ദൈവ സന്നിധിയില്‍ നമുക്ക് ഒന്നാം സ്ഥാനമുണ്ടോ? (നോമ്പുകാല ചിന്ത)
“നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.” (മത്തായി 20 : 27)
മത്സരങ്ങളുടെ ഈ ലോകത്തിൽ, ഒന്നാമൻ ആകാനും ഒന്നാമനാക്കാനും ഉള്ള ഓട്ടത്തിൽ നാഥന്റെ വാക്കുകൾ എത്രയോ ശ്രേഷ്ഠം. എനിക്ക് ഒന്നും വേണ്ട,എന്നെ ഒന്ന് മനസ്സിലാക്കിയാൽ മതി, ഞാൻ എന്റെ കുടുംബത്തിനു വേണ്ടിയാണ് ജീവിക്കുന്നത് എന്ന അവകാശവാദങ്ങൾ അനുദിനം നാം കേൾക്കുന്നു. ഞാൻ എളിമനിറഞ്ഞ വ്യക്തിയാണ് ലളിതജീവിതമാണ് നയിക്കുന്നത് എന്ന് കാണിക്കുന്ന പ്രകടനപരത ഇന്ന് നാം ധാരാളം കാണുന്നു. എന്റെ അത്രയും സഹിച്ച വേറൊരാൾ ലോകത്തിൽ ഉണ്ടാവില്ല എന്ന വാക്കുകളും സുലഭം. ഇതിന്റെ കാരണം, അറിഞ്ഞോ അറിയാതെയോ ഒന്നാമൻ ആകുവാനുള്ള ആഗ്രഹം, ബഹുമാനിക്കപ്പെടാനും വിലമതിക്കപ്പെടാനും ഉള്ള ആഗ്രഹം, മറ്റുള്ളവരെ തന്നിലെയ്ക്ക് ആകർഷിക്കാനുള്ള പ്രവണത, ഇതൊക്കെയാണ്.
കുറച്ച്കാലങ്ങൾക്ക് മുൻപ് വിശുദ്ധരായ ആളുകൾ നയിച്ച ജീവിതം അവരുടെ മരണശേഷമാണ് പുറം ലോകം അറിഞ്ഞതെങ്കിൽ ഇന്നിന്റെ ലോകം പ്രകടനപരമായ എളിമയും ലാളിത്യവുമാണ് നമ്മുടെ മുൻപിൽ വച്ചു നീട്ടുന്നതു. നാം പലപ്പോഴും ഈ പ്രകടനത്തിൽ വീഴുന്നു. ഈ പ്രകടനം തന്നെ ഒരു മത്സരത്തിന്റെ ഭാഗമാണ് എന്ന് തിരിച്ചറിയാൻ നമുക്ക് കഴിയുന്നില്ല. രഹസ്യങ്ങൾ അറിയുന്ന പിതാവിനെ പലപ്പോഴും നാം മറക്കുകയും പരസ്യത്തിൽ വീണു ചിലരെ ശക്തിയുള്ളവരും വിശുദ്ധരും നീതിമാൻമാരും വിജയികളുമായി നാം തന്നെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഭവനത്തിൽ, സഭയിൽ,സമൂഹത്തിൽ കൂട്ടുകാർക്കിടയിൽ, സഹോദരങ്ങളുടെ ഇടയിൽ ഒരു ദാസനാകുവാൻ നമുക്ക് സാധിക്കുന്നുണ്ടോ? ഈശോ ദാസന്റെ രൂപം ധരിച്ചില്ലേ? മരണത്തോളം അവിടുന്ന് തന്നെ തന്നെ താഴ്ത്തിയില്ലേ ? ഗുരുവും കർത്താവും ആയവൻ പാദം കഴുകിയില്ലേ ?അവിടുത്തെ ദൈവം അത്യധികം ഉയർത്തി എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകുകയും ചെയ്തു. അവിടുത്തെ മാതൃക നമുക്കും അനുകരിക്കാം.
നമ്മുടെ ജീവിതത്തിൽ ഒന്നാമൻ ആകുവാൻ നാം നടത്തിയ പ്രവർത്തനങ്ങളെ ആത്മശോധനയ്ക്ക് വിദേയമാക്കാം. മറ്റുള്ളവരെ കാണിക്കാൻ ഭക്തനായ നിമിഷങ്ങൾ ഓർക്കാം, മറ്റുള്ളവരുടെ നല്ലവാക്കിനായി നാം അഭിനയിച്ചു തീർത്ത വേഷങ്ങൾ എല്ലാം ഓർമ്മിക്കാം. അനുതാപ ഹൃദയത്തോടെ കുമ്പസാരകൂട്ടിൽ ഏറ്റുപറയാം.
വിശുദ്ധനാണെന്ന് ദൈവം പറയാൻ ഇടവരട്ടെ. എല്ലാ ഭക്തകാര്യങ്ങളും ഉപവാസവും പ്രാർത്ഥനയും ദാനധർമ്മവും വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാത്തവണ്ണം ആകട്ടെ. ദൈവം ഒന്നാമൻ ആക്കി നമ്മെ മാറ്റട്ടെ. അവിടുത്തെ പ്രതിഫലത്തിൽ നമുക്ക് പ്രഥമസ്ഥാനം ലഭിക്കട്ടെ. അത് നിത്യമാണല്ലോ….
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.