മരണം… അമര്‍ത്യതയിലേക്കുള്ള യാത്ര…
മനുഷ്യർ ചുറ്റും മരണം കാണുന്നു.
എന്നാൽ ഒരാളും തൻ്റെ തന്നെ മരണത്തെപ്പറ്റി ചിന്തിക്കുന്നില്ല.
ഇത് മനുഷ്യ ജീവിതത്തിലെ വലിയ ഒരു വിരോധാഭാസമാണ്.
ആയുസ്സിൻ്റെ കണക്കിൽ ഓരോ നിമിഷവും നാം മരിച്ചു കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം അംഗീകരിക്കുവാൻ കഴിയാതെ വീണ്ടും ശ്വസിക്കാമെന്ന വ്യാമോഹത്താൽ അവസാനം എടുത്ത ശ്വാസം
വായിൽ ഒതുക്കപ്പെടുമ്പോൾ ജീവിതം നിസ്സഹായതയോടെ നോക്കി നിൽക്കും.
എന്നും ഈ ലോകത്തിൽ തന്നെ ജീവിക്കുവാൻ കൊതിക്കുന്ന അതിമോഹത്തിൻ്റെ ഉടമകളായി മനുഷ്യർ മാറിക്കൊണ്ടിരിക്കുന്നു.
നൈമിഷികമായ ലോക സുഖങ്ങൾ നഷ്ടപ്പെടാതിരിക്കുവാനും ,
ലോകത്തിനു വേണ്ടി മാത്രം ജീവിക്കുവാനുമായി ആത്മീയതയെ അഭയമായി കാണുന്ന അല്പവിശ്വാസികൾക്കും മരണം തീർച്ചയായും ഭയത്തിൻ്റെ അവസ്ഥ സൃഷ്ടിക്കുന്നു.
ദേവാലയത്തിൽ വച്ച് പരിശുദ്ധ മറിയത്തിൻ്റെ കരങ്ങളിലിരിക്കുന്ന രക്ഷകനെ കാണുമ്പോൾ ജീവിതം ധന്യമായി എന്ന തിരിച്ചറിവിൽ മരണത്തെ പുല്കാൻ ആഗ്രഹിക്കുന്ന ശിമയോനും,
ഡമാസ്കസിലെ ഇരുണ്ട തെരുവിൽ വച്ച് ക്രിസ്തുവിനെ തിരിച്ചറിഞ്ഞതിനു ശേഷം “മരണമേ നിൻ്റെ ദംശനം എവിടെ ”
എന്നു ചോദിക്കുന്ന പൗലോസും
മരണത്തിൻ്റെ യഥാർത്ഥ അർത്ഥം കാണിച്ചുതരുന്നു.
നിത്യജീവിതം ലക്ഷ്യം വച്ച് മുന്നേറുവാനാണ് ദൈവം ഓരോ ദിനവും ദാനമായി നൽകുന്നത്.
അമർത്യതയിലേക്കുള്ള യാത്രയാണ്
മനുഷ്യ ജീവിതം.
ഈ യാത്രയിലെ ഒരു ഇടത്താവളം മാത്രമാണ് ഈ ലോകം എന്ന ബോധ്യം മനസ്സിൽ സൂക്ഷിച്ചാൽ ജീവിതം ക്രമപ്പെടുത്താനാവും.
ഒപ്പം ആസ്വാദ്യകരവും.
ജീവിതത്തിൽ അഭിമാനപൂർവം കൊട്ടിഘോഷിക്കുന്ന നേട്ടങ്ങളും കഴിവുകളും നിത്യതയിലേക്ക് എത്ര മാത്രം സഹായകരമാണെന്ന് സ്വയം വിലയിരുത്തുന്നത് ഉചിതമാണ്.
നിത്യതയിൽ ചെന്നു കണ്ണു തുറക്കാനുള്ള
ഒരു ഉറക്കമാണ് മരണം.
സുകൃത ജീവിതം നല്ലമരണത്തിനുള്ള ഒരുക്കമാണ്.
വിശുദ്ധ ഡൊമിനിക് സാവിയോയെ പോലെ
നമുക്കും ഇങ്ങനെ പ്രാർത്ഥിക്കാം.
“ഓ ഈശോയേ…,
എൻ്റെ ആത്മാവ് അങ്ങയുടെ മുമ്പിൽ
പ്രത്യക്ഷപ്പെട്ടു ആദ്യമായി അങ്ങയുടെ
അമർത്യ പ്രഭാവം ദർശിക്കുമ്പോൾ,
എന്നെ അങ്ങയുടെ സന്നിധിയിൽ നിന്നു തള്ളിക്കളയരുതേ…”
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.