കോട്ടയം ലൂർദ് ഫൊറോന ദേവാലയം കൂദാശ ചെയ്തു
കോട്ടയം: കോട്ടയം നഗരത്തില്‍ പണിതീർത്ത ലൂർദ് ഫൊറോന ദേവാലയത്തിന്റെ കൂദാശ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, മാർ തോമസ് തറയിൽ എന്നിവർ സഹകാർമികരായി. വിശ്വാസ പാരന്പര്യവും പൈതൃകവും അടയാളമാക്കി ചാരുതയോടെ നിർമിച്ച ദേവാലയത്തിന്റെ കൂദാശയിലും പൊതുസമ്മേളനത്തിലും ആയിരക്കണക്കിന് വിശ്വാസികൾ ഒന്നുചേർന്നു. നൂറ്റാണ്ടിന്റെ പാരന്പര്യപ്രൗഢിയുള്ള ലൂർദ് ഇടവകയ്ക്കും അക്ഷരനഗരിക്കും അഭിമാനം പകരുന്ന പുതിയ ദേവാലയം സന്ദർശിക്കാനും ആഹ്ലാദം പങ്കിടാനും നാനാ മതസ്ഥർ സംഗമിച്ചതോടെ ലൂർദ് അങ്കണം മതസൗഹാർദത്തിന്റെ പുണ്യഭൂമിയും സാഹോദര്യത്തിന്റെ പ്രതീകവുമായി.
വികാരി റവ.ഡോ. ജോസഫ് മണക്കളം, ഫാ. ജോസഫ് ആലുങ്കൽ, ഫാ. പയസ് പായിക്കാട്ടുമറ്റത്തിൽ, ഫാ. ആന്റണി ചൂരവടി എന്നിവരുടെ നേതൃത്വത്തിൽ ഇടവകസമൂഹമൊന്നാകെ തിരുകർമങ്ങൾക്കും ആഘോഷങ്ങൾക്കും ഒരുമയോടെ നിലകൊണ്ടു. ട്രസ്റ്റിമാരായ ഡോ. മാത്യു പാറയ്ക്കൽ, കെ.വി. മാത്യു കുന്നേൽ, തോമസ് തോമസ് പാലയ്ക്കൽ, തോമസ് സെബാസ്റ്റ്യൻ ചൊവ്വാറ്റുകുന്നേൽ, പാരീഷ് കൗണ്‍സിൽ സെക്രട്ടറി പ്രഫ. ബേബി സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ലൂർദ് ഫൊറാനയുടെ കീഴിലെ 11 പള്ളികളെയും വിവിധ റീത്തുകളെയും രൂപതകളെയും ക്രിസ്തീയ സഭകളെയും പ്രതിനിധീകരിച്ച് ഒട്ടേറെ വൈദികരും സന്യസ്തരും വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുത്തു.