നാനാത്വമാണ് ഇന്ത്യയുടെ ഏറ്റവും വലിയ നന്മ: കേരള ഗവര്‍ണര്‍
കൊച്ചി: മതം-ഭാഷ സംസ്കാരത്തിലെ നാനാത്വമാണു ഭാരതത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമെന്നും അതിനെ പരിപോഷിപ്പിക്കുമ്പോഴാണു സമൂഹത്തിനു സമഗ്രവളര്‍ച്ചയും വിജയവും ഉണ്ടാവുകയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
കെസിബിസിയുടെ എക്യുമെനിസം ആന്‍ഡ് ഇന്റര്‍ റിലീജിയസ് ഡയലോഗ് കമ്മീഷന്റെയും ധര്‍മഭാരതി ആശ്രമത്തിന്റെയും കേരള സിആര്ഐയുടെയും നേതൃത്വത്തില്‍ നടന്ന സര്വമതസംഗമം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിനു മാതൃകയാണു കേരളം. ആത്മീയ-ധാര്‍മിക മൂല്യങ്ങള്‍ ഉള്ള ഒരുപുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ അനുദിന ജീവിതത്തില്‍ നവോത്ഥാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കെസിബിസി എക്യുമെനിസം ആന്‍ഡ് ഇന്റര്‍ റിലീജിയസ് ഡയലോഗ് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അധ്യക്ഷത വഹിച്ചു. സ്വാമി സച്ചിദാനന്ദ ഭാരതി സ്വാമി ബോധേന്ദ്രതീര്ഥ എന്നിവര്‍ ആത്മീയ നവോത്ഥാനത്തിന്റെ ആവശ്യകതയെയും മാര്ഗങ്ങളെയുംകുറിച്ചു വിവരിച്ചു.
നാനൂറോളം പേര് പങ്കെടുത്ത സംഗമത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സിസ്റ്റര്‍ കരോളിന, സിസ്റ്റര്‍ തെരേസ, ആഷാ ഫെന്‍,എം.എസ്.എന്‍. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. തേവര സേക്രഡ് ഹാര്‍ട്ട് കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സംഗീതപരിപാടിയും അരങ്ങേറി.
റവ. ഡോ. അഗസ്റ്റിന് മുള്ളൂര്‍ നയിച്ച സംവാദത്തില്‍ ഫാ. റോബി കണ്ണന്‍ചിറ, അബ്ദുള്‍ റഹീം എന്നിവര്‍ വിവിധ മതങ്ങള്‍ പഠിപ്പിക്കുന്ന നവോത്ഥാന പാഠങ്ങളെക്കുറിച്ചു സംസാരിച്ചു. തുടര്‍ന്ന് കുരിയാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദേശം നല്കി. റവ. ഡോ. പ്രസാദ് തെരുവത്ത്, റവ. ഡോ. നോബിള്‍ മണ്ണാറാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിന്റെ സമഗ്ര നവോത്ഥാനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന ആഹ്വാനത്തോടെ മതാന്തരസദസ് സമാപിച്ചു.