കെസിബിസി സംസ്ഥാന ബൈബിൾ കലോത്സവം ആരംഭിച്ചു
കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷൻ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബൈബിൾ കലോത്സവത്തിനു കലൂർ റിന്യൂവൽ സെന്ററിൽ തുടക്കമായി. എറണാകുളം-അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തിൽ നടക്കുന്ന രണ്ടു ദിവസത്തെ കലോത്സവം ഖരക്പുർ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ് മാർ ഡൊമിനിക് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് പതാക ഉയർത്തി ബൈബിൾ പ്രതിഷ്ഠ നടത്തി.
സമ്മേളനത്തിൽ ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോണ്സണ് പുതുശേരി അധ്യക്ഷത വഹിച്ചു. എറണാകുളം-അങ്കമാലി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് താമരവെളി, റിന്യൂവൽ സെന്റർ ഡയറക്ടർ ഫാ. ആന്റണി ഇരവിമംഗലം, ബൈബിൾ കലോത്സവം ജനറൽ കോ- ഓർഡിനേറ്റർ ആന്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു. ചിത്രരചന, മാർഗംകളി, നാടോടിനൃത്തം, കഥാപ്രസംഗം, ശാസ്ത്രീയസംഗീതം, ബൈബിൾ ക്വിസ്, ലളിതഗാനം എന്നീ ഇനങ്ങളിൽ ഇന്നലെ മത്സരങ്ങൾ നടന്നു.
നാടകം, തെരുവുനാടകം, സങ്കീർത്തനാലാപനം, പ്രസംഗം, ലളിതഗാനം എന്നീ ഇനങ്ങളിലാണ് ഇന്നു മത്സരങ്ങൾ. വൈകുന്നേരം നാലിന് സമാപനസമ്മേളനത്തിൽ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ മുഖ്യാതിഥിയാകും. ബൈബിൾ കമ്മീഷൻ സംഘടിപ്പിച്ച അഖിലകേരള സാഹിത്യരചനാ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും സമ്മേളനത്തിൽ നൽകും