ള ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിക്കുവാന്‍ എനിക്കു ഭാഗ്യമുണ്ടായി. ഈ ഭൂമിയില്‍ എന്റെ സമയം അവസാനിക്കുകയായി. എന്നാല്‍ ക്രിസ്തു ജീവിക്കുകയും തന്റെ ദൗത്യം സഭയിലൂടെ തുടരുകയും ചെയ്യുന്നു. ആത്മാക്കള്‍… ആത്മാക്കള്‍… എല്ലാവരും ഒന്നായിരിക്കുവാന്‍ വേണ്ടി…’

ദൈവത്തിനും മനുഷ്യനുമൊപ്പമുളള മഹായാത്രകള്‍

മഹാനായ മാര്‍പാപ്പ ഉണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ജോണ്‍ പോള്‍ രണ്ടാമന്റെ ജീവിതം. പത്രോസിന്റെ സിംഹാസനത്തിലേക്ക് അസാധാരണമായ വഴികളിലൂടെയായിരുന്നു കരോള്‍ വൊയ്റ്റീവയുടെ വരവ്. ഒരു മനുഷ്യന്‍ അനുഭവിക്കാവുന്ന സങ്കടകരവും ദുരിതപൂര്‍ണവും സാഹസികവും ധീരോദാത്തവുമായ വഴികളിലൂടെ നടന്നു കയറി വന്നയാള്‍ മൂന്നു നൂറ്റാണ്ടോളം കാലം ലോകത്തെ വിസ്മയിപ്പിച്ച സമാനതകളില്ലാത്ത ആത്മീയ നേതാവായി മാറിയത് കാലം നമിക്കുന്ന ചരിത്രം.

ഇരുപതാം വയസ്സില്‍ താന്‍ ഈ ഭൂമിയില്‍ സ്‌നേഹിച്ചിരുന്നവരില്‍ അവസാനത്തെയാളും നഷ്ടപ്പെട്ട ഒരാള്‍ ജീവിതത്തെ എങ്ങനെ നേരിടും? ജോണ്‍ പോള്‍ ഈ വിഷമസന്ധി നേരിട്ടത് മറ്റാരെക്കാളും ധീരമായും പ്രകാശപൂര്‍ണമായുമാണ്. പോളണ്ടിലെ വഡോവിസില്‍ അമ്മയുടെ പ്രിയപ്പെട്ട ലോലക്കായി പിറന്ന കരോള്‍ വൊയ്റ്റിവയുടെ ചെറുപ്പകാലം വെല്ലുവിളികളുടെയും നഷ്ടങ്ങളുടേതുമായിരുന്നു. അമ്മ. സഹോദരന്‍മാര്‍, അവസാനം പിതാവും. എല്ലാവരും പോയപ്പോള്‍ ദൈവത്തെ മാത്രം മുറുകെ പിടിച്ച് ഏകനായൊരു യാത്ര. ആ യാത്ര നീണ്ടു പോയത് ലോകത്തിലെ 129 രാജ്യങ്ങളോളം. ചരിത്രത്തിലെ ഏറ്റവും വലിയ വിശുദ്ധ സഞ്ചാരി!

ബഹുമുഖ പ്രതിഭയായിരുന്നു, കരോള്‍. കവി, നാടകകൃത്ത്, നടന്‍, ഫുട്‌ബോളര്‍, അത്‌ലെറ്റ്… വിശേഷണങ്ങള്‍ നീളുന്നു. ഗോള്‍മുഖങ്ങളിലായിരുന്നു, ഫുട്‌ബോളറെന്ന നിലയില്‍ കരോളിനു സ്ഥാനം. കാവല്‍ക്കാരന്‍. പില്‍ക്കാലത്ത്, ഇരുപതാം നൂറ്റാണ്ടു കണ്ട, മൂല്യങ്ങളുടെ ഏറ്റവും വലിയ കാവല്‍ക്കാരനായി മാറി അദ്ദേഹം. കരിങ്കല്‍മടയിലെ ജീവനക്കാരനായത് മറ്റൊരു ചരിത്രം. പത്രോസിന്റെ പാറയില്‍ നിന്നും തെറിച്ചു വീണ കല്‍ച്ചീളുകള്‍ കരോള്‍ കണ്ടെടുത്തത് അവിടെ വച്ചാവും! എല്ലാ വഴികളും ചേര്‍ത്തു വച്ചപ്പോള്‍ വഴി നീളുന്നത് റോമിലെ വത്തിക്കാനിലേക്ക്. ക്രിസ്തുവിന്റെ മുദ്ര പതിച്ച കത്തോലിക്കാ സഭയുടെ ഹൃദയത്തിലേക്ക്.

ചെറുപ്പകാലം മുതല്‍ക്കേ മനുഷ്യന്റെ സങ്കടങ്ങളും ദുരിതങ്ങളും അടുത്തു കണ്ടു വളര്‍ന്നതിനാലാവണം ജോണ്‍ പോള്‍ മനുഷ്യാവകാശങ്ങളുടെയും മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും ഏറ്റവും വലിയ വക്താക്കളിലൊരാളായി തീര്‍ന്നത്. കരിങ്കല്‍ മടയിലും സാഹിത്യത്തിലും കാവ്യങ്ങളിലും കേട്ട മനുഷ്യഗാഥകള്‍ ക്രിസ്തുവില്‍ പൂര്‍ണമായ മനുഷ്യസ്‌നേഹത്തില്‍ പ്രകാശപൂര്‍ണമായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത് അതിലെ ചരിത്രപ്രസിദ്ധമായ രണ്ടു പ്രമാണരേഖകളുടെ രൂപീകരണത്തില്‍ സുപ്രധാന പങ്കു വഹിച്ചു, കരോള്‍ – മതപരമായ സ്വാതന്ത്ര്യത്തെ പ്രതിപാദിക്കുന്നതും സഭ ആധുനിക ലോകത്തില്‍ എന്ന വിഷയത്തെ സംബന്ധിച്ചതുമായ പ്രമാണരേഖകളില്‍. മനുഷ്യാവകാശങ്ങളെ കുറിച്ചും മതസ്വാതന്ത്ര്യത്തെ കുറിച്ചുമുള്ള സഭയുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്നതാണ് ആദ്യത്തെ രേഖ. ദാരിദ്ര്യം, സാമൂഹിക നീതി, സംസ്‌കാരം, ശാസ്ത്രം, സഭൈക്യം തുടങ്ങിയ മനുഷ്യന്റെ സാമൂഹിക ഭൂമിക വിശകലനം ചെയ്യുന്നു, രണ്ടാം രേഖ. ആധുനിക ലോകത്തെ മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു, ജോണ്‍ പോളിന്റെ മുഖ്യ ചിന്താവിഷയം. പില്‍ക്കാലത്ത് ലോകത്തിന്റെ മനസ്സാക്ഷിയായി മാറിയ സൂര്യതേജസ്സിന്റെ ഉദയ കിരണങ്ങളാണ് ലോകം അന്നു കണ്ടത്.

സഭയുടെ അടിസ്ഥാനമൂല്യങ്ങളിലും പരമ്പരാഗത വിശ്വാസങ്ങളിലും അടിയുറച്ചു നില്‍ക്കുമ്പോഴും വിശാല ഹൃദയവും മാനുഷികതയും സൂക്ഷിക്കാന്‍ കഴിഞ്ഞതാണ് ജോണ്‍ പോള്‍ രണ്ടാമനെ വേറിട്ടു നിര്‍ത്തുന്നത്. ക്രാക്കോവിലെ വൈദികനായിരുന്ന കാലത്ത് ഒരു സംഘം വിദ്യാര്‍ത്ഥികളോടൊപ്പം ഹൈക്കിംഗും സൈക്ലിംഗും സ്‌കീയിംഗും ക്യാംപിംഗുമെല്ലാം നടത്തിയിരുന്നു, കരോള്‍. പ്രാര്‍ത്ഥനയും ഈ വിനോദങ്ങളില്‍ ചേര്‍ത്തു വയ്ക്കാന്‍ ജോണ്‍ പോള്‍ മറന്നില്ല. സ്റ്റാലിനിസ്റ്റ് ഭരണം നിലനിന്നിരുന്ന പോളണ്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യാത്ര ചെയ്യുന്നത് വൈദികര്‍ക്ക് അനുവദനീയമല്ലാതിരുന്നതിനാല്‍ തന്നെ വുജിക്ക് (അമ്മാവന്‍) എന്നു വിളിക്കാന്‍ കരോള്‍ കുട്ടികളോട് ചട്ടം കെട്ടിയിരുന്നു. പില്‍ക്കാലത്ത് പാപ്പായായപ്പോള്‍ ജോണ്‍ പോള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയോടൊപ്പം സ്‌കീയിംഗ് നടത്തിയത് പ്രസിദ്ധമായിരുന്നു.

മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ ആധുനിക ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളില്‍ മുമ്പനായിരുന്നു ജോണ്‍ പോള്‍. ചിലിയിലെ സ്വേച്ഛാധിപതിയായിരുന്ന പിനോഷെ, ഹൈതിയില്‍ ദുര്‍ഭരണം കാഴ്ചവച്ച ജീന്‍ ക്ലൗഡ് ബേബി ഡോക്, പരാഗ്വെയിലെ ആ്ല്‍ഫ്രെഡോ സ്‌ട്രോസ്‌നെര്‍ തുടങ്ങിയ ഭരണാധികാരികള്‍ ജോണ്‍ പോള്‍ എന്ന പ്രവാചകന്റെ വാക്കിന്റെ ചൂടറിഞ്ഞു. എവിടെയെല്ലാം മനുഷ്യാകാശങ്ങളും മനുഷ്യസ്വാതന്ത്ര്യവും ലംഘിക്കപ്പെടുന്നുവോ, അനീതി നടമാടുന്നുവോ അവിടെയെല്ലാം മനുഷ്യനു വേണ്ടി ജോണ്‍ പോളിന്റെ ധാര്‍മിക ശബ്ദം മുഴങ്ങി. മനുഷ്യസഹനങ്ങളുടെ നേര്‍ക്ക് അഗാധമായ കാരുണ്യം പ്രദര്‍ശിപ്പിച്ച ജോണ്‍ പോള്‍ മാനുഷികതയില്‍ വേരൂന്നിയ ദൈവമനുഷ്യനായിരുന്നു.

ജോണ്‍ പോളിന്റെ വിശാല മനസ്ഥിതി ഇതര മതങ്ങളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനത്തില്‍ പ്രകടമാണ്. നാസികളുടെ കഠിന പീഢനത്തിനിരയായ അനേകം യഹൂദര്‍ കരോളിന്റെ ഹൃദയ കാരുണ്യമറിഞ്ഞു. ഒരാളെ തിരിച്ചറിവ് ഉറയ്ക്കും മുന്‍പ് കത്തോലിക്കാ സഭയിലേക്കു ചേര്‍ക്കുന്നതില്‍ ജോണ്‍ പോള്‍ എതിരു നിന്നു. ഹോളോക്കോസ്റ്റ് ദിനങ്ങളില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരു കുട്ടിയെ അവന്റെ സംരക്ഷകരായി മാറിയ ക്രൈസ്തവര്‍ മാമ്മോദിസ നല്‍കണമെന്നാവശ്യപ്പട്ട് കരോളിന്റെ പക്കല്‍ കൊണ്ടു വന്നു. അവനെ യൂഹൂദവിശ്വാസത്തിലും പാരമ്പര്യത്തിലുമാണ് വളര്‍ത്തേണ്ടതെന്ന് ഉപദേശിച്ച് അദ്ദേഹം അവരുടെ ആവശ്യം നിരസിച്ചു.

ക്രിസ്തുവിന്റെ കാരുണ്യമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്റെയും ആത്മീയതയുടെ കാതല്‍ എന്നതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമായിരുന്നു, തന്നെ വധിക്കാന്‍ ശ്രമിച്ച അലി അഗ്കയ്ക്കു കൊടുത്ത മാപ്പ്. ജോണ്‍ പോളിന്റെ മഹിമയ്ക്ക് തെളിവായി ഒറ്റക്കാര്യം മാത്രം ഓര്‍മിച്ചാല്‍ മതിയാകും, അദ്ദേഹത്തിന്റെ മരണത്തില്‍ ഫിഡെല്‍ കാസ്‌ട്രോ രേഖപ്പെടുത്തിയ അനുശോചനം. സാമൂഹിക നീതിക്കുവേണ്ടി രക്തരൂക്ഷിതമായ വഴികള്‍ സ്വീകരിച്ച മഹാനായ ഒരു വിപ്ലവകാരി ക്ഷമയുടെയും സമാധാനത്തിന്റെയും വഴിയിലൂടെ നടന്ന മറ്റൊരു മഹാപുരുഷന്റെ മഹത്വം തിരിച്ചറിഞ്ഞു എന്നതാണ് ശ്രദ്ധേയം. ജോണ്‍ പോളിന്റെ മനുഷ്യത്വപരമായ ഇടപെടലുകള്‍ അത്രയേറെ ലോകഹൃദയത്തെ സ്പര്‍ശിച്ചിരുന്നു. ഇത്രയേറെ ലോകനേതാക്കളുടെ ആദരം നേടാന്‍ മറ്റൊരു ആത്മീയ നേതാവിനും ഇരുപതാം നൂറ്റാണ്ടില്‍ സാധിച്ചിട്ടില്ല. അതിനു കാരണം അദ്ദേഹം ദൈവത്തിന്റെയും മനുഷ്യരുടെയും കൂടെ തോളോടു തോള്‍ ചേര്‍ന്നു നടന്നു എന്നതാണ്!

~ അഭിലാഷ് ഫ്രേസര്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles