ശിഷ്യത്വത്തിന്റെ ഉള്‍വഴികളിലേക്ക്

ക്രിസ്തുവിൻ്റെ ശിഷ്യത്വം ആഗ്രഹിച്ച്, തൻ്റെ പുത്രധർമ്മം നിറവേറ്റാൻ
പിതാവിനെ സംസ്കരിക്കാൻ അനുവാദം ചോദിക്കുന്ന യുവാവിനെ ലൂക്കാസുവിശേഷകൻ നമുക്കു പരിചയപ്പെടുത്തുന്നുണ്ട്.
(ലൂക്കാ 9 )
ക്രിസ്തുവിൻ്റെ സുവിശേഷം
നിനക്കു മുമ്പിൽ വയ്ക്കുന്ന വെല്ലുവിളി സ്വീകരിക്കുക അത്ര എളുപ്പമല്ല.
പൂർണ്ണമനസ്സോടും പൂർണ്ണഹൃദയത്തോടും സർവ്വശക്തിയോടും കൂടി ദൈവത്തെ സ്നേഹിക്കുന്നുവെന്നു പറയുന്നവൻ,
ഉറ്റവരെ മറന്നും ഉടയവനെ പിഞ്ചെല്ലണം.
തൻ്റെ തിടുക്കമാർന്ന ശിഷ്യത്വത്തിന് ക്രിസ്തുവിൻ്റെ മുൻപിൽ ആ യുവാവ് പരാജയപ്പെട്ടു.
വിശുദ്ധിയെന്നാൽ കല്പനകൾ പാലിക്കുക എന്നു മാത്രം തെറ്റിദ്ധരിച്ചവർക്ക് പറ്റിയ അബദ്ധമാണിത്.
ദൈവഹിതം നിറവേറ്റാൻ ആഗ്രഹത്തിനൊത്ത ആവേശം മാത്രം പോരാ…..അനുതാപത്തിനൊത്ത ആത്മസമർപ്പണം കൂടി ആവശ്യമാണ്.
ലോകത്തിൻ്റെ നശ്വരതകളെ സ്നേഹിക്കുന്നവന് ദൈവഹിതം തിരിച്ചറിയുക ക്ലേശകരമാണ്.
ക്രിസ്തു തൻ്റെ പരസ്യ ജീവിതം ലോകത്തോട് ചേർന്ന് ജീവിച്ചത് കേവലം മൂന്നു വർഷം മാത്രമാണ്.
മുന്നൂറു മൈലിൽ താഴെ മാത്രമേ അവൻ യാത്ര ചെയ്തിട്ടുള്ളൂ.
വളരെ കുറച്ച് പേരെ മാത്രമേ അവൻ കണ്ടുമുട്ടിയിട്ടുള്ളൂ.
എങ്കിലും…, ദൈവഹിതം പൂർണ്ണതയിൽ നിറവേറ്റി.
ജീവിതത്തിൻ്റെ ദൈർഘ്യമോ, പ്രവൃത്തികളുടെ വലുപ്പമോ ,
ബന്ധങ്ങളുടെ കടമകളോ ഒന്നും ദൈവഹിതത്തിൻ്റെ മാനദണ്ഡങ്ങളല്ല.
ശിഷ്യത്വത്തിൻ്റെ മൂല്യം നിശ്ചയിക്കുന്നത് വിളിച്ചവനോടുള്ള വിശ്വസ്തതയിൽ
നീ നിലനിന്നോ എന്നതിലാണ്.
“നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ കൂടുതൽ ഉത്സാഹമുള്ളവരായിരിക്കുവിൻ.
ഇങ്ങനെ ചെയ്താൽ ഒരിക്കലും നിങ്ങൾ വീണുപോവുകയില്ല.”
( 2 പത്രോസ് 1 :10 )
ഒരു ഓർമ്മപ്പെടുത്തൽ കൂടിയുണ്ട് ….
ക്രിസ്തുവി൯െറ അത്ഭുതങ്ങൾ കണ്ടിട്ട്…,
അവനെ അനുഗമിക്കുന്ന ആളുകളുടെ എണ്ണം കണ്ടിട്ട്…,
ഒരാവേശത്തിന് നീ ക്രിസ്തുവിനെ അനുഗമിക്കരുത്.
ഉറ്റവരാൽ ഒറ്റി കൊടുക്കപ്പെടുന്ന…
ഗത്സമനിയിൽ നോമ്പര തീയിൽ ചോര വിയർക്കുന്ന ….
കൊട്ടാരമുറ്റത്തു കിടന്ന് അടിയേറ്റ് പിടയുന്ന ..
നഗ്നനായി കുരിശിൽ കിടന്ന് നിലവിളിക്കുന്ന….
ശിഷ്യത്വത്തി൯െറ രാപകലുകൾ കണ്ടിട്ടേ ,
നീ ദൈവ ശുശ്രൂഷയ്ക്ക് പുറപ്പെടാവൂ.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.