ദൈവീക അനുഭവത്തിനായി നമ്മെത്തന്നെ വിട്ടുകൊടുക്കണം

സുവിശേഷപരിചിന്തനം യോഹ 1,35-42

യേശുവിന്റെ ജനനതിരുനാളിനും, മാമോദീസതിരുനാളിനും ശേഷം വീണ്ടും സാധാരണ സമയത്തിന്റെ യാത്ര നാം പുനരാരംഭിക്കുകയാണ്. കാലത്തിന്റെ ഒഴുക്കിൽ നാമറിയാതെ കടന്നുപോകേണ്ടവയല്ല ക്രൈസ്തവത്തിരുനാളുകൾ, മറിച്ച് അവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി, മാറിക്കൊണ്ട് നമ്മിൽ ഒരു നവമായ രൂപീകരണം നടത്തുമ്പോഴാണ് അവയുടെ ശരിയായ അർത്ഥം വെളിവാക്കപ്പെടുന്നത്. ഇത്തരത്തിൽ നമ്മുടെ അനുദിനജീവിതത്തിൽ ക്രിസ്തുവിന്റെ വിളിക്ക് കാതോർക്കുവാനും , ആ വിളിക്കു പ്രത്യുത്തരം നല്കുവാനുമുള്ള ഒരു ക്ഷണമാണ് ഇന്നത്തെ വായനകൾ നമുക്ക് പ്രദാനം ചെയ്യുന്നത്.

ആദ്യത്തെ വായനയിലെ യുവാവായ സാമുവേലിനെ ദൈവം വിളിക്കുന്നതും, രണ്ടാം വായനയിൽ തന്നെ വിളിച്ച ദൈവത്തോടുള്ള വിശ്വസ്തത തന്റെ ജീവനും ജീവിതവും വഴി പൗലോസ് അപ്പസ്തോലൻ വെളിവാക്കുന്നതും, ആദ്യശിഷ്യന്മാരെ തന്റെ ദൈവീക അനുഭവത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ശിഷ്യത്വത്തിന്റെ പാത വെളിപ്പെടുത്തുന്നതുമാണ് ഇന്നത്തെ വചനവായനകളുടെ ഇതിവൃത്തം.

വിശുദ്ധഗ്രന്ഥം ദൈവത്തിന് നൽകിയിരിക്കുന്ന വിവിധ നാമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്: വിളിക്കുന്നവൻ. ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിലും, സങ്കീർത്തനങ്ങളിലും ഇപ്രകാരം വിവിധ അവസരങ്ങളിൽ ദൈവം പേര് ചൊല്ലി വിളിക്കുന്നതിനെ പറ്റി പരാമർശിക്കുന്നുണ്ട്.ഇപ്രകാരം പേര് ചൊല്ലി വിളിക്കുന്ന ദൈവം വിളിക്കപെടുന്നവരിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രത്യേകമായ ഒരു ദൗത്യവും വചനം അടിവരയിടുന്നു. എന്നാൽ ഇത് അടിച്ചേൽപ്പിക്കുന്നതും,ഭാരപ്പെടുത്തുന്നതുമായ ഒന്നല്ല മറിച്ച് നമ്മുടെ വ്യക്തിത്വത്തോട് വിശ്വസ്തത പുലർത്തിക്കൊണ്ട് അവനിൽ സന്തോഷം കൈവരിക്കുന്നതിനുള്ള വിളിയാണ്.

ഇന്നത്തെ ആദ്യവായനയിൽ വചനം നമുക്ക് പരിചയപ്പെടുത്തുന്നത് സാമുവേൽ പ്രവാചകനെയാണ്.ഒരു നൂറ്റാണ്ടിലേറെയായി ഈജിയൻ ദ്വീപുകളിൽ നിന്ന് എത്തിയ ഫിലിസ്ത്യർ, തീരത്ത് സ്ഥിരതാമസമാക്കി, കാനാൻ ദേശത്തെ ഫലഭൂയിഷ്ഠമായ സമതലങ്ങൾ കൈവശപ്പെടുത്തുകയും, വരണ്ടതും കല്ലും നിറഞ്ഞതുമായ മലകളിൽ ജീവിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സാമുവേൽ തന്റെ ജീവിതം ആരംഭിക്കുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ ആശയക്കുഴപ്പത്തിൽ നിന്ന് രാജവാഴ്ചയുടെ ആവിർഭാവത്തിലേക്കുള്ള ഈ പരിവർത്തന സമയത്താണ് ജനങ്ങളെ നയിക്കാൻ സാമുവലിനെ കർത്താവ് വിളിക്കുന്നത്.

ദർശനങ്ങൾ അക്കാലത്തു അപൂർവമായിരുന്നു എന്നും വചനം പറഞ്ഞുവയ്ക്കുന്നു. കർത്താവിന്റെ പദ്ധതികൾ ഗ്രഹിക്കുന്നതിനും ഇസ്രായേലിനെ അറിയിക്കുന്നതിനും സാമുവേലിനെ തിരഞ്ഞെടുക്കുന്നു. എന്നാൽ ഈ വിളി തിരിച്ചറിയുവാനും, അത് ഹൃദയത്തിൽ സംഗ്രഹിക്കുവാനും അവനെ സഹായിക്കുവാനുള്ള വ്യക്തിയെയും ദൈവം തന്നെ ഒരുക്കിയിരുന്നു. വിചിത്രമായ ഒരു വചനവും നമ്മുടെ വിചിന്തനത്തിനായി എടുക്കാവുന്നതാണ്. സാമുവൽ കർത്താവിനെ അറിഞ്ഞിരുന്നില്ല, അവന്റെ വചനം അവനു വെളിപ്പെടുത്തിയിരുന്നില്ല” (വാക്യം 7). ശീലോ ദേവാലയത്തിൽ വർഷങ്ങളോളം ചെലവഴിച്ച ഈ ബാലൻ ഇതുവരെ കർത്താവിനെ അറിഞ്ഞില്ല എന്നത് ആശ്ചര്യകരമാണ്. ദൈവത്തെ അറിയാനുള്ള ഈ ബുദ്ധിമുട്ട് ആശ്ചര്യകരമല്ല, കാരണം ചിന്തകൾ മനസ്സിലാക്കാനും കർത്താവിന്റെ പദ്ധതികളിൽ ഏർപ്പെടാനും എളുപ്പമല്ലയെന്ന വസ്തുതയും ഈ വചനത്തിലൂടെ നമുക്ക് വെളിപ്പെടുത്തുന്നു.

എങ്കിലും ദൈവം തന്റെ പദ്ധതികൾ  നിറവേറ്റുവാൻ സാമുവേലിനെ വിളിക്കുന്നു. ദൈവത്തിന്റെ ശബ്ദം തിരിച്ചറിയുവാൻ സാമുവേൽ എടുക്കുന്ന സമയവും ഏറെ അർത്ഥവത്താണ്. പേര് ചൊല്ലി വിളിക്കുന്നവന്റെ അടുപ്പം മനസിലാക്കുവാനും, അവന്റെ ഹിതം പൂർത്തീകരിക്കുവാൻ നമ്മുടെ ജീവിതം സമർപ്പിക്കുവാനും നമ്മുടെ സമയത്തിനായി ദൈവം കാത്തിരിക്കുന്നു. സാമുവൽ അവന്റെ വിളിയോട് വിശ്വസ്തതയോടെ പ്രതികരിച്ചു. ആദ്യവായന നമുക്ക് ചൂണ്ടിക്കാണിക്കുന്ന വലിയ പാഠവും ഇതുതന്നെയാണ് പ്രതിധ്വനിക്കുന്ന നിരവധി ശബ്ദങ്ങൾക്കിടയിൽ,ദൈവത്തിന്റെ ശബ്ദം തിരിച്ചറിയുവാൻ കാലതാമസം എടുക്കുന്നുവെങ്കിലും, തിരിച്ചറിഞ്ഞാൽ അവനോട് വിശ്വസ്തതയോടെ ചേർന്ന് നിൽക്കുവാനുള്ള നമ്മുടെ വിളി.

ഈ വിളിയുടെ വിലയാണ് രണ്ടാമത്തെ വായനയിൽ വിശുദ്ധ പൗലോസ് ശ്ലീഹ നമുക്ക് വെളിപ്പെടുത്തുന്നത്. ‘എല്ലാം അനുവദനീയമാണ്’ എന്ന ധാർമ്മിക അപചയത്തിന്റെ ചിന്തകൾ അരങ്ങുതകർക്കുന്ന ആചാരാധിക്കാരങ്ങൾക്ക് പേര് കേട്ട കോറിന്തോസിലെ ജനങ്ങളോടാണ് പൗലോസ് ശ്ലീഹ തന്റെ അനുഭവത്തിൽ നിന്നും ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണെന്നുള്ള വലിയ തിരിച്ചറിവ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത പറഞ്ഞു കൊടുക്കുന്നത്.മാമോദീസ സ്വീകരിച്ചു ക്രിസ്തുവിന്റെ മക്കളെന്ന അവകാശം നേടിയവർക്ക്, അവന്റെ വിളിയനുസരിച്ചു ജീവിക്കുവാനുള്ള കടമ പൗലോസ് ശ്ലീഹ ഓർമ്മിപ്പിക്കുന്നു., ശാരീരിക ആവശ്യത്തിന്റെ സംതൃപ്തിയിലേക്ക് മാത്രം ലൈംഗികതയെ ചുരുക്കാൻ കഴിയില്ലെന്നും, , മറിച്ച് സ്നേഹം പ്രകടിപ്പിക്കുന്നതിനും സ്വയം നൽകുന്നതിനുമാണ് ദൈവം ദാനമായി ഇത് നല്കിയിരിക്കുന്നതെന്നുമുള്ള വലിയ പാഠം ശ്ളീഹാ പകർന്നു നൽകുന്നു.

ഈ സ്നേഹത്തിന്റെ പൂർത്തീകരണം നാം മനസിലാക്കുന്നത് ഇന്നത്തെ സുവിശേഷവായനയിലൂടെയാണ്.ആദ്യ അപ്പസ്തോലന്മാരുടെ വിളിയെ സ്നേഹത്തിന്റെ കൂട്ടായ്മയിലേക്കുള്ള വിളിയായി യോഹന്നാൻ സുവിശേഷകൻ അവതരിപ്പിക്കുന്നു. ജോർദാൻ നദിയുടെ തീരമാണ് വിളിയുടെ രംഗം.’ഇതാ ദൈവത്തിന്റെ കുഞ്ഞാട്എ’ ന്ന സ്നാപകയോഹന്നാന്റെ വാക്കുകൾ, വെറുമൊരു ഭംഗിവാക്കോ, ഭൗതികമായ പുകഴ്ത്തലോ ആയിരുന്നില്ല മറിച്ച് യേശുവിന്റെ മാമോദീസ വേല മുതൽ താൻ അനുഭവിച്ചറിഞ്ഞ പ്രത്യാശയുടെയും, സ്നേഹത്തിന്റെയും പ്രകടനമായിരുന്നു.യേശുവിനെ കുറിച്ച് സ്നാപകന് ഉണ്ടായിരുന്ന ധാരണയെ വിവരിക്കാൻ സുവിശേഷകൻ ഉപയോഗിക്കുന്ന ഗ്രീക്ക് ക്രിയ പോലും പ്രാധാന്യമർഹിക്കുന്നു, എംബ്ലെപെയിൻ, ഇത് വെറും തുറിച്ച് നോക്കുക എന്നല്ല, മറിച്ച് ഉള്ളിലേക്ക് നോക്കുക, ഒരു വ്യക്തിയുടെ ആഴത്തെക്കുറിച്ച് ചിന്തിക്കുക എന്നതാണ്.

“അറുക്കാനുള്ള ആട്ടിൻകുട്ടിയെപ്പോലെ, രോമം കത്രിക്കുന്നവരുടെ മുമ്പിൽ നിശബ്ദനായ ആടിനെപ്പോലെ, അവൻ ദുഷ്ടന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു, വാസ്തവത്തിൽ അവൻ അനേകരുടെ പാപം വഹിച്ചു. പാപികൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കുകയും ചെയ്തു”  എന്ന ഏശയ്യാ പ്രവാചകന്റെ പ്രവചനമാണ് സ്നാപകന്റെ വാക്കുകളിലെ ധ്വനി.

തുടർന്ന് ആദ്യശിഷ്യന്മാരെ വിളിക്കുന്നതാണ് സുവിശേഷകൻ വിവരിക്കുന്നത്. തന്നെ പിന്തുടരുന്ന രണ്ടുപേരെ അഭിസംബോധന ചെയ്യുന്ന യേശുവിന്റെ വാക്കുകൾ ഇപ്രകാരമാണ്: “നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്?”നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്? ഓരോ പുരുഷന്റെയും സ്ത്രീയുടെയും അടിസ്ഥാന ചോദ്യം ഇതാണ്: നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്? അതായത്: നിങ്ങളുടെ ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടത്? നിങ്ങളുടെ അസ്തിത്വം എങ്ങനെ ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു? നിങ്ങൾ എന്തിന്റെ പിന്നാലെയാണ്  ഓടുന്നത്? യേശുവിനെ തന്റെ ഗുരുവായി സ്വീകരിച്ചതിനു ശേഷം ആത്മീയ യാത്ര ആരംഭിക്കുന്ന ഓരോ ശിഷ്യനിലേക്കും ഈ ചോദ്യം നിർദ്ദേശിക്കപ്പെടുന്നു. ക്രിസ്തുവിൽ നിന്ന് താൻ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവൻ സ്വയം ചോദിക്കണം. തുടർന്ന് ഈ രണ്ടുപേരും, അവനെ കാണുകയും അവനോടൊപ്പം താമസിക്കുകയും അവന്റെ വ്യക്തിത്വത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുകയും ചെയ്തതിനു ശേഷം അനുഭവിച്ചതിനെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുവാൻ ശിഷ്യന്മാർ യാത്രയാകുന്നു.

രണ്ടായിരം വർഷങ്ങൾക്കു മുൻപ് ആരംഭിച്ച ഈ സുവിശേഷവത്ക്കരണത്തിന്റെ വക്താക്കളാകുവാനുള്ള വിളിയാണ് ഇന്നത്തെ വായന നമുക്ക് നൽകുന്നത്. സന്തോഷത്തോടുകൂടി യേശുവിന്റെ അരികിലേക്ക് കടന്നുചെല്ലുവാനും, അവന്റെ ക്ഷണം സ്വീകരിച്ച് അവനോടൊപ്പം ആയിരുന്നുകൊണ്ട്, അവന്റെ മാധുര്യം നുകരുവാനും നമുക്ക് സാധിക്കട്ടെ.

~ ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles