ഇടുക്കി രൂപത കരുണ ആശുപത്രി മന്ദിരം കോവിഡ് ചികിത്സയ്ക്കായി കൈമാറി
നെടുങ്കണ്ടം: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐസൊലേഷൻ വാർഡ് ക്രമീകരിക്കുന്നതിനായി നെടുങ്കണ്ടം കരുണ ആശുപത്രിയുടെ കെട്ടിടം ഇടുക്കി രൂപത അധികൃതർ സർക്കാരിന് താത്കാലികമായി കൈമാറി.
സ്ഥാപനത്തിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും രൂപത വികാരി ജനറാളുമായ മോണ്. ജോസ് പ്ലാച്ചിക്കൽ എത്തിയാണ് കെട്ടിടം ഉടുന്പൻചോല തഹസിൽദാർ നിജു പി. കുര്യന് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ, ഫാ. ജോണ് ചേനംചിറയിൽ തുടങ്ങിയവരും റവന്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
ഇന്നലെ രാവിലെയാണ് കെട്ടിടവും ഫർണിച്ചറും ഉൾപ്പെടെ മുഴുവൻ സൗകര്യങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകിയത്. ഐസോലേഷൻ വാർഡിനൊപ്പം ഐസിയുകളും ഇവിടെ ഒരുക്കും.
ഉടുന്പൻചോല തഹസിൽദാരുടെയും നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ടിന്റെയും നിർദേശാനുസരണം യൂത്ത് കോണ്ഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ കെട്ടിടം ശുചീകരിച്ചു. ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന വരാന്ത, അൽഫോൻസ ബ്ലോക്ക്, ഓപ്പറേഷൻ തീയറ്റർ, സമീപത്തെ വാർഡുകൾ എന്നിവയാണ് പ്രവർത്തകർ വൃത്തിയാക്കിയത്.
യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകരും, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയിലെ പ്രവർത്തകരുമാണ് ശുചീകരണം നടത്തിയത്. 11 സംഘങ്ങളായി തിരിഞ്ഞ് കൂട്ടംകൂടാതെ ഒരുമീറ്റർ അകലം പാലിച്ചും മുഖാവരണവും കൈയുറകളും ധരിച്ചുമാണ് പ്രവർത്തകർ ശുചീകരണം നടത്തിയത്. ഇവർക്ക് ആവശ്യമായ മാസ്കുകളും കൈയുറകളും ആരോഗ്യവകുപ്പ് വിതരണം ചെയ്തു.