ദുരിതാശ്വാസ രംഗത്ത് കേരളസഭ

കെ.സി.ബി.സി. ദുരിതാശ്വാസ രംഗത്ത്

പെരുംമഴയില്‍ മുങ്ങിയ കേരളത്തിന്‍റെ ദുരിതാശ്വാസ രംഗത്ത് പ്രാദേശിക സഭ സജീവമെന്ന്, കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (Kerala Catholic Bishops Council – KCBC) നീതിക്കും സമാധാനത്തിനും വികസനത്തിനുമായുള്ള കമ്മിഷന്‍ സെക്രട്ടറി, ഫാദര്‍ ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ അറിയിച്ചു. ആഗസ്റ്റ് 13-Ɔο തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ ടെലിഫോണ്‍ സന്ദേശത്തിലാണ് രണ്ടാംവര്‍ഷവും കൊച്ചുകേരളത്തെ കണ്ണീരിലാഴ്ത്തിയ പെരും മഴക്കാലത്തെ ദുരന്തത്തെക്കുറിച്ച് ഫാദര്‍ വെട്ടിക്കാട്ടില്‍ പങ്കുവച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, ഒഡീസാ സംസ്ഥാനങ്ങളില്‍ പേമാരിയും വെള്ളപ്പൊക്കവും ഉണ്ടായെങ്കിലും കേരളത്തിന്‍റെ 10 ജില്ലകളെ ജലപ്രളയത്തില്‍ ആഴ്ത്തിയ ദിനങ്ങളായിരുന്നു ഇവയെന്ന് ഫാദര്‍ വെട്ടിക്കാട്ടില്‍ അറിയിച്ചു.

ഇനിയും ഒടുങ്ങാത്ത ദുഃഖം
നൂറുപേര്‍ മരണമടയുകയും ഇനിയും നിരവധിപ്പേരെ കാണാതാവുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ആയിരങ്ങളാണ് ഭവനരഹിതരായി ക്യാമ്പുകളില്‍ കഴിയുന്നത്. ഇനിയും തുടരുന്ന പെരുംമഴയുടെയും മണ്ണൊലിപ്പിന്‍റെയും ഉരുള്‍പൊട്ടലിന്‍റെയും ദുരന്തത്തില്‍ വീടുകള്‍ക്കും വസ്തുവകകള്‍ക്കും ഉണ്ടായിരിക്കുന്ന നാശനഷ്ടങ്ങള്‍ ഭീമമാണെന്ന് ഫാദര്‍ ജോര്‍ജ്ജ് സാക്ഷ്യപ്പെടുത്തി.

രൂപതകളും അവയുടെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളും കൈകോര്‍ത്ത്
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമേ, കേരളത്തിലെ 32 കത്തോലിക്ക രൂപതകളുടെ കീഴിലുള്ള സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളുടെ നേതൃത്വത്തിലാണ് കേരളസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ മുന്നേറുന്നത്. 32 രൂപതകളിലുമുള്ള എല്ലാ ഇടവകകളും അവയുടെ സ്ഥാപനങ്ങളുംവഴി 1000-ല്‍ അധികം ക്യാമ്പുകള്‍ കെസിബിസി കോര്‍ഡിനേറ്റു ചെയ്യുന്നുണ്ട്. ഈ ക്യാമ്പുകളില്‍ 50,000-ല്‍പ്പരം പേരെയാണ് സംരക്ഷിച്ചിരിക്കുന്നത്. അവര്‍ക്കു ഭക്ഷണം, വസ്ത്രം, മറ്റ് പാര്‍ക്കുവാനുള്ള അടിസ്ഥാന സാധനങ്ങള്‍, മരുന്ന്, ശുചിത്വസൗകര്യങ്ങള്‍ എന്നിവ ക്രമീകരിക്കാനും ലഭ്യമാക്കാനും സാധിക്കുന്നുണ്ടെന്ന് ഫാദര്‍ വെട്ടിക്കാട്ട് വ്യക്തമാക്കി.

സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൂട്ടുചേര്‍ന്നുള്ള സേവനം
സര്‍ക്കാര്‍ സംവിധാനത്തോടു സഹകരിച്ചും, അതാതു രൂപതകളിലെ സൊസൈറ്റികളുടെ തലവന്മാരുമായി പരസ്പരം ആലോചിച്ചും പങ്കുവച്ചുമാണ് ഈ ഉപവിപ്രവൃത്തനങ്ങള്‍ തക്കസമയത്ത് കാര്യക്ഷമമായി ചെയ്യുവാന്‍ സാധിക്കുന്നതെന്ന് പ്രാദേശിക സഭയുടെ എല്ലാ സര്‍വ്വീസ് സൊസൈറ്റികളുടെയും കോര്‍ഡിനേറ്ററുമായ ഫാദര്‍ ജോര്‍ജ്ജ് വെട്ടിക്കാട്ട് വ്യക്തമാക്കി. കേരളത്തിലെ ഇടവകകളില്‍നിന്നും, സ്ഥാപനങ്ങളില്‍നിന്നും, യുവജനപ്രസ്ഥാനങ്ങളില്‍നിന്നുമായി അല്‍മായരും യുവജനങ്ങളും, ധാരാളം വൈദികരും സന്ന്യസ്തരും രക്ഷാപ്രവര്‍ത്തനങ്ങളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും അപകടസ്ഥാനങ്ങളിലും സജീവമാണെന്ന് ഫാദര്‍ വെട്ടിക്കാട്ട് പറഞ്ഞു.

Source: vaticannews

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles