ആരാണ് അനുഗ്രഹങ്ങളുടെ താക്കോൽ?
നമ്മുടെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും, ജീവിതത്തിലെ വിജയവും കടന്നു വരുന്നത് യേശുക്രിസ്തുവഴിയാണ്..കാൽവരി കുരിശിലൂടെയാണ്..
വചനം പറയുന്നു.. “ക്രിസ്‌തുവില്‍ ഞങ്ങളെ എല്ലായ്‌പോഴും വിജയത്തിലെത്തിക്കുകയും അവനെക്കുറിച്ചുള്ള ജ്‌ഞാനത്തിന്റെ സൗരഭ്യം ഞങ്ങള്‍വഴി എല്ലായിടത്തും പരത്തുകയും ചെയ്യുന്ന ദൈവത്തിനു സ്‌തുതി!”
(2 കോറിന്തോസ് 2 : 14)
യേശുക്രിസ്തുവിനേ കുറിച്ചുള്ള ജ്ഞാനം – യേശു നമ്മുടെ പാപങ്ങളും രോഗങ്ങളും, ബന്ധനങ്ങളും ഏറ്റെടുത്ത് നമ്മുക്കായി ബലിയായി തീർന്നു..അവിടുത്തെ തിരു രക്തത്താൽ നാം ദൈവവുമായി അനുരഞ്ജിക്കപ്പെട്ട് ദൈവപുത്രസ്ഥാനത്തേയ്ക് ഉയർത്തപ്പെട്ടു എന്ന സത്യം -പുതിയ ഉടമ്പടി നമ്മുടെ ഹൃദയത്തിൽ ഉറപ്പിക്കപ്പെടുമ്പോൾ ഏതൊക്കെ പ്രതിസന്ധികളിലൂടെ കടന്നു പോയാലും ദൈവപിതാവ് നമ്മെ വിജയത്തിൽ എത്തിക്കും..
വചനം പറയുന്നു.. അവിടുത്തെ പുത്രനായ യേശുവിന്റെ രക്‌തം എല്ലാ പാപങ്ങളിലും നിന്നു നമ്മെശുദ്‌ധീകരിക്കുന്നു. (1 യോഹന്നാന്‍ 1 : 7)
പഴയനിയമത്തിൽ പാപപരിഹാര ബലിയെ കുറിച്ച് കാണുന്നുണ്ട്..അവിടെ പുരോഹിതൻ ആദ്യം തന്റെ തന്നെ പാപങ്ങൾക്ക് പരിഹാരം ചെയ്തു പ്രാർത്ഥിച്ചതിന് ശേഷം ജനങ്ങളുടെ പാപരിഹാരത്തിനായി കോലാടിനേയോ കാളക്കിടാവിനേയോ ബലിയർപ്പിക്കുന്നു..എന്നാൽ എന്നേയ്ക്കും നിത്യപുരോഹിതനായ യേശു തന്നെ തന്നെ ബലിയായി നല്കി നമ്മുടെ നിത്യ രക്ഷ സാധിച്ചു..
അവന്‍ അവിടെ പ്രവേശിച്ചു നിത്യരക്‌ഷ സാധിച്ചതു കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്‌തത്തിലൂടെയല്ല, സ്വന്തം രക്‌തത്തിലൂടെയാണ്. (ഹെബ്രായര്‍ 9 : 12)
ദൈവപിതാവ് നമ്മുക്കായി നല്കിയ പുതിയ ഉടമ്പടി മുദ്രവച്ചിരിക്കുന്നത് ഈശോയുടെ തിരുരക്തത്താൽ ആണ്..ഈ ഉടമ്പടി അവിടുന്ന് നമ്മുടെ ഹൃദയത്തിലാണ് എഴുതിച്ചേർത്തിരിക്കുന്നത്..
കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ എന്റെ ഉടമ്പടിയില്‍ ഉറച്ചുനിന്നില്ല. അതുകൊണ്ട് ഞാനും അവരെ ശ്രദ്‌ധിച്ചില്ല. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ ഭവനവുമായി ഞാന്‍ ചെയ്യുന്ന ഉടമ്പടി ഇതാണ്: എന്റെ നിയമങ്ങള്‍ അവരുടെ മനസ്‌സില്‍ ഞാന്‍ സ്‌ഥാപിക്കും. അവരുടെ ഹൃദയത്തില്‍ ഞാന്‍ അവ ആലേഖനം ചെയ്യും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കും, അവര്‍ എനിക്കു ജനവും.
ആരും തന്റെ സഹപൗരനെയോ സഹോദരനെയോ കര്‍ത്താവിനെ അറിയുക എന്നു പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. എന്തെന്നാല്‍, അവരിലെ ഏറ്റവും ചെറിയവന്‍മുതല്‍ ഏറ്റവും വലിയ വന്‍ വരെ എല്ലാവരും എന്നെ അറിയും.
അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല. (ഹെബ്രായര്‍ 8 : 10-12)
എങ്ങനെയാണ് ദൈവപിതാവിന് നമ്മുടെ അനീതികൾക്കു നേരേ കരുണയുളളവനാകാൻ സാധിക്കുന്നത്?
-ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ പ്രതി, എങ്ങനെയാണ് നമ്മുടെ പാപങ്ങൾ ദൈവസന്നിധിയിൽ മറക്കപ്പെടുന്നത്?
ഈശോയുടെ കുരിശുമരണത്താലെ ,തിരു
രക്തത്താലെ കഴുകപ്പെട്ട്, അവിടുത്തെ കീറിമുറിയ്കപ്പെട്ട ശരീരത്തിൽ നമ്മൾ മറയ്കപ്പെടുമ്പോൾ ….
ഈ വിശ്വാസസത്യം,യേശുവിനെ ക്കുറിച്ചുളള ജ്ഞാനം ഹൃദയത്തോട് ചേർത്ത് വയ്കുമ്പോൾ ,ഓരോ പരിശുദ്ധ കുർബാനയും അനുഭവമായി മാറും….
സ്വന്തം ജീവൻ നല്കി നമ്മെ സ്നേഹിച്ചവനെ, എപ്പോഴും നമ്മോടൊപ്പമായിരിക്കാനായി ഒരു കുഞ്ഞോസ്തിയോളം ചെറുതായവനെ തിരിച്ചറിയുമ്പോൾ അവനിലൂടെ ദൈവത്തിന്റെ സകലവാഗ്ദാനങ്ങളും നമ്മിലേയ്ക് കടന്നു വരുന്നു..
ദൈവത്തിന്റെ സകല വാഗ്‌ദാനങ്ങളും ക്രിസ്‌തുവില്‍ അതേ എന്നുതന്നെ. അതുകൊണ്ടുതന്നെയാണു ദൈവമഹത്വത്തിന് അവന്‍ വഴി ഞങ്ങള്‍ ആമേന്‍ പറയുന്നത്.
2 കോറിന്തോസ് 1 : 20
ക്രൂശിതന്റെ സ്നേഹം തിരിച്ചറിഞ്ഞ് ലോകത്തിന് മുമ്പിൽ ക്രിസ്തുവിന്റെ പരിമളങ്ങളായി മാറാം
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.