ജീവിതവ്യഗ്രതയുടെ എമ്മാവൂസ് യാത്രകള്‍
മൂന്നാണ്ടു കൂടെ നടന്നു വാക്കുകളാലു൦ വർണ്ണനകളാലു൦ വിശദീകരിച്ചിട്ടും തിരിച്ചറിയാതെ പോയ വചനം !!
ഒടുവിൽ എമ്മാവൂസ് യാത്രയിൽ കൂടെ നടന്നിട്ടും അപ്പം മുറിക്കുന്നത് വരെ തിരിച്ചറിയാതെ പോയ കുർബാന !!
തിരിച്ചറിഞ്ഞില്ലല്ലോ എന്ന തീരാ വേദനയുമായി തിരിഞ്ഞു നടക്കുമ്പോൾ നടത്തത്തിനിടയിൽ അവർ ധ്യാനിച്ചു .
കാൽവരിയും കാരിരുമ്പാണിയും മരക്കുരിശ് താങ്ങാനുള്ള അവസരവും ആധികാരികത നിറഞ്ഞ മരണം വരിക്കലും നല്ല കള്ളന്റെ മാനസാന്തരവും ലുങ്കിനോസിന്റെ സൗഖ്യാ നുഭവവും എന്ന് വേണ്ട പാറ പൊട്ടിളർന്ന്,
ജീവനറ്റ ശരീരം മഹിമയോടെ വിരാജിച്ച നിമിഷം വരെയും ഒരൊറ്റ നിമിഷത്തിൽ എന്നപോലെ നഷ്ടമായവരാണ് തങ്ങൾ എന്ന് അവർ സ്വയം ധ്യാനിച്ചു .
നടത്തത്തിലെ വാദപ്രതിവാദങ്ങൾ ഉത്തരം സ്ഥാപിക്കാനുള്ള തീക്ഷ്ണതയായിരുന്നില്ല മൂന്നുവർഷത്തിലെ നഷ്ടത്തിന്റെ കുറ്റബോധമായിരുന്നു .മൂന്നുവർഷത്തെ അനുഭവങ്ങൾ ആർജിച്ച് എടുത്തില്ല എന്നുള്ളത് സത്യം !
പക്ഷേ മൂന്നുവർഷം മൂന്നുദിവസത്തോളം ചെറുതാക്കി അതെ ആസ്വാദ്യത ജീവിതത്തിൽ നൽകാൻ ഭയത്തെ സ്നേഹിക്കുന്നവരെ തേടിയിറങ്ങി അവരോടൊപ്പം യാത്ര ചെയ്യാൻ ഒപ്പം കൂടിയ ക്രിസ്തു .
ഗത് സെമനിയിൽ ഒറ്റപ്പെടുത്തി ഓടിപ്പോയവരുടെ അടുത്തേക്ക് മരണത്തെ തോൽപ്പിച്ച സ്നേഹവുമായി അരികത്തണയുമ്പോൾ ക്രിസ്തുവിന് ലഭിക്കുന്നത് ജീവിതവ്യഗ്രതയിൽ കുതിർന്ന ഉത്തരങ്ങൾ .
ഓരോ ദിവ്യബലിയിലും ദിവ്യകാരുണ്യമായി അവൻ നമ്മെ തേടി വരുമ്പോൾ നമ്മളും ജീവിതവ്യഗ്ര തയിൽ കുതിർന്ന ഉത്തരങ്ങളാണോ നൽകുന്നത് ..?
നാം ഉരുവിടുന്ന പ്രാർത്ഥനയിൽ ജീവിതവ്യഗ്രത കുതിർന്ന വാക്കുകളാണോ ഉള്ളത് ..?മുടങ്ങണ്ട എന്ന് വിചാരിച്ചു എങ്ങനെയെങ്കിലും
കണ്ടു തീർക്കുന്ന പങ്കാളിത്തമാണോ നമ്മുടെ ബലിയർപ്പണത്തിൽ …?
വ്യഗ്രതയുടെ മറുപടികളിലും കാരുണ്യത്തിന്റെ ദൈവികഭാവമാണ് ദിവ്യകാരുണ്യം. വ്യഗ്രത വളർത്തിയ ആത്മീയ വിളർച്ചയെ വിശ്വാസത്തിൻെറ ഉൾക്കണ്ണാൽ മറികടന്ന് സാക്ഷ്യ ജീവിതത്തിനായി തിരിച്ചുനടന്ന ക്രിസ്തു ശിഷ്യരെ പോലെ തിരിച്ചു നടക്കുക.
മാറ്റമില്ലാത്തവൻ വിളിക്കുന്ന മാറ്റത്തിന്റെ നാളുകളിലേക്ക് വിശുദ്ധ കുർബാനയും ദൈവവചനവും അനുഭവമാകട്ടെ ..
വ്യഗ്രതയെല്ലാം വിശ്വാസത്തിന് വഴിമാറട്ടെ.
(കടപ്പാട് ഫാദർ.നിഖിൽ തച്ചുപറമ്പിൽ )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.