ദുരിതങ്ങള്‍ അനുഗ്രഹമാക്കുക
കുറവുകളെ ലോകം വിലയിരുത്തുന്നതും ,
ദൈവം കാണുന്നതും വ്യത്യസ്ത രീതിയിലാണ്.
സക്കേവൂസിൻ്റെ പൊക്ക കുറവാണ് അവനെ സിക്കമൂർ മരക്കൊമ്പിലെത്തിച്ചത്.
അവിടെ വച്ച് അവൻ യേശുവിനെ കണ്ടു.അത് അവന് രക്ഷയ്ക്ക് കാരണമായി.
ലോകത്തിൻ്റെ കണ്ണിൽ നിസ്സാരരായ മുക്കുവരും ചുങ്കക്കാരും ആയ പാപികൾ യേശുവിൻ്റെ വിളിയ്ക്ക് യോഗ്യമാം വിധം അനുസരിച്ചു.
അവർ അവൻ്റെ ശിഷ്യരായി. രക്ഷാകര ചരിത്രത്തിൻ്റെ ഭാഗമാവുകയും ചെയ്തു.
പാപിനിയായ സ്ത്രീയെ മനുഷ്യരോടൊത്ത് യേശു വിധിച്ചില്ല.
അവളുടെ അനുസരണം മൂലം അപ്പസ്തോലന്മാരുടെ അപ്പസ്തോലയായി ഉയർത്തി മാലാഖമാരുടെ ചിറകിലേറ്റി.
മോശ വിക്കനും കൊലപാതകിയും ആയിരുന്നു.
ദാവീദ് ആട്ടിടയ ബാലനും ബലഹീനനും ആയിരുന്നു.
റാഹാബ് വേശ്യാ സ്ത്രീയായിരുന്നു.
മനുഷ്യരുടെ കുറവുകളിലേക്ക് നോക്കാത്ത കർത്താവ് അവരെയെല്ലാം വലിയ ദൗത്യങ്ങൾ ഭരമേല്പിച്ചു അവിസ്മരണീയരാക്കി.
സക്കേവൂസ് എന്ന ചുങ്കക്കാരനിൽ ലോകം ഒരു പിടിച്ചുപറിക്കാരനെ കണ്ടു. എന്നാൽ യേശു അവനിൽ ഒരു ദാനശീലനെ കണ്ടു.
പാപിനിയായ മറിയം മഗ്ദലനയിൽ ലോകം അശുദ്ധി മാത്രം കണ്ടപ്പോൾ ,
യേശു അവളിലെ വിശുദ്ധിക്കു വേണ്ടി ദാഹിക്കുന്ന ഹൃദയം കണ്ടു.
സമറിയാക്കാരി സ്ത്രീയിൽ ലോകം ഒരു ദുർനടപ്പുകാരിയെ കണ്ടപ്പോൾ ,
യേശു അവളിൽ തീക്ഷണമതിയായ ഒരു സുവിശേഷകയെ കണ്ടു
തിരിച്ചറിയുക…..
നിൻ്റെ കുറവുകളും ബലഹീനതകളുമാണ് യേശുവിൻ്റെ ശ്രദ്ധ നിന്നിലേയ്ക്കാകർഷിക്കുന്നത്.
നിൻ്റെ കുറവുകളെ, ദുരിതങ്ങളെ യേശുവിനടുത്തെത്താനുള്ള ഉപാധികളാക്കുക.
നീ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും നിന്നെത്തന്നെ ഉയർത്താനുള്ള ഏണിപ്പടികളാണ് ഇന്നത്തെ സഹനാവസ്ഥ എന്നു തിരിച്ചറിയുക.
ഓർക്കുക…. മുറിവേറ്റ ആടിനെയാണ്
നല്ലിടയൻ തോളിലേറ്റിയത്.
നീ എന്താണന്നല്ല കർത്താവ് നോക്കുന്നത്….
നിന്നെ എന്താക്കാം എന്നാണ്.
” അവൻ്റെ കഷ്ടതയിൽ ഞാൻ അവനോട് ചേർന്നു നില്ക്കും.”
( സങ്കീർത്തനങ്ങൾ 91 : 15 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.