ലാസലറ്റില്‍ പ്രത്യക്ഷയായ മാതാവ്‌

1846 സെപ്റ്റംബർ 19ന് വൈകീട്ട് മാക്സിമിൻ ഗിരൗഡ്, മെലാനി കാൽവറ്റ്‌ എന്ന രണ്ടു കുട്ടികൾ ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകൾക്ക് അടുത്തുള്ള ലാസലേറ്റ് എന്ന ഗ്രാമത്തിലെ താഴ്‌വരയിൽ ആടുകളെ മേയ്ക്കുകയായിരുന്നു. ഈ കുട്ടികൾ സ്കൂളിൽ പോവുകയോ അക്ഷരജ്ഞാനം നേടാൻ മറ്റുവഴികൾ ലഭിക്കുകയോ ചെയ്യാത്തവർ ആയിരുന്നു. കുറച്ച് വേദപാഠ ക്ലാസ്സ് അനുഭവം മാത്രം.

ആടുകളെ മുന്നോട്ട് നയിക്കുന്നതിന് ഇടയിൽ ഒരു ശക്തമായ പ്രകാശം അവർ കണ്ടു. അവരുടെ തന്നെ ഭാഷയിൽ ‘ സൂര്യനേക്കാൾ വലിയത്. ‘ അവർ നോക്കിയപ്പോൾ അതിനുള്ളിൽ ഒരു സുന്ദരിയായ സ്ത്രീയെ കണ്ടു. ആ മഹതി ആരാണെന്നറിയാൻ അവർ അടുത്തേക്ക് ചെന്നു. അപ്പോൾ പ്രകാശം ഇല്ലാതായി. ഒരു പാറക്കല്ലിൽ ഇരുന്ന് മുഖം കൈകളാൽ മറച്ച് കരയുകയായിരുന്നു അവർ. കരഞ്ഞു കൊണ്ട് തന്നെ എഴുന്നേറ്റു നിന്ന് അവരുടെ നാടൻ ഭാഷയിൽ കുട്ടികളോട് അവർ സംസാരിച്ചു.

അവർ ഒരു ശിരോവസ്ത്രവും തിളങ്ങുന്ന കിരീടവും ധരിച്ചിരുന്നു. ഒരു നിര റോസാപ്പൂക്കളും ശിരസ്സിൽ അണിഞ്ഞിരുന്നു. പ്രകാശിക്കുന്ന വസ്ത്രവും റോസാപ്പൂക്കളുള്ള പാദരക്ഷയും ആ മഹതി ധരിച്ചിരുന്നു. കഴുത്തിൽ സ്വർണ്ണ കുരിശും ധരിച്ചിരുന്നു. കുരിശിന്റെ താഴെ ചുറ്റികയും ആണികളും ഉണ്ടായിരുന്നു.

അവൾ പറഞ്ഞു:” കുഞ്ഞുങ്ങളെ, അടുത്തു വരൂ. ഭയപ്പെടേണ്ട.. ഞാൻ വന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ്.” അവൾ തുടർന്നു: “ജനങ്ങൾ അനുസരിച്ചില്ലെങ്കിൽ എനിക്ക് എന്റെ മകന്റെ കരം ഇനിയും തടുത്തുനിർത്താൻ ആകില്ല. ആ കരം നൽകുന്ന പ്രഹരം വളരെ ഭാരമേറിയതായിരിക്കും. ഞാൻ നിങ്ങളെ പ്രതി എത്ര സഹിച്ചു! ഇനിയും എന്ത് ന്യായം പറഞ്ഞ് ഞാൻ അവനെ തടയും?

നിയമങ്ങൾ നിങ്ങൾക്ക് ബാധകമല്ല എന്ന് നിങ്ങൾ പറയുന്നു. ആറു ദിവസങ്ങൾ ജോലിചെയ്യാൻ നിങ്ങൾക്ക് തന്നു. ഏഴാമത്തെ ദിവസം എനിക്കായി നിങ്ങൾ നീക്കിവെക്കണമെന്ന് പിതാവായ ദൈവം കല്പിച്ചതല്ലേ? നിങ്ങൾക്ക് സമൃദ്ധമായ വിളവു നൽകുന്നത് അവിടുന്ന് അല്ലേ? നിങ്ങളുടെ വിളവ് നശിച്ചാൽ അതിന്റെ കാരണക്കാർ ഇനി നിങ്ങൾ തന്നെയായിരിക്കും. ഒരു വലിയ ക്ഷാമം വരുന്നു. കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ കരങ്ങളിൽ മരിച്ചു കിടക്കും. മുതിർന്നവർ വിശപ്പിന്റെ വില അറിയും. ഞായറാഴ്ച ദൈവത്തെ ആരാധിക്കാത്തതിന്റെയും..”വളരെ ദുഃഖകരമായ സന്ദേശം…

അവൾ തുടർന്നു:”എന്നാൽ നിങ്ങൾ മനസ്സ് തിരിഞ്ഞ് ദൈവത്തിലേക്ക് വന്നാൽ ഗോതമ്പു അട്ടി കണക്കിന് നിറയും. അതുപോലെ ഉരുളക്കിഴങ്ങുകളും.”
“കുട്ടികളെ, നിങ്ങൾക്ക് പ്രാർത്ഥിക്കാൻ അറിയുമോ?”
“ഇല്ല. ഞങ്ങൾ പ്രാർത്ഥിക്കാൻ പഠിച്ചിട്ടില്ല.” മാതാവ് പറഞ്ഞു:”ഓ എന്റെ കുഞ്ഞുങ്ങളെ, അത് വളരെ പ്രധാനമാണ്. സ്വർഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ തുടങ്ങിയ പ്രാർത്ഥനകൾ ദിവസത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ പ്രാർത്ഥിക്കണം.”

ഒരു ദീർഘ നിശ്വാസത്തിനു ശേഷം തുടർന്നു:”വയസ്സായ ചില സ്ത്രീകൾ മാത്രമേ ഞായറാഴ്ചകളിൽ ദേവാലയത്തിൽ പോകുന്നുള്ളൂ. നോയമ്പ് കാലത്ത് ആരും തന്നെ മാംസം വർജ്ജിക്കുന്നില്ല. കുഞ്ഞുങ്ങളെ, ഞാൻ നിങ്ങളോട് പറഞ്ഞവ ജനങ്ങളെ അറിയിക്കുക.” അവൾ നടന്നു. അപ്പോൾ ആദ്യത്തെ പ്രകാശം വീണ്ടും ഉണ്ടായി. ആ പ്രകാശത്തിൽ അവൾ മറഞ്ഞു.

കുട്ടികൾ സംഭവം എല്ലാവരെയും അറിയിച്ചു. ആളുകൾ അവരെ ദേവാലയത്തിലേക്ക് കൊണ്ടുപോയി. ഇടവക വികാരി ആ സ്ത്രീ പരിശുദ്ധ മറിയം ആണെന്ന് ജനങ്ങളെ അറിയിച്ചു. പ്രത്യക്ഷ സ്ഥലം പരിശോധിച്ചപ്പോൾ മാതാവ് ഇരുന്ന് പാറയിൽനിന്ന് പുതിയ ഒരു നീരുറവ പൊട്ടിപ്പുറപ്പെട്ടത് ആയി കാണപ്പെട്ടു.ആ ജലം കുടിച്ച രോഗികൾ സൗഖ്യപെട്ടു.

സൗഖ്യങ്ങളെല്ലാം മെത്രാസനത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഏറ്റവും വലിയ അത്ഭുതം ജനങ്ങളുടെ മാനസാന്തരം ആണ്. ഞായറാഴ്ച കുർബാനയിലും കുമ്പസാരത്തിലും നോമ്പിലും ജനങ്ങൾ താല്പര്യപൂർവ്വം പങ്കുചേർന്നു. ഞായറാഴ്ച ജോലികൾ ചെയ്യുന്നത് നിർത്തി ദൈവത്തിനായി സമർപ്പിച്ചു. ഒത്തിരി ജനങ്ങൾ തീർത്ഥാടനത്തിനായി ലാസലേറ്റിൽ വന്നു. ‘മിഷനറീസ് ഓഫ് ലാസലറ്റ്’ എന്ന പേരിൽ ഒരു ആത്മീയ കൂട്ടായ്മ അവിടെ വളർന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷം ഒരു പുതിയ ബസലിക്കാ മെത്രാൻ തറക്കല്ലിട്ടു.

‘പാപികളുടെ അനുരഞ്ജനവർത്തി’ എന്ന പേരിൽ മറിയം ലാസലേറ്റിൽ അറിയപ്പെടുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles