ക്രൈസ്തവ പിന്നോക്കാവസ്ഥയെ കുറിച്ചു പഠിക്കാന്‍ സിബിസിഐയുടെ നിവേദനം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിലനില്‍ക്കുന്ന ക്രൈസ്തവ പിന്നോക്കാവസ്ഥയെ കുറിച്ച് പഠനം നടത്താനും പുതിയ ക്ഷേമപദ്ധതികള്‍ക്ക് രൂപം നല്കുവാനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയമിക്കണം എന്ന് സിബിസിഐയുടെ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റന്‍ നിവേദനം ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് കൈമാറി.
കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നടപ്പിലാക്കുന്ന വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലും നടത്തിപ്പിനായുള്ള സമിതികളിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് വിവേചനമാണ് നിരന്തരം കാണിക്കുന്നത്. കേരളത്തിലെ 80:20അനുപാതം പോലും ഒരു പഠനവുമില്ലാതെ നടപ്പാക്കിയതാണെന്നാണ് വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നത്. മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ ക്രൈസ്തവ നീതിനിഷേധമാണ് വ്യക്തമാക്കുന്നത്.
മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റി പോലെ ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ജീവിത സാഹചര്യങ്ങളും പിന്നോക്കാവസ്ഥയും പഠിക്കാനും ക്ഷേമപദ്ധതികള്‍ രൂപീകരിക്കാനും പഠനസമിതിയെ നിയമിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.