ഇതും കടന്നുപോകും…
ഒരു കാലവും ഒരുപാടു കാലത്തേയ്ക്കില്ല.
കഴിഞ്ഞ് പോകുന്ന സമയം വീണ്ടെടുക്കാനോ,
വരാനിരിക്കുന്ന സമയത്തെ എത്തിപ്പിടിക്കാനോ നമുക്കാർക്കും കഴിവില്ല.
കാലത്തിനൊപ്പം സഞ്ചരിക്കാൻ മാത്രമാണ് മനുഷ്യന് സാധിക്കുക.
ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വർദ്ധക്യവും
ജീവിതത്തിൻ്റെ സുഖദുഃഖങ്ങളും കടന്നു പോകുന്നു. ഒന്നും നമുക്കായി കാത്തു നിൽക്കില്ല.
ദൈവം നമുക്ക് അനുവദിച്ചിരിക്കുന്ന ചുരുങ്ങിയ ജീവിതകാലത്തിൽ അവിടുത്തെ മഹത്വപ്പെടുത്തി ജീവിക്കാനായി നമ്മെ
ഭൂമിയിലേക്കയച്ചു.
പ്രകൃതി പോലും അനുദിനം ദൈവത്തെ മഹത്വപ്പെടുത്താൻ മറക്കുന്നില്ല.
പക്ഷേ …,
ഭൂമിയുടെ നിറഭേദങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനായി മനുഷ്യൻ സഞ്ചരിക്കുകയാണ്.
ഇന്നിൻ്റെ ഓട്ടം അവസാനിക്കുന്നതിനു മുൻപു തന്നെ നാളെയുടെ ഓട്ടം ഓടി തുടങ്ങുന്നു.
ഈ ആവേശത്തിൽ സൃഷ്ടിയെ ഭൂമിയിലേക്കയച്ച സൃഷ്ടാവിൻ്റെ ലക്ഷ്യത്തെ പോലും നാം മറക്കുകയാണ്.
കാലത്തിൻ്റെ കടന്നു പോകലുകളിൽ
ബാല്യം വിട്ട് വാർദ്ധക്യത്തിലെത്തുമ്പോൾ നാം തിരിഞ്ഞു നോക്കും.
അർത്ഥമില്ലാത്ത ജീവിതമായിരുന്നു നമ്മുടേതെങ്കിൽ….
അർത്ഥപൂർണ്ണമായ മറ്റൊരു ജീവിതത്തിന് ഇനി അവസരമുണ്ടാകില്ല.
സൃഷ്ടാവിനെ മഹത്വപ്പെടുത്തുക എന്ന സൃഷ്ടിയുടെ ഉത്തരവാദിത്വം മറന്നുള്ള ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ
സ്വർഗത്തിലേയ്ക്കുള്ള നമ്മുടെ വഴികളും അകന്നു പോകും.
ഇന്ന് ചെയ്യാൻ കഴിവുള്ള നന്മ ഇന്നേ ചെയ്യുക.
നാളേയ്ക്ക് മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യരുത്.
“നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്.
നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച്
ആകുലപ്പെട്ടുകൊള്ളും.
ഓരോ ദിനത്തിനും അതതിൻ്റെ ക്ലേശം മതി.”
( മത്തായി 6 : 34 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.