ഈതപസ്സുകാലത്ത് ഒരുങ്ങാം. ആത്മീയ ശക്തി സ്വന്തമാക്കാം!
യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് അനുസ്മരിക്കുന്ന ഈസ്റ്റര്‍ ആണ് കത്തോലിക്കാ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാള്‍. യേശുവിന്റെ ഉത്ഥാനത്തിലാണ് നമ്മുടെ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത്. ഈസ്റ്ററിനായി നമ്മെ തന്നെ ഒരുക്കുന്ന ദിനങ്ങളാണ് ഈ ഫെബ്രുവരി മാസം വിഭൂതി തിരുനാള്‍ മുതല്‍ ആരംഭിക്കുന്നത്. യേശുവിന്റെ പീഡാനുഭവവും മരണവും ഉത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധ വാരത്തിനായി നമ്മെത്തന്നെ ഒരുക്കാനുള്ള ദിവസങ്ങളാണിത്.
ഇഷ്ടഭക്ഷണം ഉപേക്ഷിച്ചും പ്രാര്‍ത്ഥനാപൂര്‍വം ഉപവസിച്ചുമാണ് നാം സാധാരണയായി നോമ്പുകാലം ആചരിക്കുന്നത്. സ്വയം എളിമപ്പെടുത്തുവാനും ശരീരത്തിന്റെ ദുര്‍വാസനകളെ കീഴടക്കുവാനും കര്‍ത്താവിന്റെ പീഡാസഹനങ്ങളെ ധ്യാനിക്കുവാനുമാണ് നാം നോമ്പുകാലത്ത് ഉപവാസവും പ്രായശ്ചിത്തവും അനുഷ്ഠിക്കുന്നത്. ചാക്ക് ഉടുത്തും ചാരം പൂശിയും കര്‍ത്താവില്‍ വിശ്വസിക്കുന്നവര്‍ ഉപവസിക്കുന്നതും പ്രായശ്ചിത്തം ചെയ്യുന്നതും നാം പഴയ നിയമത്തില്‍ വായിക്കുന്നുണ്ട്. പാപത്തില്‍ നിന്ന് പിന്തിരിയുന്നതിന്റെയും സ്വയം വിശുദ്ധീകരക്കുന്നതിന്റെയും അടയാളമാണത്.
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ യഥാര്‍ത്ഥ ഉപവാസത്തെ കുറിച്ച് പറയുന്നുണ്ട്: ‘ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്? അപ്പോള്‍ നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടി വിടരും. നീ വേഗം സുഖം പ്രാപിക്കും’ (ഏശയ്യ 58: 6-8).
ആത്മാര്‍ത്ഥതയോടെ ഉപവസിക്കുകയാണെങ്കില്‍ ജീവിതം വെളിച്ചം നിറഞ്ഞതാവുകയും നാം സൗഖ്യം പ്രാപിക്കുകയും ചെയ്യും എന്ന് കര്‍ത്താവ് ഏശയ്യാ പ്രവാചകന്‍ മുഖേന വ്യക്തമാക്കുകയാണ്. ഉപവാസവും പ്രാര്‍ത്ഥന യും നോമ്പും വ്യക്തിപരമായ പുണ്യങ്ങളാണ്. ആരെയും കാണിക്കാനോ മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ വേണ്ടിയല്ല അവ അനുഷ്ഠിക്കേണ്ടത്. ‘നീ ഉപവസിക്കുമ്പോള്‍ അദൃശ്യനായ പിതാവല്ലാതെ മറ്റൊരും കാണാതിരിക്കേണ്ടതിന് ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും’ (മത്തായി 6: 17).
തന്റെ പരസ്യജീവിതം തുടങ്ങുന്നതിന് മുമ്പ് യേശു നാല്പത് രാവും നാല്പതു പകലും ഉപവസിച്ചു എന്ന് നാം സുവിശേഷത്തില്‍ വായിക്കുന്നു. അതിന് ശേഷം യേശു എത്തുന്നത് പൂര്‍വാധികം ശക്തനായിട്ടാണ്. സാത്താന്റെ കുതന്ത്രങ്ങളെ കരുത്തോടെ നേരിട്ട് തോല്പിക്കുന്ന യേശു നമുക്ക് നല്‍കുന്ന മാതൃക ആത്മീയ കരുത്ത് നേടാന്‍ ഉപവാസം ആവശ്യമാണ് എന്നാണ്.
നമുക്ക് ഒരുക്കമുള്ളവരാകാം. സ്വാര്‍ത്ഥതയെയും ലൗകിക മോഹങ്ങളെയും കീഴടക്കി ആത്മീയ ശക്തി സ്വന്തമാക്കാം. വിശുദ്ധവാരത്തിനും ഉയിര്‍പ്പു തിരുനാളിനുമായി നന്നായി ഒരുങ്ങാം!
യേശുവില്‍ സ്‌നേഹപൂര്‍വ്വം,
ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.