കാമ്പസ് രാഷ്ട്രീയത്തിനെതിരേ ഗവർണർ ഇടപെടണം: കെസിബിസി
തൃശൂർ: സ്കൂൾ, കോളജ് കാമ്പസുകളിൽ വിദ്യാർഥിരാഷ്ട്രീയം തിരിച്ചുകൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരേ ഇടപെടണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് അഭ്യർഥിച്ചു. ഒക്ടോബർ മുപ്പതിനു മന്ത്രിസഭ കൈക്കൊണ്ട തീരുമാനം വിദ്യാർഥികളുടെ പഠനവും ഭാവിയും അവതാളത്തിലാക്കുന്നതാണെന്ന് ആർച്ച്ബിഷപ് കത്തിൽ ചൂണ്ടിക്കാട്ടി. കലാലയങ്ങൾ വിദ്യാർഥികൾക്കു പഠിക്കാനുള്ളതാണെന്നും രാഷ്ട്രീയ പാർട്ടികളെ വളർത്താനുള്ളതല്ലെന്നുമാണ് കാമ്പസ് രാഷ്ട്രീയത്തിൽ കോടതി എന്നും വിലയിരുത്തിയിട്ടുള്ളത്. കോളജുകളിൽ രാഷ്ട്രീയം അനുവദിക്കരുതെന്നു കോടതി പല അവസരങ്ങളിലും ഉത്തരവിട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ കോളജുകളിലെ പഠനാന്തരീക്ഷം തകർക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഇടങ്ങളാക്കുകയും ചെയ്ത അനുഭവങ്ങളാണു മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. വിദ്യാർഥിരാഷ്ട്രീയം സൃഷ്ടിച്ച അക്രമസംഭവങ്ങളിൽ കോളജുകൾക്കു ഭീമമായ നാശനഷ്ടങ്ങളുണ്ടായി.
രാഷ്ട്രീയ നേതാക്കളുടെ മക്കൾ വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള സമരകോലാഹലങ്ങളില്ലാത്ത കാമ്പസുകളിൽ പഠനം സുരക്ഷിതമാക്കുകയാണ്. കേരളത്തിലെ കോളജുകളിലും വിദ്യാലയങ്ങളിലും പഠിക്കുന്ന സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കുടുംബങ്ങളിലെ കുട്ടികളുടെ പഠനവും ഭാവിയും അവതാളത്തിലാക്കുന്ന സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരേ ഇടപെടണമെന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു