അന്ത്യത്താഴത്തിനുശേഷം അമ്മയ്ക്കരികെ…
വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 16
ക്രിസ്തുവിൻ്റെ രക്ഷാകര പദ്ധതികളിലെല്ലാം അമ്മ മറിയത്തിന്,
നിർണ്ണായകമായ പങ്ക് ഉണ്ടായിരിക്കണം എന്നത് സ്വർഗ്ഗ പിതാവിൻ്റെ ഇഷ്ടമായിരുന്നു.
അന്ന് വൈകുന്നേരം ………
ആ മാളികമുറിയിൽ നിത്യ പുരോഹിതനായ ക്രിസ്തു ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയനുസരിച്ച് വിശുദ്ധ കുർബ്ബാന സ്ഥാപിച്ച അന്ത്യത്താഴ വേളയിൽ ഊട്ടു മുറിയിൽ സ്ത്രീ സാന്നിധ്യങ്ങൾ ഒന്നുമുണ്ടായിരുന്നതായി വിശുദ്ധ ഗ്രന്ഥം സാക്ഷൃപ്പെടുത്തുന്നില്ല എങ്കിലും തൻ്റെ മകനും ശിഷ്യഗണത്തിനും പെസഹായൊരുക്കുവാൻ അരങ്ങത്തില്ലങ്കിലും അണിയറയിൽ അമ്മ മറിയം ഉണ്ടായിരുന്നു എന്നു വിശ്വസിക്കാം.
ആ രാത്രി ……
അപ്പവും വീഞ്ഞും ആശീർവ്വദിച്ച് മുറിച്ച് തൻ്റെ ശരീരവും രക്തവും ആയി
പ്രിയശിഷ്യർക്കു വിളമ്പിയ ശേഷം,
യാത്ര ചോദിക്കാനായി ക്രിസ്തു
അമ്മയുടെ അരികിലേയ്ക്ക്….
അടുക്കളയുടെ സ്വകാര്യതയും ജപമണികളിൽ തളരാത്ത കരങ്ങളുടെ സുകൃതവുമായി മറിയം മകനു മുന്നിൽ…!
ജിവിത യാത്ര
കാൽവരി ലക്ഷ്യമാക്കി തന്നെയായിരുന്നു അവനും.
സഹനത്തിൻ്റെ ചൂളയിൽ യാത്ര കാൽവരിയൊളമെത്തുമ്പോൾ
അമ്മയുടെ ഓർമ്മകളിൽ മനസ്സിടറി…..
ചേർത്തുപിടിച്ചാശ്വസിപ്പിക്കാൻ അമ്മയുടെ സാന്നിധ്യം വേണം.
കാലിത്തൊഴുത്തിലും കാൽവരിയിലേക്കുള്ള കദന ചൂളയിലും അമ്മ മടിത്തട്ട് അവനെ കുളിരണിയിക്കുന്നുണ്ട്.
തീവ്രസ്നേഹത്താടെ അമ്മയുടെ കവിളുകളിലൂടെ വിരൽ തഴുകി
മൂകമായി അന്ത്യയാത്രപറയുമ്പോൾ…….
അവൻ്റെ കണ്ണുകളിലെ കദനത്തിൻ്റെ ആഴവും പരപ്പും…..,
നെഞ്ചിടിപ്പിൻ്റെ താളം തെറ്റുന്നതും ….
ആ സ്നേഹത്തണലിലും അമ്മ മറിയം തിരിച്ചറിഞ്ഞു.
അമ്മയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചുവെന്ന് തിരുവെഴുത്ത്.
ചിങ്കലേക്ക് വാളുകണക്കെ സഹനം തറഞ്ഞപ്പോഴും (ലൂക്കാ 2:35),
നഷ്ട ദുഃഖത്തിൻ്റെ ഭ്രമങ്ങളൊക്കെയും
കൊട്ടിഘോഷിക്കാതെ ഉള്ളിലൊതുക്കിയപ്പോഴും (ലുക്കാ 2:49)
നാമതു കാണുന്നു.
അവളുടെ സ്വകാര്യ ദുഃഖങ്ങളുടെ സൂക്ഷിപ്പ് കാൽവരിയോളം എത്തി നിൽക്കുന്നു.
മുറിവേറ്റ കുഞ്ഞാട് ഇടയനോടെന്ന പോലെ സഹനം നമ്മെ ദൈവത്തോടടുപ്പിക്കും.
ജീവിതയാത്രയിൽ ഒന്നിനെയും വകവയ്ക്കാതെ, ഒരാൾക്കും പിടികൊടുക്കാതെ ഓടുന്നതിനിടയിൽ….
ഈ ആയുസ്സിൻ്റെ അർത്ഥവും നിയോഗവും വിശുദ്ധിയുമൊക്കെ നശിച്ചുപോകും.
ഉയിരേകിയവൻ്റെ ഉയിരായി മാറും വരെ ഉടയവനാൽ ഉരുക്കിവാർക്കപ്പെടണം ഓരോ ജീവിതവും
തീയിലെറിയാതെ സ്വർണം മാറ്റുള്ള താകില്ല. ശുദ്ധീകരിക്കപ്പെടാതെ മനുഷ്യൻ അമൂല്യനുമാകില്ല.
എല്ലാ വിശുദ്ധ സ്നേഹത്തിലും ഒരു സഹനമുണ്ട്. വിശുദ്ധ മദർ തെരേസ പറയുന്നത് “സഹനം എന്നത് ക്രിസ്തുവിന് ചുംബിക്കാനുള്ള അകലത്തിൽ നിങ്ങളെത്തി എന്നതിൻ്റെ അടയാളമാണ്. ” എന്നാണ്.
കടലിന് മണലുകൊണ്ട് അതിർത്തി നിശ്ചയിച്ചു വച്ചിരിക്കുന്ന ദൈവം നിൻ്റെ സഹനത്തിനും അതിരു വച്ചിട്ടുണ്ട്.
സഹനം രക്ഷാകരമാകുന്നത്
രക്ഷകൻ്റെ കുരിശിൻ്റെ ലക്ഷ്യവും
നിൻ്റെ സഹനത്തിൻ്റെ ലക്ഷ്യവും ഒന്നാകുമ്പോഴാണ്.
ജീവിത സഹനങ്ങളെയും ദുഃഖങ്ങളെയും
പരിഭവമായി പുറത്ത് പറഞ്ഞ്,
ക്രിസ്തുവിൻ്റെ പീഡകളിൽ പങ്കുകാരാകാനുള്ള കൃപ നഷ്ടപ്പെടുത്തുന്ന എന്നെയും നിന്നെയും അമ്മ മറിയം
ഒരു നിഴൽ പോലെ ഇന്നും പിന്തുടരുന്നു……
അവൾ സ്വന്തമാക്കിയ കൃപയുടെ
ഒരോഹരി പങ്കുവയ്ക്കാൻ.
~ Jincy santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.