ഹൃദയം തൊട്ട പിതൃ മനസ്സ്

~ ലിബിന്‍ ജോ ഉടയാന്‍കുഴിമണ്ണില്‍ ~

 

പൂനായിലെ ജീവിതത്തില്‍ ഞാന്‍ ഇന്നും ഓര്‍ത്തിരിക്കുവാന്‍ ഇച്ഛിക്കുന്ന ഒരു സംഭവമുണ്ട്. എന്‍റെ ഹൃദയത്തെയും മനസ്സിനെയും ഒരേപോലെ സ്പര്‍ശിച്ച ഒരു സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വൈകുന്നേരങ്ങളിലെ നടത്തതിനിടയിലായിരുന്നു ഞാന്‍ ആ കോഫി ഹൗസിലേക്ക് കയറിയത്. യുവാക്കളും മദ്ധ്യവയ്സ്ക്കരും അടങ്ങുന്ന മാന്യന്മാരുടെ ഒരു സംഘം കോഫി ഹൗസിനുള്ളിലിരുന്ന് പരസ്പരം ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നു.

മുലയ്ക്കുള്ള കസേരകളില്‍ ഒന്നില്‍ ഞാന്‍ ഇരുന്നു. ടൈയ്യും കോട്ടും ഷൂസ്സും ധരിച്ച ഒരു വ്യക്തി എന്‍റെ അടുത്തേക്ക് വന്നു. ബഹുമാനത്തോടെ എന്നെ അഭിവാദനം ചെയ്യ്തു. ചെറിയ ഭയം ഉള്ളിലൊതുക്കി ഞാന്‍ ഒരു കോഫി ഓര്‍ഡര്‍ ചെയ്യ്തു.

അപ്പോഴാണ് ഒരു യുവാവ് പ്രായം ചെന്ന ഒരു വൃദ്ധനെ കൂട്ടി കൊണ്ട് അവിടെക്ക് വന്നത്, ചുറ്റുമിരിക്കുന്ന മാന്യരെ കണ്ടപ്പോള്‍ വൃദ്ധന്‍റെ കൈകള്‍ വിറയ്യ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവന്‍ ആ വൃദ്ധന്‍റെ കൈകളില്‍ മുറുകെപിടിക്കുന്നുണ്ടായിരുന്നു. ഒരു മോശയുടെ മുമ്പില്‍ അവര്‍ ഇരുന്നു. നിമിഷനേരം കൊണ്ട് ഓര്‍ഡര്‍
ചെയ്യ്ത സാധനങ്ങള്‍ മേശപുറത്തെത്തി. ചുറ്റുമിരിക്കുന്ന അധുനിക മാന്യന്മാരുടെ സംഘം ആ വൃദ്ധനെ തന്നെ നോക്കുന്നുണ്ടായിരുന്നു. വൃദ്ധന്‍ കപ്പ് തന്‍റെ ചുണ്ടോട് ചേര്‍ത്തുവെച്ചു. വിറച്ച് വിറച്ച് അത് താഴേക്ക് വീണു. ശബ്ദം കേട്ട് എല്ലാവരും പുശ്ചത്തോടെ അങ്ങോട്ടേക്ക് നോക്കി. ഹോട്ടല്‍ ജീവനക്കാരന്‍ ഓടി എത്തുന്നതിനുമുമ്പേ അവന്‍ ആ വൃദ്ധന്‍റെ കൈകളില്‍ പിടിച്ചു. വൃദ്ധന്‍റെ മുഖം ചുമക്കുന്നുണ്ടായിരുന്നു. കൈകള്‍ കൂടുതല്‍ ശക്തമായി വിറയ്ക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കരങ്ങളിലേക്ക് അവന്‍ മുറുകെ പിടിച്ചു ശേഷം വൃദ്ധന്‍റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.എല്ലാവരും നോക്കുന്നതു കണ്ടപ്പോള്‍ അവന്‍ ആ വൃദ്ധനോട് പറഞ്ഞു- അപ്പന്‍ പേടിക്കേണ്ട ഒന്നും സംഭവിച്ചില്ല. കുഴപ്പമൊന്നുമില്ല…

പൊട്ടിയ കപ്പിന്‍റെ ഭാഗങ്ങള്‍ അവന്‍ പറക്കിയെടുത്ത് ഹോട്ടല്‍ ജീവനക്കാരനെ ഏല്‍പ്പിച്ചു. പിന്നെയും കോഫി ഓര്‍ഡര്‍ ചെയ്യ്തു. കോഫി ഹൗസില്‍ നിന്ന് ആ വൃദ്ധന്‍റെ കരങ്ങള്‍ പിടിച്ചുകൊണ്ട് അവന്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു.

മൂല്യങ്ങളും സ്നേഹവും വറ്റിപോകാത്ത ഒരു യുവ സമൂഹം ഇന്നും ജീവിക്കുന്നുണ്ടല്ലോ എന്നതില്‍ ഞാന്‍ സന്തോഷിച്ചു., വിറയ്യ്ക്കുന്ന കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ ചില കൈകള്‍ ഇന്നും ഉണ്ടന്നതില്‍ ഞാന്‍ ആശ്വസിച്ചു.

ഈ സംഭവം ഞാന്‍ ഓര്‍ക്കുമ്പോഴൊക്കെ എന്‍റെ ഒരു സുഹൃത്തിന്‍റെ ജീവിതവും മനസ്സിലേക്ക് ഓടി എത്താറുണ്ട്. അവന്‍ എന്നോട് പങ്കുവെച്ച അവന്‍റെ അപ്പനെ കുറിച്ചുള്ള സ്മരണകള്‍.

ബാങ്കിലെ പ്യൂണായിരുന്നു അവന്‍റെ അപ്പന്‍. അമ്മ സാധാരണക്കാരിയായ ഒരു ഗ്രാമീണ സ്ത്രീയും. ചെറുപ്പം മുതല്‍ക്കേ അവനെയും അനജുത്തിയെയും ഒരു കുറവും അറിക്കാതെയാണ് അവര്‍ വളര്‍ത്തിയത്. നല്ല ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കുളില്‍ വിട്ടാണ് അവനെ അവര്‍ പഠിപ്പിച്ചത്.

വീട്ടിലെ പട്ടിണിയും പ്രയാസവും ഒന്നും അവന്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. പത്താക്ലാസ്സിലെ പരീക്ഷയില്‍ ഉയര്‍ന്ന ശതമാനം മാര്‍ക്കോടെ അവന്‍ വിജയിച്ചു. വീട്ടില്‍ വന്ന് അവന്‍ അമ്മയോട് ഒരു ആവശ്യം ഉണര്‍ത്തിച്ചു. അന്‍പതിനായിരം രൂപ വിലവെരുന്ന ഒരു ഐ.ഫോണായിരുന്നു അവന്‍റെ ആവിശ്യം. അമ്മ അപ്പനോട് വൈകുന്നേരം ജോലികഴിഞ്ഞ് വന്നപ്പോള്‍ തന്നെ പുത്രന്‍റെ ആവശ്യത്തെ കുറിച്ച് പറഞ്ഞു.

പരിഭവം ഒന്നും പുറത്തുകാണിക്കാതെ അയാള്‍ തലകുലുക്കി. കുറച്ചു ദിവസം കഴിഞ്ഞ് അവന് അയാള്‍ ഐ.ഫോണ്‍ വാങ്ങി കൊടുത്തു. തുടര്‍ വിദ്യാഭ്യാസത്തിനായി പട്ടണത്തിലെ വലിയ ഒരു കോളേജില്‍ അയാള്‍ അവന് പ്രവേശനം തരപ്പെടുത്തി. വലിയ ഒരു തുക അതിനും ചിലവായി. പഠനം തുടങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവന്‍റെ മനസ്സില്‍ മറ്റൊരു ആഗ്രഹം തളിരിട്ടു. ഒരു ബൈക്ക് വാങ്ങുക എന്ന ആഗ്രഹം!… അധികം വൈകാതെ തന്നെ അവന്‍ അത് അമ്മയെ ഉണര്‍ത്തിച്ചു. വൈകുന്നേരം അമ്മ അയാളെ അത് അറിയ്ച്ചു. അല്പസമയത്തേക്ക് ആയാള്‍ ഒന്നും മിണ്ടില്ല. ഭാര്യയുടെ മുഖത്തേക്ക് നോക്കി അയാള്‍ തന്‍റെ നിസ്സാഹായത അറിയ്ച്ചു. വില്‍ക്കാന്‍ പോലും തന്‍റെ കൈയ്യില്‍ ഒന്നും ഇല്ല. മാസം ലഭിക്കുന്ന അയ്യായിരം രൂപ വിട്ടാവിശ്യത്തിന് മാത്രമേ ഉപകരിക്കാറുള്ളു. കുറ്റപ്പെടുത്തലിന്‍റെ ശരങ്ങള്‍ അവന്‍ അപ്പന്‍റെ നേരെ അമ്മവഴി തൊടുത്തു വിട്ടുകൊണ്ടെയിരുന്നു.

ആഗ്രഹം സാധിച്ചുകിട്ടുന്നില്ല എന്ന് കണ്ടപ്പോള്‍ കുറച്ച് ദിവസം കഴിഞ്ഞ് അവന്‍ ആ വീട് വിട്ട് പോകുവാന്‍ തീരുമാനിച്ചു. പോകുന്നതിന് മുമ്പ് അവന്‍ രണ്ട് കാര്യങ്ങള്‍ വീട്ടില്‍ നിന്ന് മോഷ്ട്ടിച്ചു. ഒന്ന് അപ്പന്‍റെ ഷൂസ്സും രണ്ട് അപ്പന്‍റെ പണ പേഴ്സും.

ഒരു രാത്രിയില്‍ അവന്‍ വിടു വിട്ടിറങ്ങി. കുറച്ചു നടന്നപ്പോള്‍ കാലില്‍ വേദന തോന്നുവാന്‍ തുടങ്ങി. കുനിഞ്ഞ് നോക്കിയപ്പോഴാണ് അവന്‍ അറിഞ്ഞത്, ഷ്യൂസ്സിന്‍റെ അടിഭാഗം തേഞ്ഞ് തേഞ്ഞ് ഇല്ലാതായിരിക്കുന്നു.

വിശന്നപ്പോള്‍ അവന്‍ പേഴ്സെടുത്തു നോക്കി. രണ്ട് കുറിപ്പുകള്‍ അവന്‍ അതില്‍ കണ്ടു. അവന്‍റെ കണ്ണുകള്‍ നനഞ്ഞു.

ഒന്നാമത്തെ കുറിപ്പ് പുതിയ ബൈക്ക് ബുക്ക് ചെയ്യ്തതിന്‍റെ ബില്ലായിരുന്നു. രണ്ടാമത്തെ കുറിപ്പ് വീട് പണയപ്പെടുത്തിയതിന്‍റെ രസീതായിരുന്നു.

അവിടെ നിന്ന് അവന്‍ ഒരുപാട് കരഞ്ഞു. തിരികെ വീട്ടിലേക്ക് നടന്നപ്പോഴാണ് അപ്പനെ അവന്‍ ശരിക്കും മനസ്സിലാക്കിയത്. വീട്ടില്‍ ചെന്ന് അപ്പനെ കെട്ടി പിടിച്ച് അവന്‍ ഒരുപാട് കരഞ്ഞു. ഡിഗ്രി പൂര്‍ത്തിയാക്കിയപ്പോള്‍ അവന്‍ ഒരു വൈദികാര്‍ത്ഥിയായി സെമിനാരിയില്‍ ചേര്‍ന്നു.ഇന്നും അപ്പനെ കുറിച്ചോര്‍ക്കുമ്പോള്‍ ആ സഹോദരന്‍റെ കണ്ണുകള്‍ നിറയാറുണ്ട്. എന്‍റെ സ്വര്‍ഗ്ഗീയ പിതാവ് എനിക്ക് തന്ന എറ്റവും മനോഹരമായ രണ്ട് സമ്മാനങ്ങളാണ് എന്‍റെ മാതാപിതാക്കള്‍ എന്നാണ് അവന്‍ എപ്പോഴും പറയാറുള്ളത്.

മൂല്യങ്ങളും ധാര്‍മ്മികതയും നഷ്ടപ്പെടുന്ന യുവ സമൂഹത്തിന് മുമ്പില്‍ ചില ജീവിതകഥകള്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ നല്‍കുന്നുണ്ട്. ചിലരുടെയൊക്കെ ഉള്ളില്‍ വറ്റാത്ത ഉറവപോലെ ധാര്‍മ്മികതയും സ്നേഹവുമൊക്കെ നിര്‍ഗളിക്കുന്നുണ്ടെന്നതില്‍ നമ്മുക്ക് ആശ്വസിക്കാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles