ക്രൈസ്തവ സാഹിത്യകലകള്‍ വളരുന്നിടം
ആത്മീയമായി മനുഷ്യരെ പുനരുദ്ധരിക്കുന്നതോടൊപ്പം കലാസാഹിത്യമേഖലകളില്‍ വലിയൊരു പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചത് കൊണ്ടാണ് കൃപാസനം അതുല്യമായ ഒരു സംരംഭമായി നിലകൊള്ളുന്നത്. കൃപാസനത്തിന്റെ സ്ഥാപക ഡയറക്ടറായ ഡോ. ജോസഫ് വലിയവീട്ടിന്റെ നേതൃത്വത്തില്‍ തീരദേശ ക്രൈസ്തവ കലാരൂപങ്ങളായ ചവിട്ടുനാടകം, പരിചമുട്ടുകളി, മാര്‍ഗ്ഗംകളി, അണ്ണാവിപ്പാട്ട്, പുത്തന്‍പാന, അമ്മാനം പാട്ട്, ദേവാസ്തവിളി, മുതലായവയുടെ പഠനക്കളരിയും ഗവേഷണ പരിശീലന കേന്ദ്രവും കൃപാസനത്തില്‍ അരങ്ങേറുന്നു. പരമ്പരാഗത ക്രൈസ്തവ കലാസാഹിത്യരൂപങ്ങളുടെ അപൂര്‍വ്വങ്ങളായ കൈയെഴുത്തുപ്രതികള്‍ കണ്ടെത്തി സംരക്ഷിക്കുവാനും പുതിയ തലമുറയ്ക്ക് ഈ കലകളില്‍ പരിശീലനം കൊടുക്കുവാനും കൃപാസനം പരിശ്രമിക്കുന്നു.
1992 മുതല്‍ കൃപാസനം തീരദേശ ക്രൈസ്തവ(മിഷനറി) കലകളുടെ നാട്ടുഗുരുക്കന്മാരേയും ആശാന്മാരേയും അന്വേഷിച്ച് കണ്ടെത്തി ആദരിക്കുകയും ഇവരിലെ പ്രതിഭാശാലികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുതിനായി തീരദേശകലാസംഗമവും മത്സരങ്ങളും നടത്തിവരുന്നു. കൃപാസനം സംഘടിപ്പിച്ചിട്ടുള്ള ആത്മീയ സാംസ്കാരിക സംഗമ പ്രോഗ്രാമുകള്‍ ഓള് ഇന്‍ഡ്യ റേഡിയോയും ദൂരദര്‍ശനും ഇതരചാനലുകളും സംപ്രേഷണം ചെയ്തിട്ടുണ്ട്.
മുരിങ്ങൂര്‍ ഡിവൈനില്‍ 2009 ജൂലൈ മാസം നടന്ന അന്താരാഷ്ട്ര യുവജന ധ്യാനത്തില്‍ കൃപാസനം കേരളത്തിന്റെ തനതുകലയായ പരിചമുട്ടുകളി അവതരിപ്പിച്ച് 5 ഭൂഖണ്ഡങ്ങളില്‍ നിന്നും എത്തിയ യുവജനപ്രതിനിധികളുടെ മുക്തകണ്ഠമായ പ്രശംസ നേടി. കേരളക്രൈസ്തവരുടെ തനതുകലകളിലൊന്നായി ചവിട്ടുനാടകം സ്കൂള്‍ യുവജനോത്സവത്തിലെ മത്സര ഇനമായത് കൃപാസനത്തിന്റെ പരിശ്രമഫലമായിട്ടാണ്.
കൃപാസനത്തിലെ രചനകള്‍
വി പി അച്ചന് നല്ലൊരു എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ ഈടുറ്റതും പ്രൗഢവുമായ രചനകള്‍ കേരള സാഹിത്യ അക്കാദമിയുടേതുള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്. തീരപരിണാമത്തിന്റെ പാദമുദ്രകള്‍ എന്ന ചരിത്രഗവേഷണഗ്രന്ഥവും ചവിട്ടുനാടക വിജ്ഞാനകോശം എന്ന ഗവേഷണ ഗ്രന്ഥവും കൂടാതെ ദൈവം അനുഭവമാകുമ്പോള്‍, കൃപയുടെ സൂത്രവാക്യങ്ങള്‍, മറിയത്തിന്റെ സുവിശേഷം തുടങ്ങിയ ആത്മീയ ഗ്രന്ഥങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃപാസനത്തിന്റെ മുഖപത്രമായ കൃപാസനം പത്രിക കഴിഞ്ഞ 6 വര്‍ഷമായി പ്രസിദ്ധീകരിച്ചു വരുന്നു.
ചവിട്ടുനാടക കളരികള്‍
ഈ പരമ്പരാഗത കലാരൂപം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും പരിശീലിപ്പിക്കുവാനും പുതിയ കാലത്തിന്റെ കലാഭിരുചികള്‍ക്ക് സ്വീകാര്യമാക്കുവാനും കഴിയുംവിധം ചവിട്ടുനാടകകളരികള് കൃപാസനത്തിന്റെ പദ്ധതികളില്‍ ഒന്നാണ്.
150 കലാകാരന്മാരുടെ തമ്പേര്
2007 ആഗസ്റ്റ് മാസത്തില്‍ 150 ല്‍ പരം കലാകാരന്മാരെ ഒരു കുടക്കീഴില് അണിനിരത്തി സംഘടിപ്പിച്ച തമ്പേര് എന്ന പരിപാടി ചവിട്ടുനാടകത്തിന്റെ വിവിധ വശങ്ങളായ സ്വരൂപം, അഭിനയം, സംഗീതം, അവതരണം, ഇതിവൃത്തം, ചമയം തുടങ്ങിയവയെ കുറിച്ച് ഗഹനവും ഫലപ്രദവുമായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കും.