കെസിബിസി നിർദേശം സർക്കാർ അംഗീകരിക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ്
കൊച്ചി: യാക്കോബായ ഓർത്തഡോക്സ് സഭകളുടെയിടയിൽ മൃതസംസ്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കേരള സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്ന ബിൽ എല്ലാ ക്രിസ്ത്യൻ സഭകളുടെയും നിലവിലുള്ള സംവിധാനങ്ങളെ കണക്കിലെടുക്കുന്നതും എല്ലാവർക്കും സ്വീകാര്യമായതുമായിരിക്കണമെന്ന കെസിബിസി നിർദേശം സർക്കാർ അംഗീകരിക്കണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് കേന്ദ്രസമിതി.
നിലവിൽ സുഗമവും സുദൃഢവുമായി പോകുന്ന ഇതര ക്രൈസ്തവ വിഭാഗങ്ങളെ ഈ ബിൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഒരു നിയമം നിർമിക്കുന്നതിലൂടെ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാകുന്നത് നിയമനിർമാണത്തിലെ അപാകത ആണ്. യാക്കോബായ, ഓർത്തഡോക്സ് ഒഴികെയുള്ള ക്രൈസ്തവ വിഭാഗങ്ങളെ ബാധിക്കാത്ത വിധം കേരള ക്രിസ്ത്യൻ സെമിത്തേരി ബില്ലിൽ വേണ്ടത്ര ഭേദഗതി വരുത്താൻ കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുന്നോട്ടുവച്ചിട്ടുള്ള നിർദേശങ്ങൾ കണക്കിലെടുത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും കൊച്ചിയിൽ ചേർന്ന കത്തോലിക്ക കോണ്ഗ്രസ് കേന്ദ്രയോഗം ആവശ്യപ്പെട്ടു.
അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ, ഭാരവാഹികളായ സാജു അലക്സ്, ജോയി മുപ്രപ്പിള്ളി, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ബെന്നി ആന്റണി, തോമസ് പീടികയിൽ, ആന്റണി എൽ. തൊമ്മാന, ജോർജ് കോയിക്കൽ, തൊമ്മി പിടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.