ഗത്സമെന്‍ തോട്ടം നിനക്ക് അടുത്താണ്.
വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 17
പെസഹാ ഭക്ഷിച്ചതിനു ശേഷം യേശു ശിഷ്യരോടൊപ്പം ഒലിവുമലയിലേക്ക് പോയി. ശിഷ്യരിൽ നിന്നും അല്പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു
“അവന് തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ നിലത്തുവീണു. ”
(ലൂക്കാ 22 : 44)
നൊമ്പരത്തിൻ്റെ ആഴക്കടലിൽ മുങ്ങിത്താഴുമ്പോഴും….
താൻ ആർക്കു വേണ്ടി നിലകൊണ്ടുവോ.. അവൻ്റെ മൗനം !!
നിലവിളിക്കൊരു ഉത്തരം….
ആശ്വാസത്തിൻ്റെ ഒരു തലോടൽ….
ഇതൊന്നുമില്ലാത്ത അവസാന സന്ധ്യ.
നിലനില് പിനെ ചോദ്യം ചെയ്യപ്പെടുന്ന
ആ രാത്രിയിൽ രക്തം വിയർത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.
വ്യാഖ്യാനിക്കപ്പെടാത്ത ദുഃഖങ്ങളുടെ അടരുകൾ ഹൃദയത്തെ സാന്ദ്രമാക്കുന്ന സന്ധ്യകളിൽ നാം ഗത് സമെനിയിലെ ക്രിസ്തുവിനോടൊപ്പമാണ്.
ജീവിതത്തിൽ പതനത്തിൻ്റെ പടുകുഴികളും കദനത്തിൻ്റെ കൊടും കയങ്ങളും കടക്കേണ്ടി വരുമ്പോൾ…..
ഉള്ളിൽ ഉടയാതെ കാക്കേണ്ട ഒരു പരമാർത്ഥതയുണ്ട്.
വിപത്തുകളുടെ വിനാഴികളിലും അസ്വസ്ഥതകളുടെ നിഴലിലും നിന്നെ സ്വസ്ഥനാക്കേണ്ട ഒരു യാഥാർത്ഥ്യമുണ്ട്.
അപമാനത്തിൻ്റെ അറ്റം കണ്ടവനാണ് യേശു .
വഞ്ചനയുടെ വ്യാപ്തി അറിഞ്ഞവനാണ് യേശു.
തിരസ്കരണത്തിൻ്റെ രുചി അറിഞ്ഞവനാണ് യേശു.
എന്നാൽ ഇന്ന് …. അവൻ ഉത്ഥിതനാണ്.
രാജാക്കന്മാരുടെ രാജാവും സർവ്വാധിപനും സർവ്വ ശക്തനുമാണ്.
ജീവിതയാത്രയിൽ പ്രാർത്ഥനകളും ,
നീതിക്കുവേണ്ടിയുള്ള നിലവിളികളും കേൾക്കപ്പെടാതെ വരുമ്പോൾ…..
നിറഞ്ഞൊഴുകുന്ന നിൻ്റെ കണ്ണുകൾ
മറ്റൊരു കരത്താൽ തുടക്കപ്പെടാതെ വരുമ്പോൾ….
ഒറ്റപ്പെടലിൻ്റെ ….. തിരസ്ക്കരണത്തിൻ്റെ കാർമേഘങ്ങൾ നിനക്കു ചുറ്റും വലയം തീർക്കുമ്പോൾ ….
ഗ ത് സമെൻ തോട്ടം നിനക്ക് വളരെ അടുത്താണ്.
നിന്നിൽ നിന്നും ഒരു കല്ലേറു ദൂരെ
ക്രിസ്തു നിനക്കു വേണ്ടി രക്തം വിയർക്കുണ്ട്.
അനുദിനം ബലിക്കല്ലിൽ ഒരു കാസ നിറയ്ക്കുന്നുണ്ട്.
വരിക … സ്വന്തമാക്കുക.
സഹനത്തിൻ്റെ കാസ മട്ടോളം ഊറ്റിക്കുടിച്ചവൻ്റെ കൃപയുടെ
നീർച്ചാലുകൾ
~ Jincy santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.