നിർബന്ധിത മതംമാറ്റശ്രമത്തിൽ അന്വേഷണം വേണം: കെസിബിസി ഐക്യജാഗ്രതാ സമിതി
കൊച്ചി: കോഴിക്കോടു നഗരത്തിലെ പരീക്ഷാ പരിശീലന കേന്ദ്രത്തിലെ വിദ്യാർഥിനിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും മതംമാറ്റത്തിനു നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ, പെണ്‍കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ രണ്ടു മാസമായിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ആശങ്കാജനകമാണെന്നു കെസിബിസി ഐക്യജാഗ്രതാ സമിതി.
പ്രണയം നടിച്ച് ഇതര സമുദായങ്ങളിലെ പെണ്‍കുട്ടികളെ മതംമാറ്റുന്നതിനു പ്രോത്സാഹനവും സംരക്ഷണവും നൽകുന്ന ഗൂഢസംഘങ്ങളും സംവിധാനങ്ങളും സംസ്ഥാനത്തു പ്രവർത്തിക്കുന്നതായുള്ള ആരോപണങ്ങൾ മുന്‍പും ഉയർന്നു വന്നിട്ടുള്ളതാണ്. അത്തരം സംഘങ്ങളുമായി ഈ സംഭവത്തിനു ബന്ധമുണ്ടോ എന്നും അന്വേഷിക്കണം. ഇത്തരം കാര്യങ്ങൾ മൂടിവയ്ക്കുന്നത് സമൂഹത്തിൽ അരക്ഷിതാവസ്ഥയുണ്ടാക്കും. പോലീസ് കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നത്, സംസ്ഥാനത്തു നിലനിൽക്കുന്ന നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും.
സർക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട നേതൃത്വവും പോലീസ് അധികാരികളും ഇക്കാര്യത്തിൽ കാര്യക്ഷമമായ അന്വേഷണത്തിനും നടപടികൾക്കും നിർദേശം നൽകണമെന്നു പിഒസിയിൽ ചേർന്ന ജാഗ്രതാസമിതിയുടെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടു.
കോട്ടയം: പ്രണയം നടിച്ചുള്ള മതപരിവർത്തനം കേരളത്തിൽ വ്യാപകമാണെന്നും ഇതിനെതിരേയുള്ള പരാതികളിൽ പോലീസ് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സ്വീകരിക്കുന്നതെന്നും അതുകൊണ്ട് അന്വേഷണം നാഷണൽ ഇന്റലിജൻസ് ഏജൻസിയെ ഏല്പിക്കണമെന്നും ഗ്ലോബൽ ക്രിസത്യൻ കൗൺസിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ കൗൺസിൽ സെക്രട്ടറി ജനറൽ അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ലാലി ജോസ്, ജോർജ് മനാക്കുളത്തിൽ, പി.എസ്. കുര്യാക്കോസ്, ജിജി പേരകശേരി, ഹെന്റി ജോൺ, എച്ച്.പി. ഷാബു, അഡ്വ. ആൻ മരിയാ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.