കുടയാകുകയെന്നാല്‍…
കുട ഒരു സംരക്ഷണമാണ്.
കോരിച്ചൊരിയുന്ന മഴയിലും
വെയിലിൻ്റെ ക്രൂരതയും തടഞ്ഞു നിർത്താൻ
കെൽപ്പുള്ള ഒരു ശീല.
എന്നാൽ സുരക്ഷിതത്വത്തിൻ്റെ മേൽക്കൂരകൾക്കു പുറത്തു മാത്രമേ
എന്നും ഈ കുടകൾക്ക് സ്ഥാനമുള്ളു.
ആത്മീയതയിൽ ധ്യാനിക്കുമ്പോൾ പലപ്പോഴും ദൈവം ഒരു കുടയായിത്തീരുന്നുണ്ട്.
സംരക്ഷണം നൽകുകയും എന്നാൽ
സുരക്ഷിത കാലത്ത് പിന്നാമ്പുറങ്ങളിൽ
ഉപേക്ഷിക്കപ്പെടുന്നതുമായ ഒരു കുട.
ജീവിത വഴികളിലെ മഴക്കാറ് നീങ്ങുമ്പോൾ,
മേൽക്കൂരകളുടെ നടുവിലും
സമൃദ്ധിയുടെ പിറകെയുള്ള പരക്കംപാച്ചിലും
മറന്നു പോകുന്ന ദൈവമാകുന്ന
നിൻ്റെ സംരക്ഷണ കുട.
സന്ദർശന മുറികളിൽ പ്രദർശിപ്പിച്ചില്ലെങ്കിലും
ചില്ലുകൂടുകളിൽ സംരക്ഷിച്ചില്ലെങ്കിലും
കുടയെ നിൻ്റെ കൂടെ കൊണ്ടു നടക്കാൻ മറക്കരുത്.
അതേ ….
ദൈവത്തെ നിൻ്റെ ഹൃദയത്തോട്
ചേർത്തുനിർത്താൻ മറക്കാതിരിക്കുക.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.