ക്രൈസ്തവ സന്യാസചര്യയെ വികലമായി ചിത്രീകരിക്കുന്നതിനെതിരേ കെസിബിസി കത്തയച്ചു
കൊച്ചി: ക്രൈസ്തവ സന്യാസചര്യയെ വികലമായി ചിത്രീകരിക്കുകയും പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുംവിധം മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുകയും ചെയ്യുന്നതിനെതിരേ ക്രൈസ്തവ സമൂഹത്തിനും സന്യസ്തർക്കുമുള്ള അമർഷവും പ്രതിഷേധവും ശ്രദ്ധയിൽപ്പെടുത്തി കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാർക്കു കത്ത് അയച്ചു.
രണ്ടുവർഷത്തോളമായി പത്രവും വാർത്താചാനലും കത്തോലിക്കാസഭയെ ഉന്നംവച്ചു നടത്തിക്കൊണ്ടിരിക്കുന്ന ഏകപക്ഷീയവും ദുരുദ്ദേശ്യപരവുമായ മാധ്യമ പ്രവർത്തനം പ്രഖ്യാപിത നയങ്ങൾക്കും പാരന്പര്യത്തിനും ചേരുന്നതല്ലെന്നും, അതു സമൂഹത്തിൽ നിലനില്ക്കുന്ന സഹിഷ്ണുതയും സഹവർത്തിത്വവും തകർക്കുമെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. മാധ്യമ സ്വാതന്ത്ര്യവും വിശ്വാസ്യതയും പുലരേണ്ടത് സമാധാനപൂർണമായ സമൂഹജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ഏകപക്ഷീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മാധ്യമപ്രവർത്തനത്തിലൂടെ മാധ്യമങ്ങൾ സ്വന്തം വിശ്വാസ്യതയ്ക്കുതന്നെ കോട്ടം വരുത്തുകയാണെന്നും ആർച്ച്ബിഷപ് ഡോ. സൂസപാക്യം ഓർമിപ്പിച്ചു