പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്ക്കെടുക്കും: ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ.
കൊച്ചി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തുള്ള ഭരണത്തുടർച്ചയാണു ലക്ഷ്യമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ക്രൈസ്തവസമൂഹം മുഖവിലയ്ക്കെടുക്കുമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ.
ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കേണ്ടതു രാജ്യം ഭരിക്കുന്നവരുടെ കടമയും ഉത്തരവാദിത്തവുമാണ്. നിയമപരമായ ന്യൂനപക്ഷ അവകാശങ്ങൾ യാതൊരു കാരണവശാലും നിഷേധിക്കാൻ പാടില്ല.
വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ രംഗത്തു ക്രൈസ്തവ സമൂഹം നൽകുന്ന വിശിഷ്ടമായ സേവനത്തിന്റെ ഗുണഭോക്താക്കൾ പൊതുസമൂഹമൊന്നാകെയാണ്. കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു ജനസംഖ്യാനുപാതികമായ പങ്കാളിത്തമുണ്ടാകണം.
കുട്ടികളും സ്ത്രീകളും കർഷകരുമുൾപ്പെടെയുള്ള ജനവിഭാഗത്തിന്റെ ക്ഷേമത്തിന് ഉതകുന്ന പദ്ധതികളെയും പ്രവർത്തനങ്ങളെയും രാഷ്ട്രീയത്തിനതീതമായി ക്രൈസ്തവ സമൂഹം പിന്തുണയ്ക്കുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.