കോവിഡ് അതിജീവനത്തിനു വാതിലുകൾ തുറന്നിട്ടു കേരള കത്തോലിക്കാ സഭ
കൊച്ചി: കോവിഡ് 19നെ അതിജീവിക്കാൻ ആദ്യഘട്ടം മുതൽ സർക്കാർ സംവിധാനങ്ങളോടു പൂർണമായി സഹകരിച്ചു നീങ്ങുന്ന കേരള കത്തോലിക്കാസഭ, പകർച്ചവ്യാധി പ്രതിരോധത്തിനു കൂടുതൽ വാതിലുകൾ തുറന്നിടുന്നു. സഭയുടെ കീഴിലുള്ള ആശുപത്രികളുടെ സേവനം കോവിഡ് പ്രതിരോധത്തിനായി വിട്ടുനൽകുന്നതിനൊപ്പം, ജനങ്ങളുടെ ഇപ്പോഴത്തെ ആവശ്യങ്ങൾക്കു വിവിധ രീതിയിൽ സഹായമൊരുക്കി ദേവാലയങ്ങളും അതിജീവനത്തിൽ കൈകോർക്കുകയാണ്.
ഓരോ ജില്ലയിലും ആവശ്യമുള്ള സ്ഥലങ്ങളിൽ സഭയുടെ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും വിട്ടുനൽകും.
കെസിബിസി ഹെൽത്ത് കമ്മീഷനിലും കാത്തലിക് ഹെൽത്ത് അസോസിയേഷന്റെ (ചായ്) കേരള ഘടകത്തിലും അംഗങ്ങളായി ആരോഗ്യമേഖലയിൽ ചെറുതും വലുതുമായ 370 സ്ഥാപനങ്ങളാണുള്ളത്. മൂന്നു മെഡിക്കൽ കോളജുകളും, 400 കിടക്കകളിലധികമുള്ള 12ഉം 100-400 കിടക്കകളുള്ള 52ഉം നൂറു വരെ കിടക്കകളുള്ള 93ഉം ആശുപത്രികളും ഇതിൽ അംഗങ്ങളാണ്. കൂടാതെ ഡിസ്പെൻസറികളും സോഷ്യൽ സർവീസ് സൊസൈറ്റികളും നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ചായ് കേരളയുടെ ഭാഗമാണ്.
കെസിബിസിയുടെ സാമൂഹ്യസേവന വിഭാഗത്തിനു കീഴിലുള്ള ദുരന്തനിവാരണ സംവിധാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വരും ദിവസങ്ങളിൽ സജീവമാകും. രണ്ടായിരത്തോളം പേരടങ്ങുന്നതാണു വിവിധ രൂപതകളുടെയും സന്യാസ സമൂഹങ്ങളുടെയും സഹകരണത്തോടെ രൂപീകരിച്ച ഈ സംവിധാനം. പ്രളയാനന്തര പുനർനിർനിർമാണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച ഇതിന്റെ സേവനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ചുള്ള കൂടിയാലോചനകൾ ഈ ദിവസങ്ങളിൽ നടക്കുമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലിനു പോകാനാവാത്ത പാവപ്പെട്ടവർക്കായി അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ സൗജന്യമായി ശേഖരിക്കാവുന്ന ക്രമീകരണം വിവിധ ദേവാലയങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.