കണ്ണൂരിൽ സന്യസ്തരുടെ പ്രതിഷേധ കൂട്ടായ്മ
കണ്ണൂർ: സന്തോഷത്തോടെയും അഭിമാനത്തോടെയും തങ്ങൾ ഏറ്റെടുത്തിരിക്കുന്ന സന്യാസത്തെ അവഹേളിക്കരുതെന്നും തങ്ങളെ അപമാനിക്കരുതെന്നും സന്യസ്തർ. സന്യാസം തങ്ങൾക്കു ക്ലേശമോ വേദനയോ അല്ലെന്നും അവർ വ്യക്തമാക്കി.
ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില മാധ്യമങ്ങൾ ക്രൈസ്തവ സന്യസ്തരെ താറടിച്ചുകാണിക്കുവാനും ക്രൈസ്തവ സന്യാസത്തെ വളരെ നീചമായ രീതിയിൽ അവഹേളിക്കാനും നടത്തുന്ന ശ്രമങ്ങൾക്കെതിരേ കണ്ണൂരിൽ ക്രൈസ്തവ സന്യസ്തർ നടത്തിയപ്രതിഷേധകൂട്ടായ്മയി ൽ പ്രസംഗിച്ച ദീനസേവന സഭ മദർ ജനറൽ സിസ്റ്റർ എമസ്റ്റീന, എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ നോബിൾ മേരി, എംഎസ്എംഐ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ടെസിൻ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേദനയിലും ദുഃഖത്തിലും പുഞ്ചിരിക്കുന്ന മുഖത്തോടെ പ്രേഷിതമേഖലയിലേക്ക് ഇറങ്ങിച്ചെല്ലുന്നവരാണ് ഞങ്ങളെന്ന് സിസ്റ്റർ എമസ്റ്റീന ഡിഎസ്എസ് പറഞ്ഞു. സംതൃപ്തിയുടെ മുഖമാണ് സന്യാസത്തിന്.
ഏതു പ്രതിസന്ധിയിലും പ്രേഷിതപ്രവർത്തനത്തിന് ധൈര്യമുള്ളവരാണ് ഞങ്ങൾ. എത്രതന്നെ പരിഹസിച്ചാലും ദൈവസ്നേഹത്തിലധിഷ്ഠിതമായ ഞങ്ങളുടെ സന്യാസത്തെ ദുർബലപ്പെടുത്താനാകില്ലെന്നും സിസ്റ്റർ എമസ്റ്റീന പറഞ്ഞു.
സന്യസ്തർക്കുനേരേ നടക്കുന്നത് ബോധപൂർവമായ പീഡനമാണെന്നും അതിനെ പ്രതിരോധിക്കാൻ ഞങ്ങളെ ഇനിയും തെരുവിലിറക്കരുതെന്നും സിസ്റ്റർ നോബിൾ മേരി എഫ്സിസി പറഞ്ഞു. നിവൃത്തികേടുകൊണ്ടാണ് ഞങ്ങൾക്ക് ഇത്തരമൊരു പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവന്നത്. ഞങ്ങളെ വേട്ടയാടാൻ ഇറങ്ങിയിരിക്കുന്നവരോട് സഹതാപമാണ് തോന്നുന്നത്.
ഞങ്ങളുടെ ജീവിതം എങ്ങനെയാണെന്നും ഞങ്ങൾ എന്താണ് ചെയ്യുന്നതെന്നും അറിയാൻ കണ്ണുതുറന്ന് ചുറ്റും നോക്കിയാൽ മതി. അസത്യമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനുമുമ്പ് മാധ്യമപ്രവർത്തകർ അതുചെയ്യണം. സന്തോഷത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രേഷിതപ്രവർത്തനം ചെയ്യുന്നവരാണ് ഞങ്ങൾ.
വിശുദ്ധ മദർ തെരേസയെപ്പോലെ ഏതു പ്രതികൂല സാഹചര്യങ്ങളിലും പ്രേഷിതവേല ചെയ്യാൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂവെന്നും സിസ്റ്റർ നോബിൾ മേരി പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് നൂറുകണക്കിന് സന്യസ്തർ പങ്കെടുത്ത പ്രതിഷേധകൂട്ടായ്മ കണ്ണൂരിൽ നടന്നത്.
ജപമാല കൈയിലെടുത്ത് ഒരു നിമിഷം പ്രാർഥിച്ചതിനുശേഷം മെഴുകുതിരി കത്തിച്ച് കറുത്ത തുണി ഉപയോഗിച്ച് കണ്ണു കെട്ടിയാണ് പ്രതിഷേധം അറിയിച്ചത്. കണ്ണൂർ, തലശേരി രൂപതകളിലെ ഏതാനും വൈദികരും ഐക്യദാർഢ്യ സന്ദേശം നല്കി.