നമ്മുടെ വിളക്കുകള്‍ തെളിഞ്ഞുനില്‍ക്കട്ടെ

സ്പ്രിംഗ് ഫീല്‍ഡ്, അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. ഒരുലക്ഷത്തോളം പേര്‍ മാത്രം അധിവസിക്കുന്ന ഈ കൊച്ചു നഗരത്തില്‍ പല ടുറിസ്റ്റുകേന്ദ്രങ്ങളുമുണ്ട്. അവയിലൊന്ന് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന എബ്രഹാം ലിങ്കന്റെ പഴക്കം ചെന്ന വീടാണ്. ഈ വീടിനെ പശ്ചാത്തലമാക്കിയുള്ള ഒരു കഥ ഇവിടെ കുറിക്കട്ടെ. ഒരിക്കല്‍ സ്പ്രിംഗ് ഫീല്‍ഡിലുള്ള ഒരു സ്ത്രീ തന്റെ കുട്ടികളെ ലിങ്കന്റെ ഭവനം കാണിക്കുവാന്‍ കൊണ്ടുപോയി. ആ സന്ദര്‍ശനത്തില്‍ ലിങ്കനെക്കുറിച്ചുള്ള ഒട്ടേറെ കഥകള്‍ അവര്‍ തന്റെ കുട്ടികളോടു പറഞ്ഞു. അമേരിക്കയില്‍ ഒരുകാലത്ത് നിലനിന്നിരുന്ന അടിമവ്യാപാരം ലിങ്കണ്‍ നിര്‍ത്തലാക്കിയ കഥയും അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു. ലിങ്കനെക്കുറിച്ച് വളരെ നല്ല അഭിപ്രായവുമായിട്ടായിരുന്നു അന്ന് കുട്ടികള്‍ മടങ്ങിപ്പോയത്.

പിന്നീടൊരിക്കല്‍ ഈ സ്ത്രീയും കുട്ടികളും ലിങ്കന്റെ വീടിന്റെ മുന്നില്‍ക്കൂടി കടന്നുപോകാനിടയായി. അപ്പോള്‍ രാത്രിയായിരുന്നു. ലിങ്കന്റെ വീടിനുള്ളില്‍ ലൈറ്റുകള്‍ തെളിഞ്ഞു. കൊച്ചുകുട്ടികളിലൊരാള്‍ പറഞ്ഞു: ‘അമ്മേ നോക്കൂ, വീടിനുള്ളിലെ ലൈറ്റ് കെടുത്താതെയാണ് ലിങ്കണ്‍ പോയത്.’ ഇതു കേട്ട ഉടനെ ആ അമ്മ പറഞ്ഞു: ‘നമുക്ക് പ്രകാശം ലഭിക്കാന്‍ വേണ്ടി അദ്ദേഹം തന്റെ ലൈറ്റുകള്‍ കെടുത്താതെയാണു പോയത്’ ലിങ്കണ്‍ വെടിയേറ്റുമരിച്ചിട്ട് ഒരു നൂറ്റാണ്ടിലേറെയായി. എങ്കിലും അദ്ദേഹത്തിന്റെ വീട്ടില്‍ രാത്രിയിലിപ്പോഴും പ്രകാശം കാണാം. ആരും ഇന്നവിടെ താമസിക്കുന്നില്ലെങ്കിലും ആ വീട്ടിലെ വിളക്കുകള്‍ ഒരിക്കലും കെടുത്താറില്ല. ലിങ്കന്റെ ജീവിതമാതൃക ഇന്നും മറ്റുള്ളവര്‍ക്ക് പ്രാകാശം പരത്തുന്നു എന്നതിന്റെ സൂചനയായി ആ വിളക്കുകള്‍ എപ്പോഴും കത്തിനില്ക്കുന്നു.

അറിയപ്പെടുന്നവരും അല്ലാത്തവരുമായ ഒട്ടേ റെയാളുകള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ ഓരോരോ രീതിയില്‍ പ്രകാശം പര ത്തുന്നുണ്ട്. ഗാന്ധിജിയും മദര്‍ തെരേസയും നമ്മുടെ ജീവിതത്തില്‍ പ്രചോദനം പകരുന്ന പ്രസിദ്ധരായ വ്യക്തികളാണ്. എന്നാല്‍, അതുപോലെതന്നെയോ അതിലേറെയോ നമ്മെ സ്വാധീനിക്കുന്നവരുടെകൂടെ എളിയവരായ നമ്മുടെ മാതാപിതാക്കളോ നമ്മുടെ അധ്യാപകരോ ബന്ധുക്കളോ സ്‌നേഹിതരോ ഒക്കെയുണ്ടാവും. അവരുടെയൊക്കെ ജീവിതത്തില്‍ തെളിഞ്ഞുനില്ക്കുന്ന വിളക്കുകളാണ് നമ്മെ പലപ്പോഴും വഴിനടത്തുന്നതും നമുക്ക് ആത്മശക്തി പ്രദാനംചെയ്യുന്നതും.

മറ്റുള്ളവര്‍ പലപ്പോഴും അവരുടെ നല്ല ജീവിതമാതൃകയിലൂടെ നമ്മുടെ ജീവിതത്തില്‍ പ്രകാശം പരത്താറുണ്ട്. അതിനെക്കുറിച്ചു പലപ്പോഴും നാം നന്ദിയുള്ളവരാണ്. എന്നാല്‍, മറ്റുള്ളവരുടെ ജീവിത ത്തില്‍ പ്രകാശം പരത്താനായി നാം എന്തുചെയ്യുന്നുവെന്ന് എപ്പോഴെങ്കിലും നാം സ്വയം ചോദിക്കാറുണ്ടോ? നമ്മുടെ നല്ല മാതൃകയിലൂടെയും ബോധപൂര്‍വമായ പെരുമാറ്റത്തിലൂടെയും മറ്റുള്ളവര്‍ക്കു പ്രചോദനവും ശക്തിയും നല്കാന്‍ നമുക്കു സാധിക്കുമെന്നതാണ് വസ്തുത. നാം മനസുവച്ചാല്‍ നമ്മുടെ നല്ല ജീവിതമാതൃകയിലൂടെ മറ്റുള്ളവരെ ശരിയായ രീതിയില്‍ സ്വാധീനിക്കാന്‍ സാധിക്കുമെന്നതില്‍ സംശയം വേണ്ട. ഹ്രസ്വമാണ് നമ്മുടെ ജീവിതം. എന്നാല്‍, നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനായി നമ്മുടെ ജീവിതം മാറ്റിവച്ചാല്‍ നാം ചെയ്യുന്ന നല്ല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തെ അതിജീവിക്കുമെന്നതില്‍ സംശയം വേണ്ട. നാം ചെയ്യുന്ന നല്ല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തെ അതിജീവിക്കാന്‍ നാം ഒരു ഗാന്ധിജിയോ ലിങ്കണോ ആയിത്തീരണമെന്നില്ല. നാം നയിക്കുന്നതു വെറും സാധാരണ ജീവിതമാണെങ്കിലും നമ്മുടെ ജീവിതത്തിലെ നന്മയും നല്ല മാതൃകയും നമ്മുടെ ജീവിതത്തെ തീര്‍ച്ചയായും അതിജീവിക്കും. എന്നുമാത്രമല്ല, അവ എപ്പോഴും മറ്റു മനുഷ്യര്‍ക്ക് പ്രചോദനവും ശക്തിയും പകരുകയും ചെയ്യും. പ്രസിദ്ധരാകാനും മറ്റുള്ളവരുടെ കൈയടി വാങ്ങാനുമൊക്കെയുള്ള ആഗ്രഹം നമുക്കുള്ളതുകൊണ്ട് പലപ്പോഴും നാം ഓരോ കാര്യങ്ങള്‍ ചെയ്തുകൂട്ടിയെന്നിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ യഥാര്‍ത്ഥ നന്മ ആഗ്രഹിച്ചുകൊണ്ടല്ല നാം അവ ചെയ്യുന്നതെങ്കില്‍ അവയൊന്നും നമ്മുടെ ജീവിതത്തെ ശരിയായ രീതിയില്‍ അതിജീവിക്കുമെന്നു നാം കരുതേണ്ട.

മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യുന്നവയൊക്കെ നമ്മുടെ പേരും പെരുമയും മോഹിച്ചാണു നാം ചെയ്യുന്നതെങ്കില്‍ അവയൊന്നും മറ്റുള്ളവ രുടെ ജീവിതത്തില്‍ പ്രകാശം പരത്തുന്ന തിനു സഹായകരമാവില്ല എന്നതു നാം മറക്കേണ്ട. നാം നമ്മുടെ ജീവിതത്തിലെ വിളക്കുകള്‍ തെളിക്കുന്നതു നമ്മെ ഉയര്‍ത്തി ക്കൊണ്ടുവരാന്‍വേണ്ടിയാകരുത്. പ്രത്യുത, മറ്റുള്ളവര്‍ക്ക് യഥാര്‍ഥ വെളിച്ചമാകാന്‍ വേണ്ടിയാകട്ടെ നമ്മുടെ ജീവിതവിളക്കുകള്‍ നാം തെളിക്കുന്നത്. അങ്ങനെ, മറ്റുള്ളവര്‍ക്ക് യഥാര്‍ഥ വെളിച്ചമാകുന്നതിലാകട്ടെ നാം ആനന്ദം കണ്ടെത്തുന്നത്. മറ്റുള്ളവര്‍ക്ക് വെളിച്ചം പകരണമെങ്കില്‍ ആദ്യം നമ്മില്‍ ത്തന്നെ വെളിച്ചമുണ്ടായിരിക്കണം എന്നത് എപ്പോഴും നമ്മുടെ ഓര്‍മയിലിരിക്കട്ടെ. നമ്മില്‍ വെളിച്ചമില്ലെങ്കില്‍ എങ്ങനെയാണു മറ്റുള്ളവര്‍ക്കു പ്രകാശം പകരുവാന്‍ നമുക്കു സാധിക്കുക? നമുക്കുള്ളതല്ലേ മറ്റുള്ളവര്‍ക്കു കൊടുക്കാനാകൂ? അതുകൊണ്ടു നമ്മില്‍ പ്രകാശമുണ്ടെന്ന് ആദ്യം ഉറപ്പുവരുത്താം. പക്ഷേ, എങ്ങനെയാണ് നമ്മില്‍ പ്രകാശമുണ്ടെന്ന് നാം ഉറപ്പുവരുത്തുക? നല്ലവരായി ജീവിക്കുകയാണെങ്കില്‍ അന്ധകാരത്തിന് ഒരിക്കലും നമ്മെ വിഴുങ്ങാനാവില്ല. അതു പോലെ, സ്വാര്‍ഥത വെടിഞ്ഞുള്ള ജീവിതമാണു നമ്മുടേതെങ്കില്‍ നമ്മില്‍ പ്രകാശത്തിനു കടന്നുവരാതിരിക്കാന്‍ ഒരിക്കലും സാധിക്കുകയില്ല. അതായത്, നാം മനസു വച്ചാല്‍ നമ്മുടെ ജീവിതത്തില്‍ എപ്പോഴും പ്രകാശം ഉണ്ടാകുമെന്നു ചുരുക്കം. പ്രകാശത്തിന്റെ മനുഷ്യരായി നമുക്കു മാറാന്‍ ശ്രമിക്കാം. അതുപോലെ, നമ്മുടെ ജീവിതവിളക്കുകള്‍ എപ്പോഴും തെളിച്ചുനിര്‍ത്താനും നമുക്കു ശ്രമിക്കാം.

~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles