ദാമ്പത്യവിശ്വസ്തതയ്ക്ക് ഒരു ഹോളിവുഡ് സാക്ഷ്യം
സിനിമ മേഖലയിലുള്ളവരില്‍ നിന്ന് നാം പൊതുവേ ദാമ്പത്യ വിശ്വസ്തത ഒന്നും പ്രതീക്ഷിക്കാറില്ല. വിവാഹ മോചനങ്ങളുടെയും അവിശ്വസ്തതയുടെയും കഥകളാണ് പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. ഹോളിവുഡിലെ പല പ്രശസ്ത താരങ്ങളും പല തവണ വിവാഹം കഴിച്ചവരുമാണ്. വിവാഹത്തിന്റെ പവിത്രതയെ അത്ര ഗൗരവമായി കാണാത്ത നടന്‍മാരെയും നടികളെയുമാണ് നാം പൊതുവേ കാണുന്നത്. എന്നാല്‍ ഹോളിവുഡില്‍ നിന്ന് ഇതാ വ്യത്യസ്തരായ താരദമ്പതികള്‍! കിര്‍ക്ക് കാമറോണ്‍ എന്ന ക്രിസ്ത്യാനിയായ ഹോളിവുഡ് നടനും അദ്ദേഹത്തിന്റെ ഭാര്യയായ ചെല്‍സിയ നോബിളും.
1991 ലാണ് കിര്‍ക്ക് കാമറോണ്‍ ചെല്‍സിയ നോബിളിനെ വിവാഹം ചെയ്തത്. അന്ന് മുതല്‍ എല്ലാ കാര്യത്തിലും കിര്‍ക്ക്, നോബിള്‍ ദമ്പതികള്‍ മാതൃകാ ദമ്പതികളായാണ് ജീവിച്ചതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ദാമ്പത്യവിശ്വസ്തതയുടെ കാര്യത്തില്‍ അവര്‍ അനുകരണീയമായ മാതൃകയാണ് നല്‍കിയിരിക്കുന്നത്.
2008 ല്‍ ഒരു സംഭവം നടന്നു. കിര്‍ക്ക് അന്ന് ഫയര്‍പ്രൂഫ് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സിനിമയില്‍ നായികയായി അഭിനയിച്ച മറ്റൊരു നടിയെ കിര്‍ക്ക് ചുംബിക്കുന്ന രംഗം ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ഭാര്യയെ അല്ലാതെ മറ്റൊരു സ്ത്രീയെ താന്‍ ചുംബിക്കുകയില്ല എന്ന നിലപാടില്‍ കിര്‍ക്ക് ഉറച്ചു നിന്നു. അവസാനം ആ ചിത്രത്തിലെ നായികയെ പോലെ ചെല്‍സിയ വസ്ത്രധാരണം ചെയ്ത് കാമറ സൈഡ് ആംഗിളില്‍ നിന്നെടുത്താണ് ആ രംഗം ചിത്രീകരിച്ചത്. വിവാഹ വിശ്വസ്തതയെ കാറ്റില്‍ പറത്തുന്നത് പതിവാക്കിയ ഹോളിവുഡിന് അതൊരു പുതിയ അറിവായിരുന്നു!
രണ്ടു തവണ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിയിട്ടുള്ള കിര്‍ക്ക് പറയുന്നത് ശ്രദ്ധിക്കുക: ‘വിവാഹിതരായ ദമ്പതികള്‍ തമ്മില്‍ നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് സെക്‌സ് ഏറ്റവും ഹൃദ്യവും ആസ്വാദ്യകരവും ആകുന്നത്. വിവാഹം വരെ ഞാന്‍ സെക്‌സിലേര്‍പ്പെടാതെ കാത്തു നിന്നതിന് ഇന്ന് ഏറെ സന്തുഷ്ടനാണ്’
‘വിവാഹം എന്നത് ഞാനും എന്റെ ഭാര്യയും യേശുവും തമ്മിലുള്ള ഒരു ഉടമ്പടിയാണ്. ആ ഉടമ്പടിയുടെ പുറത്ത് സന്തോഷം നല്‍കുന്ന ഒന്നുമില്ല.’ കിര്‍ക്ക് പറയുന്നു.
തങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളതയെ കുറിച്ച് ചെല്‍സിയ പറയുന്നതിങ്ങനെ: ഞങ്ങള്‍ എന്നും ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നു. മുഖത്തോട് മുഖം നോക്കുന്നു’ വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ വരുന്ന അകലത്തിന്റെ കാരണം ജീവിതത്തിരക്കിനിടയില്‍ അവര്‍ ഒരുമിച്ച് ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ ശ്രമിക്കാത്തതാണെന്ന് ചെല്‍സിയ പറയുന്നു. പത്തു മിനിറ്റാണെങ്കില്‍ പോലും ദിവസവും ഒരുമിച്ച് ചെലവിടാന്‍ സമയം കണ്ടെത്തണം, കിര്‍ക്ക് ഓര്‍മിപ്പിക്കുന്നു.
ഇന്ന് കിര്‍ക്ക്, ചെല്‍സിയ ദമ്പതികള്‍ക്ക് ആറ് കുട്ടികളുണ്ട്. ജാക്ക്, ഇസബെല്ല, അന്ന, ലൂക്ക്, ഒലിവിയ, ജെയിംസ്. 26 വര്‍ഷമായി വിശ്വസ്ത ദാമ്പത്യത്തിന്റെ മാതൃകകളായി അവര്‍ നിലകൊള്ളുന്നു. പ്രലോഭനങ്ങള്‍ ഏറെയുള്ള ഹോളിവുഡില്‍!