കാരുണ്യം കാണിച്ച് കടക്കാരനായവന്‍
മുറിവേറ്റവനെ വീണിടത്തു നിന്ന് എഴുന്നേല്പിച്ചത് കാരുണ്യം…..,
അവന് അവശ്യം വേണ്ട ശുശ്രൂഷകൾ അമാന്തം കൂടാതെ നൽകിയത് കാരുണ്യം…
അവനെ കഴുതപ്പുറത്തേറ്റി സത്രത്തിലെത്തിച്ചത് കാരുണ്യം…,
സത്രം സൂക്ഷിപ്പുകാരന് തൻ്റെ കൈയ്യിലുള്ളതൊക്കെ കൊടുത്തതും കാരുണ്യം…,
എന്നിട്ടും കരുണയുടെ ഉറവ വറ്റാതെ മുറിവേറ്റവൻ്റെ ‘നാളെ ‘കളിലേക്ക്
“അധിക ചിലവ് വരുന്നത് തിരികെ വരുമ്പോൾ തരാം”
എന്നു പറഞ്ഞു കാരുണ്യം കാണിച്ചു
കടക്കാരനായവൻ നല്ല ശമരിയാക്കാരൻ.
ഇന്ന് കാരുണ്യ പ്രവൃത്തികൾ കേവലം
ഒരു ദിവസത്തെ ആഘോഷമാണ്.
പത്രത്തിലും സോഷ്യൽ മീഡിയയിലും വാർത്ത….
ഫ്ലെക്സ് അടിച്ചു കഴിയുന്നിടത്തൊക്കെ വച്ച് പരസ്യം….
‘കാരുണ്യം’ ഏറ്റുവാങ്ങിയ വനുമൊത്തൊരു സെൽഫി……
ഏറ്റുവാങ്ങിയവൻ്റെ നാളെ കളെകുറിച്ച് ആകുലതയില്ലാതെ….
ഒടുവിൽ….. കാരുണ്യം കാട്ടിയവരൊക്കെ ചേർന്ന് രാത്രി വിരുന്ന്.
കനിവു യാചിച്ചവന് കരുതലോടെ കടക്കാരനായ നല്ല ശമരിക്കാരനെ പോലെ
അപരൻ്റെ ജീവിതത്തിന് തുണപോകുന്ന
കാരുണ്യത്തിൻ്റെ കൈത്താങ്ങാവാൻ
കഴിയുമ്പോഴാണ് നമ്മുടെ കാരുണ്യ പ്രവൃത്തികൾ അർത്ഥവത്താകുന്നത്.
“നീ ധർമദാനം ചെയ്യുമ്പോൾ അത് രഹസ്യമായിരിക്കേണ്ടതിന്,
നിൻ്റെ വലത്തു കൈ ചെയ്യുന്നത്
ഇടത്തു കൈ അറിയാതിരിക്കട്ടെ.”
( മത്തായി 6 : 3 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.