കോതമംഗലത്ത് ‘രണ്ടാം കൂനൻകുരിശ് സത്യം’
കോതമംഗലം: ചരിത്രമെഴുതി, കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ യാക്കോബായ സഭയുടെ ‘കൂനൻകുരിശ് സത്യ’ത്തിന്റെ പുനരാവിഷ്കരണം. കോരിച്ചൊരിഞ്ഞ മഴ വകവയ് ക്കാതെ സ്ത്രീകളും കുട്ടികളും വയോധികരുമടക്കം പതിനായിരങ്ങൾ വിശ്വാസത്തിൽ ഉറച്ചുനിൽക്കുമെന്നു പ്രതിജ്ഞയെടുത്തു.
വൈകുന്നേരം പള്ളിക്കു മുന്നിലെ കൽക്കുരിശിൽ കെട്ടിയ ആലാത്ത്(വടം) പിടിച്ച് യാക്കോബായ വിശ്വാസികൾ രണ്ടാം കൂനൻകുരിശ് പ്രതിജ്ഞയെടുത്തു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ആശുപത്രിയിൽ ചികിത്സയിലായതിനാൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ചൊല്ലിക്കൊടുത്ത വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ സത്യവിശ്വാസികൾ ഉച്ചത്തിൽ ഏറ്റുചൊല്ലി.
മെത്രാപ്പോലീത്തമാരായ ഏലിയാസ് മാർ അത്താനാസിയോസ്, ഐസക് മാർ ഒസ്താത്തിയോസ്, മാത്യൂസ് മാർ അപ്രേം, ഗീവർഗീസ് മാർ ബർണാബാസ്, ഏലിയാസ് മാർ യൂലിയോസ്, പൗലോസ് മാർ ഐറേനിയോസ്, കുര്യാക്കോസ് മാർ ക്ലിമീസ്, കുര്യാക്കോസ് മാർ ദിയസ്കോറോസ്, മാത്യൂസ് മാർ ഇവാനിയോസ്, സഭാ വൈദിക ട്രസ്റ്റി സ്ലീബ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ്, എംഎൽഎമാരായ ആന്റണി ജോണ്, എൽദോസ് കുന്നപ്പിള്ളി, സാമൂഹിക, സാംസ്കാരിക നേതാക്കൾ, കോർ എപ്പിസ്കോപ്പമാർ, വൈദികർ, സന്യസ്തർ, നാടിന്റെ നാനാഭാഗത്തുനിന്നുള്ള യാക്കോബായ വിശ്വാസികൾ എന്നിവരുൾപ്പെടെ പതിനായിരങ്ങൾ പങ്കെടുത്തു.
ആശുപത്രിയിൽ ചികിൽസയിലായതിനാൽ ശ്രേഷ്ഠ കാതോലിക്ക ബാവ വിശ്വാസ സമൂഹത്തിനായി തയാറാക്കി നൽകിയ പ്രത്യേക സന്ദേശം ചടങ്ങുകൾക്കൊടുവിൽ ജോസഫ് മാർ ഗ്രിഗ്രോറിയോസ് മെത്രാപ്പോലീത്ത വായിച്ചു.