തീവ്രവാദ പ്രവണതകൾ ഗൗരവമായി കാണണം: കെസിബിസി
കൊച്ചി: സമൂഹത്തിൽ വളർന്നുവരുന്ന തീവ്രവാദ പ്രവണതകളിൽ ഭരണകൂടവും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്ന് കെസിബിസി വർഷകാല സമ്മേളനം ആഹ്വാനം ചെയ്തു.
ആരോഗ്യമുള്ള പൊതുസമൂഹവും മത-സമുദായങ്ങളും ഒരിക്കലും തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയില്ല. സമുദായങ്ങൾ തമ്മിലുള്ള ബന്ധവും സൗഹൃദവും ഊട്ടിയുറപ്പിക്കേണ്ടതായിട്ടുണ്ട്. മതസാഹോദര്യം, ഇതരമതസൗഹാർദം, സമാധാനപൂർണമായ സഹവർത്തിത്വം എന്നിവ വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമായിത്തീരണം. ഭരണകൂടവുമായി സഹകരിച്ചു മാത്രമേ തീവ്രവാദപ്രവർത്തനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയൂ.
ക്രൈസ്തവ ആധ്യാത്മികതയ്ക്ക് അനുയോജ്യമായ രീതിയിൽ യോഗ അനുഷ്ഠിക്കുന്നതിൽ തെറ്റില്ല. ക്രൈസ്തവർ യോഗയെ ശാരീരിക-മാനസിക വ്യായാമമുറയായാണ് മനസിലാക്കുന്നത്. യോഗയുടെ ദൈവശാസ്ത്രപരവും ആധ്യാത്മികവുമായ തലങ്ങളെക്കുറിച്ച് ചില മുൻകരുതലുകൾ ആവശ്യമാണ്. യോഗചര്യയെയും ക്രൈസ്തവവിശ്വാസത്തെയും സംബന്ധിച്ച് കെസിബിസി പഠനരേഖ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.
ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനമനുസരിച്ച് ആഗോളസഭയോടു ചേർന്നു കേരള കത്തോലിക്കാസഭയും 2019 ഒക്ടോബർ മിഷനറിമാസമായി ആചരിക്കും. സഭയുടെ ഓഖി പുനരധിവാസ പ്രവർത്തനങ്ങൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പ്രദേശങ്ങളിൽ പൂർത്തീകരണത്തോടടുക്കുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ പ്രവർത്തനം കുറെക്കൂടി കാര്യക്ഷമമാക്കണം.