ദൈവം നമ്മുടെ നന്ദി ആഗ്രഹിക്കുന്നുണ്ടോ? (Sunday Homily)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
ബൈബിള്‍ കാലഘട്ടത്തില്‍ കുഷ്ഠരോഗം സുഖപ്പെടുത്തുക എന്നത് മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കുന്നതു പോലെയോ ജന്മനാ അന്ധനായ ഒരാള്‍ക്കു കാഴ്ച കൊടുക്കുന്നതു പോലെയോ മഹത്തായ സൗഖ്യമായി കണക്കാക്കപ്പെട്ടിരുന്നു. പത്തു കുഷ്ഠരോഗികളെ യേശു ഒരുമിച്ച് സൗഖ്യപ്പെടുത്തിയ പ്രവര്‍ത്തി മിശിഹായുടെ ആഗമനത്തിന്റെ വെളിപ്പെടുത്തലായിരുന്നു. ആ പത്തു പേരില്‍ ഒരാള്‍ മാത്രമാണ് മടങ്ങി വന്ന് യേശുവിന് നന്ദി പറയാന്‍ മനസ്സ് കാണിച്ചത്. അയാള്‍ ഒരു സമരിയാക്കാരന് ആയിരുന്നു. യഹൂദര്‍ നിന്ദിച്ചിരുന്ന സമരിയാക്കാരനെ യേശു പ്രശംസിക്കുന്നു. നാം പല വിധത്തിലും ദൈവത്തോടും മറ്റുള്ളവരോടും കടപ്പെട്ടവരാണ്. ഈ ജീവിതത്തില്‍ നമുക്ക് കൃതജ്ഞതയുള്ളവരായിരിക്കാം.
ബൈബിള്‍ വായന
ലൂക്ക. 17. 11 – 19
“ജറുസലേമിലേക്കുള്ള യാത്രയില്‍ അവന് സമരിയായ്ക്കും ഗലീലിക്കും മധ്യേ കടന്നു പോകുകയായിരുന്നു. അവന് ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അകലെ നിന്നിരുന്ന പത്ത് കുഷ്ഠ രോഗികള്‍ അവനെ കണ്ടു. അവര്‍ സ്വരമുയര്‍ത്തി യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയേണമേ എന്ന് അപേക്ഷിച്ചു. അവരെ കണ്ടപ്പോള്‍ അവന് പറഞ്ഞു; പോയി നിങ്ങളെ തന്നെ പുരോഹിതന്മാര്ക്ക് കാണിച്ചു കൊടുക്കുവിന്‍. പോകും വഴി അവര്‍ സുഖം പ്രാപിച്ചു, അവരിലൊരുവന് താന്‍ രോഗവിമുക്തനായി എന്ന് കണ്ട് ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചു കൊണ്ട് തിരിച്ചു വന്നു. അവന് യേശുവിന്റെ കാല്ക്കല് സാഷ്ടാംഗം പ്രണമിച്ച് നന്ദി പറഞ്ഞു. അവന് ഒരു സമരിയാക്കാരനായിരുന്നു. യേശു ചോദിച്ചു: പത്തു പേരല്ലേ സുഖപ്പെട്ടത്. ബാക്കി ഒന്‍പത് പേരെവിടെ? ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചു വന്ന് ദൈവത്തെ മഹത്വപ്പെടുത്തണം എന്ന് തോന്നിയില്ലേ ? അനന്തരം യേശു അവനോട് പറഞ്ഞു; എഴുന്നേറ്റു പോയ്ക്കൊളളുക. നിന്റെ വിശ്വാസം നി്ന്നെ രക്ഷിച്ചിരിക്കുന്നു.”
വചന വിചിന്തനം
യഹൂദര്‍ സമരിയാക്കാരെ വെറുത്തിരുന്നതിനാല്‍ അവര്‍ തെക്കു വഴി ജറുസലേമിലേക്ക് പോകുമ്പോള്‍ സമരിയ ഒഴിവാക്കി പോകുക പതിവായിരുന്നു. അതിനായി അവര്‍ ജോര്‍ദാന്‍ നദി കടന്ന് നദിയുടെ കിഴക്ക് ഭാഗത്തേക്കു പോയി ജറീക്കോ വഴി ജറുസലേമിലേക്ക് പോകുമായിരുന്നു. ലൂക്കായുടെ സുവിശേഷം അനുസരിച്ച്, യേശു സമരിയായിലൂടെയും ഗലീലിയിലൂടെയും യാത്ര ചെയ്യുകയായിരുന്നു. അവിടെ താമസിച്ചരുന്ന ചില കുഷ്ഠരോഗികള്‍ (അവരില്‍ യഹൂദരും സമരിയാക്കാരുമെല്ലാം ഉണ്ടായിരുന്നു) യേശുവിനെ സമീപിച്ചു സൗഖ്യത്തിനായി അപേക്ഷിച്ചു. അത് ഏത് ഗ്രാമമാണെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല.
ഗവേഷകര്‍ കുഷ്ഠരോഗത്തിന്റെ ബാക്ടീരിയകളെ ഈജിപ്തിലെ ചില മമ്മികളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേല്ക്കാരിലേക്ക് കുഷ്ഠം പകര്‍ന്നത് ഈജിപ്തിലെ പ്രവാസകാലത്താണെന്ന് വിശ്വസിക്കപ്പെടുന്നു. പഴയ കാലങ്ങളില്‍ കുഷ്ഠം മരുന്നോ സൗഖ്യമോ ഇല്ലാത്ത മാരക രോഗവും പകര്‍ച്ചവ്യാധിയുമായാണ് കണക്കാക്കപ്പെട്ടിരുന്നത്. അതിനെ ദൈവശിക്ഷയായും പൊതുവെ ഗണിച്ചിരുന്നു. കാന്‍സറും മന്തുരോഗവും കുഷ്ഠമായി വിചാരിച്ചിരുന്നു. കുഷ്ഠരോഗികള്‍ പ്രവേശിച്ച ഇടങ്ങള്‍ അശുദ്ധമായിരുന്നു എന്ന് അവര്‍ വിശ്വസിച്ചിരുന്നു. പൊതുജനം കുഷ്ഠരോഗികളുമായുള്ള സമ്പര്‍ക്കം ഒഴുവാക്കുകയും വഴിയില്‍ ഒരു കുഷ്ഠരോഗിയെ കണ്ടാല്‍ അശുദ്ധന്, അശുദ്ധന്! എന്ന് വിളിച്ചു പറയുകയും ചെയ്തിരുന്നു.
കുഷ്ഠരോഗികളെ കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറത്താക്കി ഏകാന്തതിയിലേക്ക് തള്ളി വിടുമായിരുന്നു. അവര്‍ ജീവിക്കാന്‍ യാതൊരു മാര്‍ഗവും ഇല്ലായിരുന്നു. ചിലപ്പോള്‍ അവര്‍ക്ക് ദൈവത്തിലുള്ള വിശ്വാസവും ജീവിതത്തിലുള്ള പ്രത്യാശയും നഷ്ടമായിരുന്നു. മുന്‍പ് ആരൊക്കെ ആയിരുന്നാലും കുഷ്ഠരോഗി ആയി മാറിക്കഴിഞ്ഞാല്‍ അവരെല്ലാവരും ഒരു പോലെയായി മാറിയിരുന്നു. അങ്ങനെ യഹൂദരും സമരിയാക്കാരും എല്ലാം കുഷ്ഠരോഗികളുടെ ഒരു കൂട്ടമായി മാറിയിരുന്നു. രണ്ടു കൂട്ടരും ഒരു പോലെ തൊട്ടൂകൂടാത്തവര്. സമൂഹത്തോട് നിയമപരമായ അകല്ച പാലിക്കുമ്പോള്‍ തന്നെ അവര്‍ ഗ്രാമങ്ങളില്‍ തങ്ങി തങ്ങളുടെ ബന്ധുക്കളോടും ദയവുള്ള മനുഷ്യരോടും ഭക്ഷണം യാചിക്കുമായിരുന്നു.
യേശുവിനെ കണ്ടപ്പോള്‍ അകല്ച പാലിച്ചു കൊണ്ടു തന്നെ കുഷ്ഠരോഗികള്‍ വിളിച്ചു പറഞ്ഞു: യേശുവേ, ഗുരുവേ, ഞങ്ങളുടെ മേല്‍ കനിയേണമേ! ഒരു റബ്ബി എന്നര്‍ത്ഥത്തിലാകണം അവര്‍ യേശുവിനെ ഗുരു എന്ന് അഭിസംബോധന ചെയ്തത്. കൃത്യമായി ഞങ്ങളെ സുഖപ്പെടുത്തണമേ എന്ന് അവര്‍ അപേക്ഷിക്കുന്നില്ല. കനിയണമേ എന്നാണ് പറയുന്നത്. യേശുവും അതു പോലെ തന്നെയാണ് മറുപടി പറയുന്നത്. പോയി പുരോഹിതന്മാര്ക്ക് നിങ്ങളെ തന്നെ കാണിച്ചു കൊടുക്കുക. കുഷ്ഠരോഗികള്‍ക്ക് പുരോഹിതരുടെ പക്കല്‍ പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. പുരോഹിതരുടെ പക്കല്‍ പോകു എന്ന് പറയുന്നത് യേശു അവരെ സൗഖ്യപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ്.
പോകും വഴി അവര്‍ സുഖം പ്രാപിച്ചു എന്നാണ് ബൈബിള്‍ പറയുന്നത്. തങ്ങള്‍ സൗഖ്യം പ്രാപിച്ചു എന്ന് അവര്‍ക്ക് മനസ്സിലായി. അവര്‍ അതില്‍ മതിമറന്നു കാണും. എന്നാല്‍ അവരില്‍ ഒരാള്‍്ക്ക് മാത്രമാണ് മടങ്ങി വന്ന് യേശുവിന് നന്ദിയര്‍പ്പിക്കണം എന്ന് തോന്നിയത്. യേശു കേവലം ഒരു റബ്ബി മാത്രമല്ല, മിശിഹാ ആണെന്ന് ആ സമരിയാക്കാരന് തോന്നിയിരിക്കണം. ബാക്കി ഒന്തു പേര് പൂരോഹിതരെ കണ്ട് അംഗീകാരം വാങ്ങിയ ശേഷം താന്താങ്ങളുടെ വഴിക്കു പോയി. ചിലപ്പോള്‍ തങ്ങളുടെ സൗഖ്യത്തില്‍ മതിമറന്ന് തങ്ങളെ തന്നെ കുടുംബാംഗങ്ങളെ കാണിക്കാന്‍ പോയതാവും. എന്നാല്‍ തങ്ങള്‍ക്ക് സൗഖ്യം നല്കിയവനെ അവര്‍ മറന്നു കളഞ്ഞു!
എന്നാല്‍ സൗഖ്യം ലഭിച്ച സമരിയാക്കാരന് യേശുവിന്റെ അടുത്തു വന്ന് അവിടുത്തെ പാദങ്ങളില്‍ വീണ് നന്ദി പറഞ്ഞു. അയാളുടെ വലിയ എളിമയും ദൈവപുത്രനോടുളള ആരാധനവുമാണ് അത് സൂചിപ്പിക്കുന്നത്. ഒരു പക്ഷേ, അയാള്‍ യേശുവിന്റെ അത്ഭുതപ്രവര്‍ത്തികളെ കുറിച്ച് കേട്ടു കാണും. എന്നാല്‍ ഇതാദ്യമായാണ് അത് നേരിട്ട് അനുഭവിക്കുന്നത്. ഒരു സമരിയാക്കാരനെന്ന നിലയില്‍ ഒരു യഹൂദ റബ്ബിയില്‍ നിന്ന് അത്രയും വലിയ അനുഗ്രഹത്തിന് താന്‍ അര്‍ഹനല്ല എന്ന് അയാള്‍ വിചാരിച്ചു കാണും.
മടങ്ങി വന്ന് നന്ദി പറഞ്ഞത് ഒരു സമരിയാക്കാരനാണെന്ന് ലൂക്ക പ്രത്യേകം പറയുന്നുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ക്രിസ്തുമതത്തില്‍ യഹൂദരും സമരിയാക്കാരും തമ്മില്‍ ഭേദമില്ല. യേശു പലപ്പോഴും സമരിയാക്കാരെ പിന്തുണയ്ക്കുന്ന രീതിയില്‍ സംസാരിക്കുന്നത് നാം സുവിശേഷത്തില്‍ കാണുന്നു. നല്ല സമരിയാക്കാരന്റെ ഉപമയിലും കിണറിന് കരയിലെ സമരിയാക്കാരിയിലുമെല്ലാം നാം ഇത് കാണുന്നു. സമരിയാക്കാരെ നിന്ദിച്ചിരുന്ന യഹൂദരുടെ മുന്നില്‍ നന്ദിയുളള സമരിയാക്കാരനെ ഒരു മാതൃകയായി യേശു അവതരിപ്പിക്കുന്നു.
കുഷ്ഠരോഗികളും സമൂഹഭ്രഷ്ഠരും ആയിരുന്നപ്പോള്‍ യഹൂദരും സമരിയാക്കാരും ഒന്നിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ കുഷ്ഠ രോഗം സുഖപ്പെട്ടപ്പോള്‍ യഹൂദരായ രോഗികളില്‍ വീണ്ടും യഹൂദബോധം ഉടലെടുത്തു. അതിനാലാണ് അവര്‍ യേശുവിനോട് സംസാരിക്കാന്‍ കൂട്ടാക്കാതിരുന്നത്. മതത്തെ അടിസ്ഥാനമാക്കിയുള്ള സൗഹൃദമനോഭാവം യേശു ഇഷ്ടപ്പെട്ടില്ല എന്ന് വ്യക്തമാണ്. ഈ വിജാതീയന്‍ മാത്രമേ ദൈവത്തിന് നന്ദി പറയാന്‍ മടങ്ങി എത്തിയുള്ളോ എന്ന യേശുവിന്റെ ചോദ്യം ഇതാണ് കാണിക്കുന്നത്.
സന്ദേശം
നാം പാപത്തിലായിരിക്കുമ്പോള്‍ നമുക്ക് ആത്മീയ കുഷ്ഠമുണ്ട്. യേശുവിന്റെ ശക്തിയാല്‍ മാത്രമേ ഈ കുഷ്ഠത്തില്‍ നിന്ന് നമുക്ക് പുറത്തു കടക്കാന്‍ സാധിക്കുകയുള്ളൂ. യേശുവിന്റെ കരുണയ്ക്കായി നമുക്ക് യാചിക്കാം.
യേശു കുഷ്ഠരോഗികളോട് ആവശ്യപ്പെട്ടത് പോയി പുരോഹിതന്മാര്ക്ക് തങ്ങളെ തന്നെ കാണിച്ചു കൊടുക്കാനാണ്. ആ വാക്കുകള്‍ അവര്‍ വിശ്വസിച്ചതിനാല്‍ അവര്‍ പോകും വഴി സുഖം പ്രാപിച്ചു. ക്രിസ്ത്യാനികളെന്ന നിലയില്‍ നമ്മള് യേശുവിന്റെ വാക്കുകള്‍ അനുസരിക്കണം. അപ്പോഴാണ് നമുക്ക് ആത്മീയനന്മകള് ലഭിക്കുക.
സമരിയാക്കാരനായ കുഷ്ഠരോഗിക്ക് മടങ്ങി വന്ന് യേശുവിന് നന്ദി പറയണം എന്ന് തോന്നി. താന്‍ അര്‍ഹിക്കാത്ത നന്മയാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയുന്നവര്‍ കൂടുതല്‍ നന്ദിയും സ്നേഹവും ഉള്ളവരാകും.
ഇവിടെ നന്ദി പറയേണ്ട ആവശ്യകതയെ കുറിച്ച് യേശു വ്യക്തമായി പറയുകയാണ്. നമ്മുടെ ജീവിതത്തില്‍ ആത്മീയമായും ഭൗതികമായും ലഭിച്ച നേട്ടങ്ങള്‍ക്ക് നാം ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം. കഷ്ടകാലത്ത് ലഭിക്കുന്ന അനുഗ്രങ്ങള്‍ക്ക് മാത്രമല്ല, നല്ല കാലത്തും നാം ദൈവത്തിന് നന്ദി പറയണം.
വാസ്തവത്തില്‍ നാം ഈ ജീവിതത്തില്‍ അനേകം വ്യക്തികളോട് കടപ്പെട്ടിരിക്കുന്നു. അവരെയെല്ലാം ഒരു പക്ഷേ നാം തിരിച്ചറിയുകയോ ഓര്‍ക്കുകയോ ചെയ്യുന്നുണ്ടാവില്ല. ചെറുപ്പം മുതല്‍ നമ്മുടെ വളര്‍ച്ചയില്‍ സഹായികളായി നിന്നവര്‍ക്കും നമ്മുടെ ഉന്നമനത്തിനും നന്മയ്ക്കും കാരണഭൂതരായവരോട് നമുക്ക് നന്ദിയുള്ളവരായിരിക്കാം.
പ്രാര്‍ത്ഥന
നല്ലവനായ യേശുനാഥാ,
അങ്ങ് പത്തു കുഷ്ഠരോഗികളെയാണ് സൗഖ്യപ്പെടുത്തിയതെങ്കിലും അങ്ങേയ്ക്ക് നന്ദി പറയാന്‍ എത്തിയത് ഒരുവന് മാത്രമാണ്. ബാക്കിയുള്ളവര്‍ അങ്ങ് അവര്‍ക്കു ചെയ്തു കൊടുത്ത അനുഗ്രഹത്തെ കുറിച്ച് ഓര്‍ക്കാതെ അവരവരുടെ വഴിക്കു പോയി. പലപ്പോഴും ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങളും അതു പോലെ പെരുമാറിയിട്ടുണ്ട്. അവിടുന്ന് ഞങ്ങള്‍ക്ക് ധാരാളമായി നല്കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കാതെ ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയാന്‍ മറന്ന്ു പോയിട്ടുണ്ട്. ഈ നിമിഷത്തില്‍ ഞങ്ങളുടെ നന്ദികേടുകളുടെ സന്ദര്‍ഭങ്ങള്‍ ഞങ്ങള്‍ ഓര്‍ത്ത് അവയെ പ്രതി അങ്ങയോട് ഞങ്ങള്‍ മാപ്പു യാചിക്കുന്നു. അവിടുത്തോട് മാത്രമല്ല, ഞങ്ങള്‍ക്ക് ഉപകാരം ചെയ്യുന്ന എല്ലാ മനുഷ്യരോടും നന്ദിയുള്ളവരായിക്കാനും അവരെ പ്രതി അങ്ങേയ്ക്ക് നന്ദി അര്‍പ്പിക്കുവാനും ഞങ്ങള്‍ക്ക് കൃപ നല്കണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.