ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആഘാതമായി കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി

വിദേശസംഭാവനാ നിയന്ത്രണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ ക്രൈസ്തവ സഭകളുടെയും മറ്റു സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ആഘാതം സൃഷ്ടിക്കുമെന്ന് ആശങ്ക. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ (എഫ്‌സിആര്‍) അമെന്റ്‌മെന്റ് ബില്‍2020 എന്ന പേരിലാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന പുതിയ ഭേദഗതി വരുന്നത്. വിദേശസംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ വിദേശസംഭാവന ഫണ്ടുകള്‍ മറ്റൊരു സ്ഥാപനത്തിലേക്കും കൈമാറരുതെന്നാണു പുതിയ ഒരു ഭേദഗതി. നിലവിലുള്ള ചട്ടങ്ങളനുസരിച്ച് എഫ്‌സിആര്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കു രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു സ്ഥാപനങ്ങളിലേക്കു പരിധിയില്ലാതെ ഫണ്ടുകള്‍ കൈമാറാം.

രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശസംഭാവന ഫണ്ടുകളുടെ ഒരു ഭാഗം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ കൈമാറാനും അനുവാദമുണ്ട്. ഇതനുസരിച്ചു കത്തോലിക്കാ രൂപതകളും മറ്റു പ്രധാന സ്ഥാപനങ്ങളും വിദേശത്തുനിന്നു കിട്ടുന്ന സംഭാവനകള്‍ ഗ്രാമപ്രദേശങ്ങളിലെ ചെറുകിട സംഘങ്ങള്‍ക്കും പള്ളികള്‍ക്കും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാറുണ്ട്. ഉദാഹരണത്തിന്, കാരിത്താസ് ഇന്ത്യ പോലുള്ള സംഘടനകള്‍ പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ വിദേശത്തുനിന്നു കിട്ടുന്ന സംഭാവനകള്‍ രാജ്യത്തെങ്ങുമുള്ള രൂപതകള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. പുതിയ ഭേദഗതിയനുസരിച്ച് ഇത്തരം ഫണ്ട് കൈമാറ്റം നടക്കില്ല. ഗ്രാമീണ മേഖലകളില്‍ പാവങ്ങള്‍ക്കു ഗുണംകിട്ടുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അവര്‍ക്ക് ഇനി നടത്താന്‍ കഴിയാതെവരും.

കാരിത്താസ് ഇന്ത്യയെപ്പോലെ രാജ്യത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നേരിട്ടും അല്ലാതെയും നടത്തുന്ന അനേകം സംഘടനകളുണ്ട്. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനം തടയപ്പെടുന്‌പോള്‍ യഥാര്‍ഥത്തില്‍ നഷ്ടമുണ്ടാകുന്നതു പാവങ്ങള്‍ക്കും സഹായം ആവശ്യമുള്ളവര്‍ക്കുമാണ്. പുതിയ ഭേദഗതികള്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വലിയ സംഘടനകളുടെ ചിറകരിയും. വിദേശസംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള അക്കൗണ്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹി ബ്രാഞ്ചില്‍ മാത്രമേ തുടങ്ങാവൂ എന്നതാണു മറ്റൊരു ഭേദഗതി നിര്‍ദേശം.

ഇപ്പോള്‍ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെയോ ഷെഡ്യൂള്‍ഡ് ബാങ്കിന്റെയോ രാജ്യത്തെന്പാടുമുള്ള ബ്രാഞ്ചുകളില്‍ ഇത്തരം അക്കൗണ്ടുകള്‍ തുടങ്ങാം. പുതിയ ഭേദഗതി ഗ്രാമീണ മേഖലകളില്‍ സന്നദ്ധസേവന സംഘടനകളുടെ പ്രവര്‍ത്തനം തീര്‍ത്തും അസാധ്യമാക്കും. എല്ലാവര്‍ക്കും ന്യൂഡല്‍ഹിയില്‍ ചെന്ന് അക്കൗണ്ട് തുടങ്ങാന്‍ പറ്റില്ല എന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കു വിദേശസംഭാവനയുടെ 20 ശതമാനത്തില്‍ കൂടുതല്‍ ഭരണച്ചെലവുകള്‍ക്കായി ചെലവഴിക്കാന്‍ പാടില്ല എന്നാണു മറ്റൊരു ഭേദഗതി. ഇതും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അസാധ്യമാക്കുന്നതാണ്. പഴയ ചട്ടങ്ങളനുസരിച്ച് വിദേശസംഭാവനയുടെ 50 ശതമാനംവരെ ഭരണച്ചെലവുകള്‍ക്കായി വിനിയോഗിക്കാം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രോജക്ടുകള്‍ ചെയ്യുന്ന സന്നദ്ധസംഘടനകള്‍ അവയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി യോഗ്യരായ ആളുകളെ നിയമിച്ചിട്ടുണ്ട്. ഇവരുടെ ശന്പളവും യാത്രാച്ചെലവുകളും ഓഫീസ് ചെലവുകളുമെല്ലാം വഹിക്കേണ്ടതു സന്നദ്ധസംഘടനകള്‍തന്നെയാണ്. ചെലവുകളുടെ 20 ശതമാനമേ ഭരണച്ചെലവുകള്‍ക്ക് പാടുള്ളൂ എന്ന നിബന്ധന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് അസാധ്യമാക്കും.

അതുകൊണ്ട് വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ തികച്ചും അന്യായമായ നിര്‍ദിഷ്ട ഭേദഗതികള്‍ പിന്‍വലിക്കണമെന്ന് സന്നദ്ധസംഘടനകള്‍ ആവശ്യപ്പെടുന്നു. കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. കൃത്യമായ ഓഡിറ്റിംഗ് നടത്തി കണക്കുകള്‍ സമര്‍പ്പിക്കുന്നുണ്ട്. വിദേശസംരംഭകരെ വിവിധ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ ക്ഷണിക്കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുള്ള സഹായം മാത്രം നിഷേധിക്കുന്നത് വിരോധാഭാസമാണ് എന്ന് സന്നദ്ധസംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles