അന്ധകാരത്തിൽ നിന്നും പ്രകാശം
~ ബ്രദര്‍ തോമസ് പോള്‍ ~
അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും നമ്മൾ പ്രകാശിക്കപ്പെടന്നതിനെ ആണ് ജ്ഞാനം എന്ന് പറയുന്നത്. അത് നമ്മുടെ പ്രവർത്തി അല്ല. നമ്മുടെ സ്വന്തം അറിവ് കൊണ്ട് ഇത് സാധ്യമേ അല്ല. ഉത്ഭവ പാപം പോലും ഇല്ലാതിരുന്ന ആദത്തിന് പോലും ഈ ജ്ഞാനം ഉണ്ടായിരുന്നില്ല. അതിനാലാണ് ഈശോ തന്നെ നമുക്കായി ജ്ഞാനം ആയി വന്നിരിക്കുന്നത്. അത് കൊണ്ടാണ് നമുക്ക് ജ്ഞാനസ്നാനം നൽകിയിരിക്കുന്നത്. ഉത്ഭവ പാപം മൂലം ഉണ്ടായ അന്ധകാരവും അതിന് മുൻപുണ്ടായ അറിവില്ലായ്മയേയും പരിഹരിച്ചു കൊണ്ട് ക്രിസ്തു നമുക്കായി ജ്ഞാനം ആയി വന്നു. പ്രകാശം ആയി വന്നു. ഈ പ്രകാശം എന്ന് പറഞ്ഞാല് വെളിച്ചം. വെളിച്ചം ആണ് ജ്ഞാനം. എന്താണ് ജ്ഞാനം? സകലത്തെയും സൃഷ്ടിച്ച സൃഷ്ടാവിനൊപ്പം വസിച്ച പ്രകാശം ഉണ്ടാവട്ടെ എന്ന് പറഞ്ഞപ്പോൾ, അന്ധകാരത്തിൽ നിന്നും പ്രകാശം ഉണ്ടായി. എങ്ങിനെ ആണു പ്രകാശം ഉണ്ടാക്കിയത്? എന്തിൽ നിന്നാണ്? അന്ധകാരത്തിൽ നിന്നാണ്.
അന്ധകാരത്തില്നിന്നു പ്രകാശം ഉദിക്കട്ടെ എന്ന് അരുളിച്ചെയ്ത ദൈവം തന്നെയാണ്, ക്രിസ്തുവിന്റെ മുഖത്തു വെളിവാക്കപ്പെട്ട ദൈവതേജസ്സിനെപ്പറ്റിയുള്ള അറിവിന്റെ പ്രകാശം ഞങ്ങള്ക്കു തരേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്.
ഫ്രാൻസിസ് മാർപ്പാപ്പയുടെ lumen fidei
— വിശ്വാസത്തിന്റെ വെളിച്ചം ഇതിൽ ഇത് തന്നെയാണ് പറഞ്ഞിരിക്കുന്നത്.
2 കോറിന്തോസ് 4 : 6
നമ്മൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അന്ധകാരത്തിൽ നിന്നും പ്രകാശം ഉണ്ടാക്കും എന്ന്.
പാപമേ ഭാഗ്യപൂർണം എന്ന് പറയുന്നത് എന്ത് കൊണ്ടാണ്? ഈ പാപം വന്നത് കൊണ്ടല്ലേ നമുക്ക് രക്ഷകനെ കിട്ടിയത്.
CCC 412
പാപം വർദ്ധിച്ചിടത്ത് ദൈവം അതിന്റെ ഉപരിയായി ദൈവകൃപ വർദ്ധിച്ചു.
പാപം വര്ധിപ്പിക്കാന് നിയമം രംഗപ്രവേശം ചെയ്തു; എന്നാല്, പാപം വര്ധിച്ചിടത്ത് കൃപ അതിലേറെ വര്ധിച്ചു.
റോമാ 5 : 20
റോമൻ ആരാധന ക്രമത്തിൽ ആഹ്ളാദ ഗീതത്തിൽ നാം ഇങ്ങിനെ ആലപിക്കുന്നു.ഭാഗ്യകാരണമായ അപരാധമേ ഇത്ര മഹാനായ ഒരു രക്ഷകനെ ഞങ്ങൾക്ക് നേടി തന്നല്ലോ.
ഒന്നു മനസ്സിലാക്കേണ്ടത് പാപത്തിനാണോ ദൈവത്തിനാണോ ശക്തി. ശക്തി, ദൈവത്തിനു തന്നെ. കുർബാനയിലും ആരാധനയിലും പറയുന്ന ഒരു കാര്യമുണ്ട്. പാപത്തെ നമ്മിൽ നിന്നും ഉൽമൂലനം ചെയ്തു കഴിഞ്ഞിരിക്കുന്നു.
നമ്മൾ പറഞ്ഞു വരുന്ന ആശയം ഇതാണ്. തിന്മയിൽ നിന്ന് പോലും നന്മയെ ഉണ്ടാക്കാൻ ദൈവത്തിനു കഴിയും. പൗലോസ് ശ്ലീഹാ ആണ് ഇത് പറഞ്ഞിരിക്കുന്നത്.
ജ്ഞാനത്തിന്റെ ഉറവിടം എന്ന് പറയുന്നത് , ഈ കാണുന്ന വെളിച്ചം ഒന്നുമല്ല. വെളിവ് ആണത്
ജ്ഞാനം നമ്മിലേക്ക് നിറയുന്നത് മുൻപ്, നമ്മിൽ പലതരത്തിലുള്ള അജ്ഞതകളും പാപവും ഉണ്ടാകാം. അങ്ങിനെ ഉണ്ടായി കഴിഞ്ഞിട്ട് നമ്മൾ വീർപ്പു മുട്ടുമ്പൊഴാണ് ഈ വെളിവു നമുക്ക് ഉണ്ടാകുന്നത്.
നമ്മൾ പഠിച്ചു, ശിശു പഠിച്ച്ജ്ഞാനം നിറഞ്ഞു. ശിശു എന്താണ് പഠിച്ചത്? ശിശു സങ്കീർത്തനം ആണ് പഠിച്ചത്.എന്താണ് പ്രാർതിച്ചിരുന്നത് ?സങ്കീർത്തനങ്ങൾ. സങ്കീർത്തനങ്ങൾ മുഴുവൻ ജ്ഞാന പുസ്തകങ്ങൾ ആണ്.
ലൂക്കാ 2:40..52 വരെയുള്ള വചനങ്ങളിൽ ആണ് ഈശോയുടെ ഇത്രയും വർഷത്തെ രഹസ്യ ജീവിതത്തെ കുറിച്ച് പറയുന്നത്.
ശിശു വളര്ന്നു. ജ്ഞാനം നിറഞ്ഞു ശക്ത നായി; ദൈവത്തിന്െറ കൃപ അവന്െറ മേല് ഉണ്ടായിരുന്നു.
ലൂക്കാ 2 : 40
മൂന്നു ദിവസങ്ങള്ക്കുശേഷം അവര് അവനെ ദേവാലയത്തില് കണ്ടെത്തി. അവന് ഉപാധ്യായന്മാരുടെ ഇടയിലിരുന്ന്, അവര് പറയുന്നതു കേള്ക്കുകയും അവരോടു ചോദ്യങ്ങള് ചോദിക്കുകയും ചെയ്യുകയായിരുന്നു.
ലൂക്കാ 2 : 46
കേട്ടവരെല്ലാം അവനന്റെ ബുദ്ധിശക്തിയിലും മറുപടികളിലും അദ്ഭുതപ്പെട്ടു.
ലൂക്കാ 2 : 47
പന്ത്രണ്ടു വയസ്സായ ഈ ശിശു പണ്ഡിതന്മാർക്ക് നടുവിൽ ഇരിക്കുമ്പോൾ എന്തായിരിക്കാം അവർ ചർച്ച ചെയ്തിരിക്കാൻ സാധ്യത. ഒരു ഉദാഹരണം ആയി നമുക്ക് ഇങ്ങിനെ ചിന്തിക്കാം.ഇത് ആവണം എന്നില്ല. അങ്ങിനെ ചിന്തിച്ചും കാണില്ല.ഒരു ഉദാഹരണം പറയുന്നു എന്ന് മാത്രം. എന്തുകൊണ്ടാണ് ഇസ്രയേലിൽ നിന്നും വന്ന നമ്മളെ ഇത് പോലെ കഠിനമായി അടിമത്തത്തിൽ വിട്ടത്? നമ്മൾ ദൈവജനം ആണ് .ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമാണ്. പലരും പല കാരണം പറഞ്ഞു. ഒന്നും ശരിയായില്ല.അപ്പൊൾ ബാലനായ ഈശോ എഴുന്നേറ്റു നിന്നു പറഞ്ഞു. അത് എല്ലാവർക്കും സ്വാഗതാർഹം ആയി.എന്തായിരിക്കും ഉത്തരം.ദൈവമായ കർത്താവ് അബ്രഹാമിനോടു ചെയ്ത ഉടമ്പടി ചെയ്തപ്പോൾ പറഞ്ഞിരുന്നു, നിനക്ക് ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ സന്തതികളെ തരും. എന്നാല് അവർ നാന്നൂറ് സംവത്സരം അടിമത്തത്തിൽ ആകും. അവരെ ഞാൻ വിമോചിക്കും.
ഇതൊക്കെ ആണ് സുവിശേഷത്തിൽ ഒളിഞ്ഞിരിക്കുന്ന ജ്ഞാനം. ഇതൊക്കെ നമുക്ക് പരിശുദ്ധാത്മാവ് പറഞ്ഞു തരും. ഇവിടെ എല്ലായിടത്തും പരിശുദ്ധാത്മാവ് ഉണ്ടായിരുന്നു. പരിശുദ്ധാത്മാവ് ദൈവത്തിന്റെ ജ്ഞാനം ആണെന്നും യേശുവിൽ നിറഞ്ഞു നിൽക്കുന്ന ജ്ഞാനം ആണെന്നും, ഇവർ രണ്ടു പേരും നമ്മുടെ ഇടതും വലതും നിൽക്കുകയാണെങ്കിൽ എളുപ്പം ആയി മാറും.
വെറും പന്ത്രണ്ട് വയസ്സ് പ്രായമായിരുന്ന യേശുവിൽ മറ്റാർക്കും കാണാത്ത ബുദ്ധിവിശേഷം കാണാനായി.
നാല് സുവിശേഷകനും നാല് അടയാളങ്ങൾ ആണ് ഉള്ളത്. നാല് ചിഹ്നങ്ങൾ.മനുഷ്യൻ , സിംഹം കാള, കഴുകൻ.
ചിറകു വച്ച മനുഷ്യൻ ആണ് മത്തായിയുടെ സുവിശേഷത്തിന്റെ ചിഹ്നം.കാരണം, അത് യേശുവിന്റ മനുഷ്യത്വത്തെ മുഴുവനും ആരംഭം മുഴുവൻ വിവരിക്കുന്നു. ആരംഭത്തിൽ തന്നെ പറയുന്നത്, അബ്രഹാമിന്റെ മകനായ ദാവീദിന്റെ മകനായ യേശു ക്രിസ്തു. യേശുവിന്റെ വംശാവലി.
മർക്കോസിന്റെ സുവിശേഷം ആരംഭിക്കുന്നത് ദൈവപുത്രനായ യേശുവിന്റെ സുവിശേഷം
മർക്കൊസിന്റെ സുവിശേഷത്തിന്റെ അടയാളം സിംഹം ആണ്.
സിംഹം രാജകീയതയുടെയും ഉയിർപ്പിന്റെയും അടയാളം ആണ്. സിംഹം ഉറങ്ങുമ്പോൾ കണ്ണ് തുറന്നു കിടന്നു മാത്രമെ ഉറങ്ങുകയുള്ളു. അത് ഉയിർപ്പിന്റെ അടയാളം ആണ്. ഒരിക്കലും ഉറങ്ങാത്ത ദൈവം. എപ്പോഴും നമ്മെ നോക്കിയിരിക്കുന്ന ദൈവം. രാജകീയ പ്രൗഡിയിലും രാജകീയ കരുണയിലും ഉള്ള ദൈവം.
ലൂക്കാ യുടെ സുവിശേഷത്തിന്റെ അടയാളം കാള ആണ്. കാള പൗരോഹിത്യത്തിന്റെ അടയാളം ആണ്. ശുശ്രൂഷയുടെ അടയാളം ആണ്. കാള എന്ത് ഭാരവും ചുമക്കും. മല്ലനാണ്. നല്ല കഷ്ടപ്പാട് സഹിക്കും. അവസാനം ജീവൻ ബലിയാവാൻ വിട്ടു കൊടുക്കും.
ഞാൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ മോചനദ്രവ്യമായി നൽകാനും ആണ്.
കഴുകൻ — യോഹന്നാന്റെ സുവിശേഷം ആണ്. കഴുകൻ ഈ ഭൂമിയിൽ അല്ല ജീവിക്കുന്നത്. കഴുകൻ അങ്ങു ഉയരത്തിൽ ആണ്. അത് വെളിപാടിന്റെ അടയാളമാണ്. വെളിപ്പെടുത്തലി ന്റെ അടയാളമാണ്. കഴുകന്റെ കണ്ണുകളിലൂടെ കാണുന്ന എല്ലാറ്റിന്റെയും ആന്തരികമായ രഹസ്യങ്ങൾ മനസ്സിലാക്കുന്ന വെളിപാടിന്റെ ചിഹ്നം ആണ് കഴുകൻ. ഈ നാല് സുവിശേഷത്തിൽ യേശുവിന്റ
മനുഷ്യത്വത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ആണ് മത്തായിയുടെ സുവിശേഷം മുഴുവൻ. യേശുവിന്റെ പൗരോഹിത്യത്തിന്റെ ശുശ്രൂഷകളെ കുറിച്ച് പ്രതിപാദിക്കുന്നത് ആണ് വിശുദ്ധ ലുക്കായുടെ സുവിശേഷം.
യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്െറയും മനുഷ്യരുടെയും പ്രീതിയിലും വളര്ന്നുവന്നു.
ലൂക്കാ 2 : 52
അവിടെയും ജ്ഞാനം ആണ് യേശുവിന്റെ സ്ഥായി ഘടകം ആയി കാണിക്കുന്നത്. യേശു വലുതായി 30 വയസ്സിൽ പരസ്യ ജീവിതം ആരംഭിച്ചപ്പോൾ കാണുന്നത് എന്താണെന്ന് നോക്കാം.
ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന് ഇത്ര അറിവ് എവിടെനിന്നു കിട്ടി എന്നു പറഞ്ഞു യഹൂദര് വിസ്മയിച്ചു.
യോഹന്നാന് 7 : 15
ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ ഇവന് ഇത്ര ജ്ഞാനം എവിടെ നിന്നും കിട്ടി. അതാണ് infused wisdom. അവൻ തച്ചന്റെ മകൻ,ഒന്നും പഠിച്ചിട്ടില്ല.നമ്മുടെ ഒപ്പം കാണുന്നവൻ അല്ലെ,അവൻ.
യേശു പറഞ്ഞു: എന്റെ പ്രബോധനം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്റേത് അത്രേ.
അവിടുത്തെ ഇഷ്ടം നിറവേറ്റാൻ മനസ്സുള്ളവന് ഈ പ്രബോധനം ദൈവത്തില്നിന്നുള്ളതോ അതോ ഞാന് സ്വയം നല്കുന്നതോ എന്നു മനസ്സിലാക്കും.
യോഹന്നാന് 7 : 16-17
യേശു പറയുന്നു പിതാവായ ദൈവം ആണ് ഈ പ്രബോധനത്തിന്റെ സ്രോതസ്സ്.
ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ എങ്ങിനെ യേശുവിന് ഈ ജ്ഞാനം കിട്ടി. നമുക്കും കിട്ടേണ്ടത് ഈ ജ്ഞാനം ആണ്. ഇങ്ങിനെ കിട്ടുന്നതാണ് അഭിഷേകം എന്ന് പറയുന്നത്. ജ്ഞാനം അഭിഷേകം ആയി നമുക്ക് കിട്ടണം. ജ്ഞാനം നമുക്ക് അഭിഷേകം ആയി തന്നിട്ടുണ്ട്.അതാണ് ജ്ഞാനസ്നാനം. അതാണ് സ്ഥൈരൃലേപനം. അതാണ് വിശുദ്ധ കുർബാന. എമ്മാവുസിലേക്ക് പോയ ശിഷ്യന്മാരുടെ കൂടെ ഈശോ നടന്നിട്ട് പോലും അവർക്ക് അറിയാൻ പറ്റാത്ത വിധത്തിൽ അവരുടെ കണ്ണുകൾ മൂടപ്പെട്ടിരുന്നു. പക്ഷേ ദിവ്യകാരുണ്യ ഈശോയെ അവർ സ്വീകരിച്ചു കഴിഞ്ഞപ്പോൾ, അവരുടെ കണ്ണുകൾ തുറന്നു. അവർക്ക് എല്ലാം മനസ്സിലായി.
നമുക്ക് ഒന്ന് ആലോചിക്കാം നമ്മുടെ അജ്ഞത മാറിയോ? എന്തെങ്കിലും അറിവില്ലായ്മയെ പരാജയപ്പെടുത്തിയോ? ഇങ്ങിനെ ചിന്തിച്ചു തുടങ്ങുമ്പോഴാണ് ഹൃദയത്തില് പ്രകാശം വരുന്നത്. അന്ധകാരത്തിൽ പ്രകാശം.