എറണാകുളം മേഖല സന്യസ്ത സമർപ്പിത സംഗമം ഇന്ന്
കൊച്ചി: കെസിബിസിയുടെയും കേരള കത്തോലിക്കാ സമർപ്പിത സമൂഹങ്ങളുടെ എറണാകുളം മേഖലയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സന്യസ്ത-സമർപ്പിത സംഗമം ഇന്ന് എറണാകുളം ടൗണ് ഹാളിൽ (മറിയം ത്രേസ്യ നഗർ) നടക്കും. സമർപ്പിതർ സഭയിലും സമൂഹത്തിലും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന സന്യസ്ത സമർപ്പിത സംഗമം ഉച്ചകഴിഞ്ഞു മൂന്നിന് ജസ്റ്റീസ് ഏബ്രഹാം മാത്യു ഉദ്ഘാടനം ചെയ്യും. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ മുഖ്യപ്രഭാഷണം നടത്തും.
സമർപ്പിതരെ താറടിച്ചുകാണിക്കാനും അതുവഴി തിരുസഭയെ ശിഥിലമാക്കാനുമായി ചില ഛിദ്രശക്തികൾ നടത്തുന്ന പ്രചാരണങ്ങളെയും പ്രവർത്തനങ്ങളെയും പ്രതിരോധിക്കാനും പ്രതികരിക്കാനുമുള്ള കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞാണു സന്യസ്ത-സമർപ്പിത സംഗമം ഒരുക്കിയിരിക്കുന്നതെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ എന്നിവർ പറഞ്ഞു.
നൂറ്റാണ്ടുകളായി സഭയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം സമർപ്പിച്ച് കടന്നുപോയവരും വിവിധ ശുശ്രൂഷകൾ വഴി സഭയെയും സമൂഹത്തെയും സഹായിക്കാനും ശക്തിപ്പെടുത്താനുമായി ആത്മസമർപ്പണം ചെയ്തിരിക്കുന്നവരുമാണു സമർപ്പിതർ. സുവിശേഷം നല്കുന്ന ആനന്ദം ജീവിതത്തിൽ അനുഭവിക്കുകയും സമർപ്പണത്തിന്റെ വിവിധ ശുശ്രൂഷാരംഗങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന സന്യസ്തർ സഭയ്ക്കും സമൂഹത്തിനും എന്നും മുതൽക്കൂട്ടാണെന്നും അവർ പറഞ്ഞു.
സിസ്റ്റർ ഡോ. ജയ സിടിസി, ഡോ. കൊച്ചുറാണി ജോസഫ്, സിസ്റ്റർ ഡോ. വിനീത സിഎംസി, ഷാജി ജോർജ്, സിസ്റ്റർ ഡോ. നോബിൾ തെരേസ് ഡിഎം, സിറിയക് ചാഴിക്കാടൻ, റോസ് മരിയ, മരിയ ജെസ്നീല മാർട്ടിൻ എന്നിവർ പ്രസംഗിക്കും. ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ സ്വാഗതവും റവ.ഡോ. വർഗീസ് വള്ളിക്കാട്ട് നന്ദിയും പറയും.
എറണാകുളം-അങ്കമാലി, വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം, മൂവാറ്റുപുഴ രൂപതകളിലെ സന്യാസ സമൂഹങ്ങളിൽനിന്ന് ആയിരക്കണക്കിനു സന്യസ്തർ പങ്കെടുക്കും.