എട്ടുനോമ്പാചരണത്തെ കുറിച്ച് സീറോ മലബാര്‍ സഭയുടെ സര്‍ക്കുലര്‍
മിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ,
ഇക്കഴിഞ്ഞ ആഗസ്റ്റ് 18 മുതല്‍ 21 വരെ നടന്ന നമ്മുടെ സഭയുടെ സിനഡിന്റെ ഒരു പ്രധാന തീരുമാനം അറിയിക്കുന്നതിനാണ് കത്ത്. സിനഡിന്റെ ചര്‍ച്ചകളെയും തീരുമാനങ്ങളെയു ംകുറിച്ചുള്ള പൊതുവായ സര്‍ക്കുലര്‍ താമസിയാതെ അയക്കുന്നതാണ്. എട്ടുനോമ്പ് നമ്മുടെ സഭയില്‍ ഏതാനും വര്‍ഷങ്ങളായി കൂടുതല്‍ പ്രാധാന്യത്തോടെ ആചരിക്കപ്പെടുന്നുണ്ട്. കോവിഡിന്റെ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ മഹാമാരിയെ അതിജീവിക്കുക എന്ന നിയോഗത്തില്‍ നമ്മുടെ സഭയില്‍ എല്ലാവരും ഈ വര്‍ഷത്തെ എട്ടുനോമ്പ് തീക്ഷണമായി അനുഷ്ഠിക്കണമെന്ന് സിനഡില്‍ തീരുമാനമുണ്ടായി.
അതനുസരിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും നോമ്പ് ആചരിക്കേണ്ടതാണ്. ഈ ദിവസങ്ങളില്‍ ഈ പകര്‍ച്ചവ്യാധിയില്‍നിന്നുള്ള അതിജീവനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടരണം. നോമ്പുദിവസങ്ങളില്‍ മാംസവും മത്സ്യവും വര്‍ജിക്കണമെന്നു പറയേണ്ടതില്ലല്ലോ. കൂടാതെ, നോമ്പിനിടയിലുള്ള നാലാം തീയതി വെള്ളിയാഴ്ച സാധിക്കുന്ന എല്ലാവരും ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. ഈ ദിവസം നമ്മുടെ സഭയിലെ മെത്രാന്മാരും, രൂപതക്കാരും സമര്‍പ്പിതരുമായ എല്ലാ വൈദികരും ഈ മഹാമാരിയെ അതിജീവിക്കുന്നതിന് ദൈവകരുണ യാചിച്ചുകൊണ്ടു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണം. ആ വിശുദ്ധ കുര്‍ബാനയില്‍ ജനങ്ങളെല്ലാവരും ഏതെങ്കിലും രീതിയില്‍ സംബന്ധിക്കുവാന്‍ പരിശ്രമിക്കണം.
അങ്ങനെ നമ്മുടെ സഭ മുഴുവന്‍ ഒരേ ദിവസം ഒന്നിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവസന്നിധിയില്‍ അത് കൂടുതല്‍ സ്വീകാര്യമാകുമല്ലോ. എട്ടാം തീയതി പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ നമുക്ക് സമുചിതമായി ആഘോഷിക്കാം . കാരുണ്യവാനായ കര്‍ത്താവ് നമ്മെ അനുഗ്രഹിക്കട്ടെ .
ഈശോയില്‍ സ്‌നേഹപൂര്‍വ്വം
കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.