കാരുണ്യത്തിന്റെ ഡയറി
ടിവി അവതാരകനും എഴുത്തുകാരനുമായ ലിയോണ്‍ ലോഗോതെറ്റിസ് ഒരിക്കല്‍ ഹോളിവുഡ് ബ്യൂലെവാര്‍ഡിലൂടെ നടക്കുകയായിരുന്നു. അന്നേരം ‘അനുകമ്പയാണ് ഏറ്റവും നല്ല ഔഷധം’ എന്നെഴുതിയ ഒരു സൈന്‍ബോര്‍ഡ് പിടിച്ചു നിന്നിരുന്ന ഭവനരഹിതനായ ഒരാളെ കാണാനിടയായി. ലിയോണിന്റെ ഗതകാലസ്മരണകളെ അത് ഉണര്‍ത്തി. ഇംഗ്ലണ്ടില്‍ നിന്ന് യുഎസിലേക്കു കുടിയേറിയ ലിയോണ്‍ ലണ്ടനിലെ ബെവര്‍ലി ഹില്‍സില്‍ സാമാന്യം നല്ല വിജയം നേടിയ ഒരു ബ്രോക്കറായിരുന്നു. നിറയെ പണമുണ്ടായിട്ടും പലപ്പോഴും ലിയോണ്‍ നിരാശനായിരുന്നു. ചിലനേരങ്ങളില്‍ ആത്മഹത്യയുടെ വക്കലുമെത്തി. ആ ദുരവസ്ഥയില്‍ നിന്നും അയാള്‍ സ്വാതന്ത്ര്യം നേടിയത് തന്റെ സുഖലോലുപ ജീവിതം ത്യജിച്ച് വെറും 5 ഡോളറുമായി അമേരിക്കന്‍ തെരുവിലേക്കിറങ്ങി നടന്നു കൊണ്ടായിരുന്നു. വെറുംകൈയോടെയുളള ആ യാത്രകളുടെ കഥയാണ് ലിയോണ്‍ രചിച്ച കൈന്‍ഡ്‌നെസ് ഡയറീസ്: വണ്‍ മാന്‍സ് ക്വസ്റ്റ് ടു ഇഗ്‌നൈറ്റ് ഗുഡ്‌വില്‍ ആന്‍ഡ് ട്രാന്‍സ്‌ഫോം ലൈവ്‌സ് എറൗണ്ട് ദ വേള്‍ഡ് എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്. ‘അമേസിംഗ് അഡ്വഞ്ചേഴ്‌സ് ഓഫ് നോബഡി’ എന്ന ടെലിവഷന്‍ ഷോയുടെയും പ്രചോദനം ഈ യാത്രകളായിരുന്നു. ആ യാത്രയില്‍ ഉടനീളം ലിയോണ്‍ കണ്ടുമുട്ടിയ കരുണാമൂര്‍ത്തികളുടെ രേഖകള്‍ പുസ്തകത്തിന്റെയും ഷോയുടെയും പ്രമേയമായി.
വഴിയോരത്തു കണ്ട ഭവനരഹിതന്റെ സൈന്‍ബോര്‍ഡ് ലിയോണിന്റെ പുതിയ യാത്രകള്‍ക്ക് പ്രചോദനമായി. കൈന്‍ഡ്‌നെസ് വണ്‍ എന്നു പേരിട്ട മഞ്ഞ മോട്ടോര്‍ സൈക്കിളില്‍ ലിയോണ്‍ പണവും പഴ്‌സുമില്ലാതെ ഒരു ദീര്‍ഘയാത്ര തുടങ്ങി. യുഎസ്, യൂറോപ്പ്, ഇന്ത്യ, കംബോഡിയ, വിയറ്റ്‌നാം, കാനഡ തുടങ്ങിയ രാജ്യങ്ങളിലൂടെ ലിയോണ്‍ കടന്നു പോയി. വഴിയില്‍ കണ്ടുമുട്ടിയവ അപരിചിതരുടെ കാരുണ്യത്തില്‍ മാത്രം ആശ്രയിച്ചുള്ള ജീവിതം! അവര്‍ തന്നോടു കാട്ടുന്ന ദയവിന് പകരമായി തന്റേതായ രീതിയില്‍ ലിയോണും അപരര്‍ക്ക് സഹായം ചെയ്തു.
‘ജനങ്ങളോട് ബന്ധം സ്ഥാപിക്കാന്‍ വേണ്ടി ഞാന്‍ എന്റെ പണമെല്ലാം ഉപേക്ഷിച്ചു. നമുക്കു പണമില്ലാതാകുമ്പോള്‍ നമ്മുടെ ലക്ഷ്യത്തിലെത്താന്‍ നാം മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നു. ഇത് മനുഷ്യരാശിയോട് ബന്ധം സ്ഥാപിക്കാനുള്ള ഒരു പരീക്ഷണമാണ്. പലവിധ പ്രതികരണങ്ങളാണ് എനിക്കു ലഭിച്ചത്. ചിലത് നല്ലത്. ചിലത് മോശം. ആത്യന്തികമായി നമുക്ക് ബന്ധം സ്ഥാപിക്കാവുന്ന ഒരു ദൈവദുതനെ നാം കണ്ടെത്തുക തന്നെ ചെയ്യും. ഇതാണ് ആ മന്ത്രവിദ്യ. മനുഷ്യബന്ധങ്ങളുടെ ശക്തിയാണ് ആ മന്ത്രവിദ്യ!’ ലിയോണ്‍ പറയുന്നു.
സ്‌കോട്ട്‌ലന്റുകാരനായ വില്ലിയെ ലിയോണ്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നു. 1984 ല്‍ ബില്ലി ഗ്രഹാമിന്റെ പ്രഭാഷണം കേട്ട് മറ്റുളളവരെ സഹായിക്കാനായി കൊളറാഡോയിലേക്ക് ജീവിതം പറിച്ചുനട്ടയാളാണ് വില്ലി. തന്റെ ഭാര്യ ഷെറിയുമൊത്ത് വില്ലി റിട്ടയര്‍മെന്റ് ഹോമില്‍ സേവനം ആരംഭിച്ചു. അവിടത്തെ അന്തേവാസിയായ 96 കാരിയായ കേ പറയുന്നു, താന്‍ എന്തു കൊണ്ടാണ് വില്ലിയെ ആരാധിക്കുന്നതെന്ന്: ‘ വെറുമൊരു വിഴുപ്പുഭാണ്ഡമല്ല, ഞാന്‍ ഈ മനുഷ്യവംശത്തിന്റെ ഭാഗമാണെന്ന ബോധ്യം വില്ലി എനിക്കു തന്നു. ‘
പിറ്റ്‌സ്ബര്‍ഗ് തെരുവിലെ ടോണിയുടെ കഥയും ഹൃദയസ്പര്‍ശിയാണ്. ഒരു പാര്‍ക്കിലായിരുന്ന ടോണിയുടെ ജീവിതം. ഒരിക്കല്‍ ലിയോണ്‍ ടോണിയെ സമീപിച്ച് തനിക്ക് താമസിക്കാന്‍ ഒരു സ്ഥലം ഒരുക്കിത്തരാമോ എന്നു ചോദിച്ചു. വീടില്ലാത്ത, തെരുവില്‍ ജീവിക്കുന്നവനായ ടോണി ലിയോണിനെ തനിക്കൊപ്പം താമസിക്കാന്‍ ക്ഷണിച്ചു. പിറ്റ്‌സ്‌ബെര്‍ഗ് തെരുവില്‍ ലിയോണ്‍ ടോണിക്കൊപ്പം അന്തിയുറങ്ങി. ‘അയാള്‍ എനിക്കു സംരക്ഷണം നല്‍കി, എനിക്കു ഭക്ഷണം നല്‍കി, സ്വന്തം വസ്ത്രം എനിക്കായി പങ്കുവച്ചു…ജീവിതത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ അനുഭവങ്ങളിലൊന്നായിരുന്നു, അത്.’ ലിയോണ്‍ എഴുതുന്നു.
കാരുണ്യത്തിന്റെ ഡയറി നിറയെ ഇത്തരം മനുഷ്യത്വത്തിന്റെ കുറിമാനങ്ങളാണ്. ‘കരുണ എന്നത് വലിയ പ്രവര്‍ത്തിയോ ആകാം. ഒരു ശുഭദിനത്തിന്റെ ആശംസ പോലും കരുണയാകാം. ഒരു ജീവിതരീതിയാണത്. ഒരു ചെറുപുഞ്ചി, ഒരു ശുഭാശംസ… എല്ലാ ചെറു പ്രവര്‍ത്തികളും വിസ്മയങ്ങള്‍ തീര്‍ക്കുന്നു…’ ലിയോണ്‍ പുഞ്ചിരിയോടെ പറയുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.