ശുദ്ധീകരണസ്ഥലത്തെ വേദന ഇത്ര കഠിനമാകുന്നത് എന്തു കൊണ്ട് ?
ഭൂമിയില്‍ നാം കാണുന്ന അഗ്നി ദൈവം തന്റെ നന്മയില് നിന്ന് നമ്മുടെ പ്രയോജനത്തിനും അനന്ത സുസ്ഥിതിക്കുമായി സൃഷ്ടിച്ചതാണ്. എങ്കിലും ഇതിനെ സംഹാരത്തിനായി ഉപയോഗിക്കുമ്പോള്‍ അത് നമുക്ക് ചിന്തിക്കാവുന്നതില്‍ വച്ച് ഏറ്റവും ഭയാനകമായ ഒന്നായി തീരുന്നു.
നമ്മെ ശുദ്ധീകരിക്കുന്നതിനു വേണ്ടി തന്റെ നീതിയില്‍ നിന്നാണ് ശുദ്ധീകരണസ്ഥലത്തിലെ അഗ്നി ദൈവം സൃഷ്ടിച്ചത്. അത് കൊണ്ട് അത് താരതമ്യം ചെയ്യാനാവാത്ത വിധം കഠിനതരമാണ്.
സാധാരണ അഗ്നി നമ്മുടെ സ്ഥൂല ശരീരത്തെയാണ് ദഹിപ്പിക്കുന്നത്. എന്നാല്‍ ശുദ്ധീകരണസ്ഥലത്തെ അഗ്നിയാകട്ടെ, ചെറിയ വേദന പോലും സഹിക്കാനാകാത്ത മൃദുലമായ ആത്മാവിനെയാണ് ദഹിപ്പിക്കുന്നത്.
ഭൂമിയിലെ തീ അതിവേഗത്തില്‍ അതിന്റെ ഇരയെ ദഹിപ്പിച്ചു തീര്‍ക്കുന്നതിനാല്‍ വേദനയില്‍ നിന്ന് തല്‍ക്ഷണം മോചിതമാകുന്നു. എന്നാല്‍ ശുദ്ധീകരണസ്ഥലത്തിലെ തീ അതിശക്തവും വേദനാകരവുമായിരിക്കുമ്പോഴും ആത്മാവിനെ തീര്‍ക്കുകയോ വേദന കുറയ്ക്കുകയോ ഒരിക്കലും ചെയ്യുന്നില്ല.
മറ്റെല്ലാത്തിനെക്കാളും ഉപരിയായ യാതനയാണ് ശുദ്ധീകരണസ്ഥലത്തെ തീ. എങ്കിലും ദൈവത്തില്‍ നിന്ന് വേര്‍പെട്ടിരിക്കുക എന്ന അവസ്ഥ ആത്മാവിനെ സംബന്ധിച്ചിടത്തോളം തീയേക്കാള്‍ ശക്തമായ വേദന ഉളവാക്കുന്നതാണ്. ശരീരത്തില്‍ നിന്ന് വേര്‍പെട്ട ആത്മാവ് അതിന്റെ സര്‍വശക്തിയോടും കൂടെ ദൈവത്തെ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നു. അത്യധികമായ ആഗ്രഹത്തോടെ ദൈവസന്നിധിയില്‍ എത്താന്‍ ആത്മാവ് കൊതിക്കുന്നു. എന്നാല്‍ അതിന് കഴിയുന്നില്ല. ഇങ്ങനെ ആഗ്രഹം സഫലീകരിക്കാന്‍ കഴിയാത്തെ ആത്മാവിന്റെ വേദന വാക്കുകളാല്‍ വിവരിക്കാന്‍ അസാധ്യമാണ്.
ഇങ്ങനെയുള്ള വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി ബുദ്ധിയുള്ള മനുഷ്യര്‍ ഒരു മുന്‍കരുതലും എടുക്കുന്നില്ല എന്നത് എത്രയോ വലിയ മൗഢ്യമാണ്.
ഇതൊന്നും ഇങ്ങനെ ആയിരിക്കുകയില്ല. ഇവയൊന്നും മനസ്സിലാകുന്നില്ല, ഇതിനെ കുറിച്ച് ചിന്തിക്കുകയും പറയുകയും ചെയ്യാതിരിക്കുകയാണ് നല്ലത് എന്ന് കരുതുന്നത് ബാലിശമാണ്. നമ്മള് വിശ്വസിച്ചാലും ഇല്ലെങ്കിലും ശുദ്ധീകരണ സ്ഥലത്തെ യാതനകള്‍ നമുക്ക് ഊഹിക്കാവുന്നിനും വിഭാവന ചെയ്യാവുന്നതിനും അപ്പുറമാണ് എന്ന സത്യം മാറ്റമില്ലാതെ നിലകൊള്ളുന്നു എന്ന് വിശുദ്ധ അഗസ്റ്റിന് പറയുന്നു.