ജീവിതയാത്രയുടെ സായന്തനങ്ങള്‍…
ചോര തിളപ്പിൻ്റെ കാലത്ത് നമുക്ക് തോന്നും ഈ ലോകം മുഴുവൻ നമ്മുടെ കാൽകീഴിലാണെന്ന്.
കുതിച്ചു നടന്ന വഴികളിലൂടെ കിതച്ചു നടക്കുന്നൊരു കാലം വരുമെന്ന് ഓർക്കുക.
ശരീരവും മനസും തളർന്ന് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുമ്പോൾ മനസ്സിലാകും കിടക്കുന്ന സ്ഥലം പോലും തൻ്റെതല്ല എന്ന്.
വിശുദ്ധ ബൈബിളിൽ സഭാപ്രസംഗകൻ്റെ പുസ്തകത്തിൽ വർദ്ധക്യത്തെയും മരണത്തെയും കുറിച്ച് വിശദമായി തന്നെ എഴുതിയിരിക്കുന്നു.
“സൂര്യനും പ്രകാശവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടു പോകും. വൃഷ്ടി കഴിഞ്ഞ് മറഞ്ഞ മേഘങ്ങൾ വീണ്ടും വരും.”
(വാർദ്ധക്യത്തിൽ നിൻ്റെ കാഴ്ചകൾക്ക് മങ്ങലേല്‍ക്കും. യൗവ്വനത്തിൽ കണ്ട കാഴ്ച്ചകൾ വർദ്ധക്യത്തിൽ നിന്നെ ഭ്രമിപ്പിക്കുകയില്ല.)
“വീട്ടുകാവൽക്കാർ സംഭ്രമിക്കുകയും ( നിൻ്റെ കാലുകൾ വിറക്കുകയും )
ശക്തമാർ കൂനിപ്പോവുകയും (നിവർന്നു നിന്നിരുന്ന ശക്തനായ നട്ടെല്ല് വളഞ്ഞ് നീ കൂനിപ്പോകും )
അരയ്ക്കുന്നവർ ആളു കുറവായതിനാൽ വിരമിക്കുകയും ( ഭക്ഷണം ചവച്ചരയ്ക്കാൻ തക്ക പല്ലുകൾ കുറവായതിനാൽ ഇഷ്ടഭക്ഷണം നീ ഒഴിവാക്കും.)
കിളിവാതിലിലൂടെ നോക്കുന്നവർ അന്ധരാവുകയും ചെയ്യും ( നിൻ്റെ കാഴ്ച്ച പൂർണമായും നഷ്ടപ്പെടും.)
തെരുവിലെ വാതിലുകൾ അടയ്ക്കപ്പെടും (ഇഷ്ടപ്രകാരമുള്ള നിൻ്റെ സഞ്ചാരങ്ങൾ വാർദ്ധക്യത്തിൽ സാധിക്കുകയില്ല.)
മാവു പൊടിക്കുന്ന ശബ്ദം മന്ദീഭവിക്കും.(ചെവിയുടെ കേൾവി ശക്തി കുറഞ്ഞില്ലാതാകും).
പക്ഷിയുടെ ശബ്ദം കേട്ട് മനുഷ്യൻ ഉണർന്നു പോകും.(വാർദ്ധക്യത്തിൽ നിനക്ക് ഉറക്കം നഷ്ടപ്പെടും. കിളികളുണരുന്നത് നീ അറിയും) ഗായികമാരുടെ ശബ്ദം താഴും ( ശബ്ദം ഉയർത്തിയിരുന്ന നാവ് അത്രമേൽ ഇനി ശബ്ദമുയർത്തില്ല)
ഉയർന്നു നിൽക്കുന്നതും വഴിയിൽ കാണുന്നതുമെല്ലാം അവർക്കു ഭീതിജനകമാകും ( തട്ടി വീഴാതിരിക്കാൻ ഓരോ ചുവടും വയ്ക്കാൻ നീ ഭയപ്പെടും.)
ബദാം വൃക്ഷം തളിർക്കും. പച്ചക്കുതിര ഇഴയും (ചലനശേഷി കുറഞ്ഞ് നീ നിരങ്ങി നീങ്ങും.)
ആശ അറ്റുപോകും. ഒന്നിനോടും നിനക്ക് ആശയുണ്ടാവില്ല. മരണം കാത്ത് നീ ഇരവു പകലുകൾ ഭീതിയോടെ കഴിയും.)
മനുഷ്യൻ തൻ്റെ നിത്യ ഭവനത്തിലേക്ക് പോവുകയും വിലപിക്കുന്നവർ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും.
ധൂളി അതിൻ്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും.
ആത്മാവ് തൻ്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചു പോവുകയും ചെയ്യും.”
(സഭാപ്രസംഗകൻ 12 : 2- 7)
“നീതിമാൻ പ്രായമെത്താതെ മരിച്ചാലും വിശ്രാന്തി ആസ്വദിക്കും. വാർധക്യത്തെ മാനിക്കുന്നത് ഏറെക്കാലം ജീവിച്ചതുകൊണ്ടല്ല.
മനുഷ്യർക്കു വിവേകമാണ് നരച്ച മുടി.
കറയറ്റ ജീവിതമാണ് പക്വതയാർന്ന വാർദ്ധക്യം ”
( ജ്ഞാനം 4 : 7, 8, 9 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.